അനുവദനീയമായതിലും ഉയർന്ന ശബ്ദത്തിൽ ലൗഡ്സ്പീക്കറുകൾ ഉപയോഗിക്കുന്ന കർണാടകത്തിലെ മോസ്കുകളുൾപ്പെടെ സംവിധാനങ്ങൾക്കു പോലീസിന്റെ നോട്ടീസ്. ബംഗളൂരു നഗരത്തിൽ മാത്രം 250 മോസ്കുകൾക്കു നോട്ടീസ് ലഭിച്ചു.
അനുവദനീയമായ അളവിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ സ്ഥാപിക്കുന്ന തിരക്കിലാണ് നോട്ടീസ് ലഭിച്ച ആരാധനാലയങ്ങളിൽ ഭൂരിഭാഗവും. ആരാധനാലയങ്ങളും പബ്ബുകളും നിശാ ക്ലബ്ബുകളും ഉൾപ്പെടെ സ്ഥാപനങ്ങൾ ശബ്ദമലിനീകരണമുണ്ടാക്കുന്നുണ്ടോ എന്നു പരിശോധിക്കാൻ ഡിജിപി പ്രവീൺ സൂദ് പോലീസിനു നിർദേശം നൽകിയിരുന്നു.
ആശുപത്രികൾക്കും പ്രധാനപ്പെട്ട സർക്കാർ ഓഫീസുകൾക്കും സ്കൂളുകൾക്കും സമീപമുള്ള ഏതാനും മോസ്കുകൾക്കെതിരേ ചില സംഘടനകൾ പരാതി നൽകുകയും ചെയ്തു. സമീപവാസികളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതിനൊപ്പം വിദ്യാർഥികൾക്കും രോഗികൾക്കും പ്രായമേറിയവർക്കും ഉയർന്ന ശബ്ദം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്.