34.6 C
Iritty, IN
March 2, 2024
  • Home
  • Iritty
  • വേനൽ കത്തുമ്പോഴും കണ്ണിനും മനസ്സിനും കുളിരേകി പഴശ്ശി ജലാശയം
Iritty

വേനൽ കത്തുമ്പോഴും കണ്ണിനും മനസ്സിനും കുളിരേകി പഴശ്ശി ജലാശയം

ഇരിട്ടി : കനത്ത വേനലിൽ മുന്പെങ്ങുമില്ലാത്ത വിധം ചുട്ടു പൊള്ളുകയാണ് നാടും നഗരവും. ചെറുതും വലുതുമായ എല്ലാ ജലസ്ത്രോതസ്സുകളും വരണ്ടുണങ്ങിക്കഴിഞ്ഞു. വരൾച്ചയുടെ രൂക്ഷതയിൽ വരണ്ടുണങ്ങിയ കാടുകളിൽ നിന്നും ഒരിറ്റു ദാഹജലം തേടി വന്യമൃഗങ്ങൾ നാടുകളിലേക്കിറങ്ങുന്നു. സൂര്യതാപമേറ്റ് ജനങ്ങൾ തളർന്നു വീഴുന്നു. എന്നാൽ ഒരു ജില്ലയുടെ മുഴുവൻ ദാഹജല ദായിനിയായി പഴശ്ശി ജലാശയം ഇന്നും ജലസമൃദ്ധം . നാടും നഗരവും പച്ചപ്പ്‌ നഷ്ടപ്പെട്ട് കരിഞ്ഞുണങ്ങി നിൽക്കുമ്പോൾ പഴശ്ശി ജലാശത്തെ ഉൾക്കൊള്ളുന്ന ഏക്കർ കണക്കിന് പ്രദേശങ്ങൾ കുളിരിന്റെ പച്ചക്കുട നിവർത്തി നിൽക്കുകയാണ്.
1979 ൽ അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായി ഒരു ജലസേചന പദ്ധതി എന്ന നിലയിലാണ് പഴശ്ശിയെ നാടിന് സമർപ്പിച്ചത്. അന്നത്തെ തലശ്ശേരി താലൂക്കിലേയും മാഹിയിലേയും 28,480 ഏക്കർ വരുന്ന ഭൂമിയെ ഇതിലെ ജലം ഉപയോഗിച്ച് മൂന്നാം വിളയിലൂടെ കൃഷി സമൃദ്ധമാക്കുക എന്നതായിരുന്നു ലക്‌ഷ്യം. എന്നാൽ പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ലക്‌ഷ്യം കാണാതായ പദ്ധതിയിൽ നിന്നും ജലസേചനം എന്ന ലക്‌ഷ്യം മാറ്റി വെച്ചു. ഏതാണ്ട് മുപ്പതാണ്ട് തികയുന്ന നേരത്താണ് ഇതിനെ ഒരു കുടിവെള്ള പദ്ധതി എന്ന നിലയിൽ മാറ്റിയെടുക്കുന്നത് .
ഇന്ന് കണ്ണൂർ ജില്ലക്കാകെ ദാഹജലദായിനിയാണ് പഴശ്ശി. മുപ്പതിലധികം പഞ്ചായത്തുകൾക്കും കണ്ണൂർ കോർപ്പറേഷനും, അഞ്ച് നഗരസഭകൾക്കും ഇന്ന് പഴശ്ശി ജലം നൽകുന്നു. ജപ്പാൻ സഹായത്തോടെ നിർമ്മിച്ച തളിപ്പറമ്പ്, ആന്തൂർ നഗരസഭകൾക്ക് കുടിവെള്ളം നൽകുന്ന പട്ടുവം പദ്ധതി, കണ്ണൂർ പട്ടണ പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കുന്ന കൊളച്ചേരി പദ്ധതി, തലശ്ശേരി