രണ്ടാം പിണറായി സർക്കാറിന്റെ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി കൃഷി വകുപ്പ് വിവിധ വകുപ്പുകളുടെ സഹായത്തോടെ നടപ്പാക്കുന്ന ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന തുടർ പദ്ധതി ജില്ലയിൽ വിപുലമായി നടപ്പാക്കാൻ ഏകോപന നിർവ്വഹണ സമിതികളുടെ സംയുക്ത യോഗം തീരുമാനിച്ചു. എം എൽ എ മാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ വി സുമേഷ് എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. പദ്ധതിയുടെ വിജയത്തിനായി ജില്ലാ കാർഷിക വികസന സമിതി, കൃഷിഭവൻ തലത്തിലുള്ള കർഷക സമിതികൾ, വിവിധ വകുപ്പുകൾ എന്നിവയുടെ സഹായം തേടാനും യോഗത്തിൽ തീരുമാനമായി.
മുഴുവൻ കേരളീയരിലും കാർഷിക സംസ്‌കാരം ഉണർത്തുക, സ്ഥായിയായ കാർഷിക മേഖല സൃഷ്ടിക്കുക, വിഷരഹിത സുരക്ഷിത ഭക്ഷണ സ്വയം പര്യാപ്തത കൈവരിക്കുക, കാർഷിക കൂട്ടായ്മയിലൂടെ ഒരു ലക്ഷം തൊഴിലവസരങ്ങൾ കാർഷിക മേഖലയിൽ സൃഷ്ടിക്കുക തുടങ്ങിയവയാണ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ലക്ഷ്യം. ജില്ലാ തലത്തിൽ തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പു മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷനും ജില്ലാ കലക്ടർ കൺവീനറും പ്രിൻസിപ്പൽ കൃഷി ഓഫീസർ ഉപ കൺവീനറും ജില്ലയിലെ എംഎൽഎമാർ, എംപിമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, മേയർ, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ എന്നിവർ അംഗങ്ങളുമായ ഏകോപന സമിതിയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയും പ്രിൻസിപ്പൽ കൃഷി ഓഫീസർ കൺവീനറും ആത്മപ്രൊജക്റ്റ് ഡയരക്ടർ ഉപ കൺവീനറും ജില്ലാതല വകുപ്പ് തലവന്മാർ അംഗങ്ങളുമായ നിർവ്വഹണ സമിതിയും പദ്ധതിക്കായി പ്രവർത്തിക്കും.
പ്രാദേശിക തല സമിതിയും വാർഡു സമിതികളും താഴെ നട്ടിൽ പ്രവർത്തിക്കും. സമയബന്ധിതമായി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ജില്ലയിലെ മുഴുവൻ കുടുംബങ്ങളേയും വകുപ്പുകളേയും കാർഷിക വൃത്തിയുടെ ഭാഗമാക്കി മാറ്റുകയാണ് ലക്ഷ്യം. യോഗത്തിൽ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ പ്രതിനിധി ഓൺലൈനായി പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വി ശിവദാസൻ എം പി യുടെ പ്രതിനിധി സി സംനേഷ്, കെ സുധാകരൻ എംപിയുടെ പ്രതിനിധി കെ സി വിജയൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ പി അനിത, കൃഷി ഡെപ്യൂട്ടി ഡയരക്ടർ എ ആർ സുരേഷ്, വിവിധ വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.