23.6 C
Iritty, IN
October 3, 2023
  • Home
  • kannur
  • മൺമറഞ്ഞ ചലച്ചിത്ര പ്രവർത്തകർക്ക് ആദരമർപ്പിച്ച് തലശ്ശേരിയിലെ രാജ്യാന്തര ചലച്ചിത്ര മേള
kannur

മൺമറഞ്ഞ ചലച്ചിത്ര പ്രവർത്തകർക്ക് ആദരമർപ്പിച്ച് തലശ്ശേരിയിലെ രാജ്യാന്തര ചലച്ചിത്ര മേള

തലശ്ശേരിയിൽ നടക്കുന്ന ഇരുപത്തിയഞ്ചാമത് ചലച്ചിത്ര മേളയിൽ കഴിഞ്ഞ വർഷം  മൺമറഞ്ഞ ചലച്ചിത്ര രംഗത്തെ പ്രമുഖർക്ക് ആദരമർപ്പിച്ചു.  മേളയുടെ  വേദിയായ ലിബർട്ടി തിയേറ്റർ കോംപ്ലക്സിലെ പ്രത്യേക വേദിയിലായി രുന്നു ചലച്ചിത്ര പ്രവർത്തകരെ  അനുസ്മരിച്ചത്. ദേശാടനത്തിലൂടെ മലയാളിയുടെ മനസ്സിൽ മുത്തശ്ശനായി ചേക്കേറിയ ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ ദേശാടനത്തിന്റെ സംവിധായകൻ ജയരാജ്‌ അനുസ്മരിച്ചു. ആദ്യ കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ ഒരാളായിരുന്നു ഉണ്ണി കൃഷ്ണൻ നമ്പൂതിരി, അദ്ദേഹത്തെ പോലുള്ള ആളുകൾ പുതുതലമുറയ്ക്ക് പ്രചോദനം നൽകുന്ന ആളാണെന്നും ജയരാജ് പറഞ്ഞു. സംഗീത സംവിധായകൻ ഐസക് തോമസ് കോട്ടുകപ്പള്ളിയെ സംവിധായകൻ സന്തോഷ്‌ മണ്ടൂർ അനുസ്മരിച്ചു. സംഗീത ലോകത്ത് ശബ്ദത്തെ മനോഹരമായി ഉപയോഗിച്ചിരുന്ന ആളായിരുന്നു ഐസക് തോമസ് എന്ന് അദ്ദേഹം അനുസ്മരിച്ചു. സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി, അഭിനേതാവ് അനിൽ നെടുമങ്ങാട്  രാജ്യാന്തര ചലച്ചിത്ര മേളകളിലൂടെ തന്നെ മലയാളി പ്രേക്ഷകർക്ക്  സുപരിചിതരായ  കിം കി ഡുക്, ഫെർണാണ്ടസ് സൊളാനസ്‌, സൗമിത്ര ചാറ്റർജി ഓസ്‌ക്കാർ ഇന്ത്യയിലേക്കെത്തിച്ച വസ്ത്രാലങ്കാരിക ഭാനു അത്തയ്യ എന്നിവരെയും മേളയിൽ അനുസ്മരിച്ചു.

പരിപാടിയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സെക്രട്ടറി സി അജോയ്,  ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മകൻ ഭവദാസൻ തുടങ്ങിയവർ പങ്കെടുത്തു.

അയ്യപ്പനും കോശിയും, ചാരുലത, അഗ്രഹാരത്തിലെ  കഴുത, കരി, മുൾക്ക്, നാഗ്രിക്ക്,  കിസ, സൗത്ത്, സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്‍ഡ് സ്പ്രിംഗ് എന്നീ ചിത്രങ്ങളാണ് മേളയിൽ ഹോമേജ് വിഭാഗത്തിൽ പ്രദർശനത്തിനുള്ളത്.