മേഖലക്ക് കുടിവെള്ളം നൽകുന്ന അഞ്ചരക്കണ്ടി പദ്ധതി തുടങ്ങി ആറോളം വൻ കുടിവെള്ള പദ്ധതികളാണ് പഴശ്ശിയെ ആശ്രയിച്ചു ഇന്ന് നിലനിൽക്കുന്നത്. കണ്ണൂർ വിമാനത്താവളത്തിന്റെ പ്രധാന ജലസ്ത്രോതസ്സും ഇത് തന്നെ. ഇരിട്ടി , മട്ടന്നൂർ നഗരസഭകളിൽ കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തിയും അവസാന ഘട്ടത്തിലാണ്.
കുടക് , വയനാട് ബ്രഹ്മഗിരി മലകളിൽ നിന്നും ഉദ്ഭവിച്ച് മഴ നിൽക്കുന്നതോടെ വളപട്ടണത്തുകൂടി കടലിലേക്ക് ഒഴുകിപ്പോകുമായിരുന്ന ബാവലി , ബാരാപ്പോൾ തുടങ്ങിയ ആറോളം വലുതും ചെറുതുമായ നദികളിലെ വെള്ളമാണ് വെളിയമ്പ്രയിലുള്ള പഴശ്ശി അണക്കെട്ടിൽ ശേഖരിച്ചു വെക്കുന്നത്. അഞ്ചു കോടിയിൽ തുടങ്ങി ഇരുന്നൂറു കോടിയിലേറെ ചെലവഴിച്ചിട്ടും എങ്ങു മെത്താതിരുന്ന പദ്ധതിയെ ഈ മേഖലയിലെ ജനങ്ങൾ പഴിക്കുന്ന ഒരു കാലമുണ്ടായിരുന്നു.
പദ്ധതി ഉദ്ഘാടനം ചെയ്ത് ഏതാനും വർഷങ്ങൾക്കുള്ളിൽ ചോർന്നൊലിക്കാൻ തുടങ്ങിയ ഷട്ടറുകളായിരുന്നു ആദ്യ പ്രതിസന്ധി. നാടുമുഴുവൻ തലങ്ങും വിലങ്ങും വെട്ടിക്കീറി നിർമ്മിച്ച കനാലുകൾ വെള്ളമൊഴുക്കാൻ കഴിയാതെ ഉപയോഗ ശൂന്യമായതോടെ ജനങ്ങൾക്ക് ഇത്തരം കനാലുകൾ മേഖലയിലെ ജനങ്ങൾക്ക് ഒരു ബാദ്ധ്യതയായി മാറി. സാമൂഹ്യദ്രോഹികൾ മാലിന്യങ്ങൾ കൊണ്ടുതള്ളാനുള്ള ഇടമാക്കി ഇത്തരം കനാലുകളെ മാറ്റി. 2013 ൽ തുരുമ്പിച്ചു നശിച്ച ഷട്ടറുകൾ തുറക്കാൻ കഴിയാതെ പഴശ്ശി അണക്കെട്ട് തീർത്ത പ്രളയം ഇരിട്ടി പട്ടണമടക്കമുള്ള പ്രദേശങ്ങളെ വെള്ളത്തിൽ മുക്കി. നിരവധി പ്രദേശങ്ങളും കൃഷിയിടങ്ങളും , വീടുകളും, കെട്ടിടങ്ങളും പഴശ്ശി തീർത്ത പ്രളയത്തിൽ നശിച്ചു. പഴശ്ശിയുടെ മെയിൻ കനാലുകളെയും പ്രളയം തകർത്തു.
പഴശ്ശിയെ എഴുതിത്തള്ളിയ അധികാരികളുടെയും ഗവർമ്മെണ്ടിന്റെയും കണ്ണ് തുറപ്പിക്കാൻ ഈ പ്രളയം കാരണമായി എന്നത് യാഥാർഥ്യം. ഇതോടെ കൺതുറന്ന അധികാരികളും ഗവർമെണ്ടും ഒരു പുനർചിന്തനത്തിന് വിധേയമായി പദ്ധതിയുടെ 16 ഷട്ടറുകളും പുതുക്കി നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഷട്ടറുകളിലെ ചോർച്ച പൂർണ്ണമായും നിർത്താനാവുകയും പദ്ധതിയുടെ സംഭരണശേഷിയായ 26. 52 മീറ്ററിൽ വെള്ളം സംഭരിച്ചു നിർത്തുന്നതിന് പ്രാപ്തമാവുകയും ചെയ്തു. ഇതോടൊപ്പം മുൻപ് പ്രളയം തകർത്ത കനാലുകളും പുനർ നിർമ്മിച്ച് തുടങ്ങി. കഴിഞ്ഞ ദിവസം നടത്തിയ പുനർ നിർമ്മിച്ച കനാലിലൂടെ യുള്ള വെള്ളമൊഴുക്കൽ ട്രയൽ റൺ വിജയകരമായിരുന്നു.
ഇപ്പോൾ കടുത്ത വേനലിലും ജലസമൃദ്ധമായി നിൽക്കുന്ന പഴശ്ശി ഇതുവരെ പദ്ധതിയെ പഴിച്ചവർക്കെല്ലാം മറുപടി നൽകുകയാണ്. ചുറ്റുമുള്ള പുഴകളും അരുവികളുമെല്ലാം ശോഷിച്ച് വറ്റിവരണ്ടുണങ്ങി ക്കിടക്കുമ്പോൾ കണ്ണിന് കുളിരേകി നിറഞ്ഞുകിടക്കുന്ന പഴശ്ശി ജലാശയം മേഖലയിലെ ജനങ്ങൾക്ക് ചെറുതായൊന്നുമല്ല പ്രയോജനപ്പെടുന്നത് . മേഖലയിലെ ഉയർന്ന പ്രദേശങ്ങളിലൊഴികെയുള്ള കിണറുകളിലെ ജലം ഒരു പരിധിവരെ ഇത് ജലസമൃദ്ധമാക്കുന്നു. പക്ഷികൾക്കും , മൃഗങ്ങൾക്കും ദാഹദായിനിയായി നിൽക്കുന്നു. അതേസമയം പഴശ്ശി ജലാശയത്തെ കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതികളും വിഭാവനം ചെയ്തു വരുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഉദ്‌ഘാടനം ചെയ്യപ്പെട്ട പെരുമ്പറമ്പിലെ ഇരിട്ടി ഇക്കോ പാർക്ക് ഇതിന്റെ തുടക്കമായി കണക്കാക്കാം. ഏക്കർ കണക്കിന് വരുന്ന പച്ചത്തുരുത്തുകളും ജലാശയവും ഉൾപ്പെടുത്തി പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതികളൊരുക്കിലായാൽ ജില്ലയിലെ ആകർഷണീയ ടൂറിസം മേഖലയാക്കി ഇതിനെ മാറ്റാനാവും. ഇത് ഈ മേഖലയിലെ ജനങ്ങൾക്കും ഏറെ അനുഗ്രഹമായി മാറും

Related posts

കരിന്തളം – വയനാട് 400 കെ വി ലൈൻ മരം മുറി മൂല്യനിർണയത്തിന് എത്തിയ കെഎസ്ഇബി സംഘത്തെ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

Aswathi Kottiyoor

ഇരിട്ടി പയഞ്ചേരിയില്‍ ട്രാഫിക് സിഗ്‌നല്‍ സ്ഥാപിച്ചു……….

Aswathi Kottiyoor

പടിയൂരിൽ ഇക്കോ പ്ലാന്റ് ടൂറിസം പദ്ധതി ഒരുങ്ങുന്നു

WordPress Image Lightbox