രണ്ടാം ദിനം കയ്യടക്കി  മത്സര ചിത്രങ്ങൾ…
തലശ്ശേരിയുടെ മനം കവർന്ന്  ചുരുളി

ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനം കയ്യടക്കി ചുരുളിയുൾപ്പടെ മത്സര ചിത്രങ്ങൾ. പ്രേക്ഷകർ ആകാംഷാപൂർവം കാത്തിരുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് ചുരുളി. തിരുവനന്തപുരത്തും, കൊച്ചിയിലും പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം തലശ്ശേരിയിലും തരംഗമായി. തെറ്റുകൾ ശരിയായും, ശരികൾ തെറ്റായും മാറിമറിയുന്ന സങ്കീർണമായ സംഭവ വികാസങ്ങളിലൂടെ കടന്നു പോകുന്ന ചുരുളിക്ക് മേളയുടെ തലശ്ശേരി പതിപ്പിൽ ലഭിച്ച സ്വീകാര്യത ചെറുതൊന്നുമല്ല. വൻ ജനത്തിരക്കാണ് ചുരുളിയുടെ പ്രദർശനത്തിന് അനുഭവപ്പെട്ടത്. മനസ്സിന്റെ അടിസ്ഥാന ചേതനകളാൽ ചുഴലുന്ന മനുഷ്യന്റെ കഥയാണ് ചുരുളിയുടെ ഇതിവൃത്തം.
ഒരു കുറ്റവാളിയെ പിടികൂടാനായി കാടിനുള്ളിലെ കുഗ്രാമത്തിലേക്ക് വേഷം മാറി പോകുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർ നേരിടുന്ന പ്രശ്നങ്ങൾ സിനിമ ചർച്ച ചെയ്യുന്നു.

മോഹിത് പ്രിയദർശി സംവിധാനം  ചെയ്ത ഹിന്ദി ചിത്രം കൊസ, അസർബൈജാനിയൻ ചിത്രം ബിലേസുവര്‍, വിയറ്റ്നാമീസ് ചിത്രം റോം , ബ്രസീലിയൻ ചിത്രം മെമ്മറി ഹൗസ്, മെക്സിക്കൻ ചിത്രം ബേർഡ് വാച്ചിങ് തുടങ്ങിയവയാണ് രണ്ടാം ദിനം പ്രദർശിപ്പിച്ച മറ്റ് മത്സര ചിത്രങ്ങൾ. മികച്ച പ്രേക്ഷക പ്രതികരണം നേടാൻ ഈ സിനിമകൾക്ക് കഴിഞ്ഞു.
മരണത്തെ പേടിയുള്ള മാർട്ടിൻ എന്ന എഴുത്തുകാരന്റെ ജീവിതത്തിലൂടെ  സഞ്ചരിച്ച വിപിൻ ആറ്റ്‌ലിയുടെ മ്യൂസിക്കൽ ചെയറും പ്രേക്ഷക ശ്രദ്ധ നേടി. കാമുകൻ ചതിച്ചതിനാൽ, അയാളെ കൊന്ന് പ്രതികാരം ചെയ്ത് സ്വന്തം വേരുകളിലേക്ക് മടങ്ങി പോകണമെന്ന മിത്തിൽ ജീവിക്കുന്ന അൺഡൈൻ എന്ന യുവതിയുടെ കഥ പറയുന്ന അൺഡൈൻ എന്ന ചിത്രവും നെവർ ഗൊണാ സ്‌നോ എഗൈൻ, ദ വുമൺ ഹു റാൻ, നോവേർ സ്പെഷ്യൽ, ഹൈ ഗ്രൗണ്ട്, എനദർ റൗണ്ട് എന്നിങ്ങനെ വ്യത്യസ്ത കഥകൾ പറയുന്ന ചിത്രങ്ങളുമാണ് ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ചത്.

അന്തരിച്ച സംവിധായകൻ കിം കി ഡുക്കിനോടുള്ള ആദരസൂചകമായി പ്രദർശിപ്പിച്ച സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്റര്‍ ആന്‍ഡ് സ്പ്രിംഗ് എന്ന ചിത്രവും പ്രേക്ഷകരുടെ മനം നിറച്ചു.

ഡോൺ പാലത്തറ സംവിധാനം ചെയ്ത 1956 , മധ്യതിരുവിതാംകൂറും ഗിരീഷ് കാസറവള്ളിയുടെ ഇല്ലിലാരെ അല്ലിഗ ഹോഗല്ലാരെയുമാണ് കലഡോസ്കോപ്പ് വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾ. ആകെ 24 സിനിമകളാണ് രണ്ടാം ദിനത്തിൽ പ്രദർശിപ്പിച്ചത്

Related posts

മ​ട്ട​ന്നൂ​രി​ൽ റ​വ​ന്യു ട​വ​ർ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ

തൊഴിലുറപ്പ് വേതനം ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിലൂടെ

𝓐𝓷𝓾 𝓴 𝓳

മാ​ങ്ങാ​ട്ടു​പ​റ​മ്പ് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യെ മി​ക​ച്ച​താ​ക്കും: എം.​വി. ഗോ​വി​ന്ദ​ന്‍

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox