• Home
  • kannur
  • മെഷീൻ ഗൺ മുതൽ മൊബൈൽ ആപ്പ് വരെ…
kannur

മെഷീൻ ഗൺ മുതൽ മൊബൈൽ ആപ്പ് വരെ…

ആക്ഷൻ സിനിമകളിൽ മാത്രം കണ്ടിട്ടുള്ള എ കെ 47 നും മെഷീൻ ഗണ്ണും കാണണോ? എങ്കിൽ പോലീസ് മൈതാനിയിലെ എന്റെ കേരളം എക്‌സിബിഷനിൽ എത്തിയാൽ മതി. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി പോലീസ് വകുപ്പ് ഒരുക്കിയ സ്റ്റാളിൽ ആയുധങ്ങൾ മുതൽ മൊബൈൽ ആപ്ലിക്കേഷൻ വരെ അടുത്തറിയാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

ഏഴ് സ്റ്റാളുകളാണ് പോലീസ് വകുപ്പ് ഒരുക്കിയിട്ടുള്ളത്. ആംസ് ആന്റ് അമ്യൂണിഷൻ സ്റ്റാളിലാണ് എ കെ 47, താർ, ഇൻസാസ്, യു ബി ജി എൽ, ഇന്ത്യൻ നിർമ്മിത സ്‌നൈപ്പർ, മൾട്ടി ഷെൽ ലോഞ്ചർ, മെഷീൻ ഗൺ തുടങ്ങിയ ആയുധങ്ങളും വിവിധ തരത്തിലുള്ള ഗ്രനേഡുകളും തോക്കിന്റെ തിരകളും പ്രദർശിപ്പിച്ചിട്ടുള്ളത്. ഏറ്റവും തിരക്കേറിയ സ്റ്റാളുകളിൽ ഒന്നാണ് പോലീസ് വകുപ്പിന്റേത്.

വെർച്വൽ റിയാലിറ്റി ഉപയോഗിച്ച് ഡ്രൈവിംഗ് കൾച്ചർ സൃഷ്ടിക്കുന്നതിനായി സൈബർ ഡോം ആന്റ് ഡ്രോൺ ഫോറൻസിക് ലാബ് സ്റ്റാളിൽ ഒരുക്കിയ സംവിധാനം മുതിർന്നവരിലും കുട്ടികളിലും ഒരു പോലെ കൗതുകമുണ്ടാക്കി. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് ഇത് ഉപയോഗിക്കാൻ അവസരം നൽകുന്നത്. പോലീസ് വകുപ്പ് വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഡ്രോണിന്റെ മാതൃകകളും വിവരങ്ങളും സ്റ്റാളിൽ ലഭ്യമാണ്. കൂടാതെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനുള്ള ബി സേഫ് ആപ്ലിക്കേഷൻ, കേരളാ പോലീസിന്റെ ഗൂഗിൾ അസിസ്റ്റന്റ് വഴിയുള്ള സേവനങ്ങൾ, ഡാർക്ക് നെറ്റ് വഴിയുള്ള കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനുള്ള ഗ്രാപ്നൽ തുടങ്ങിയ ആപ്ലിക്കേഷനുകൾ ഉദ്യോഗസ്ഥർ സ്റ്റാളിൽ പരിചയപ്പെടുത്തും.

കമ്പിയില്ലാ കമ്പി എന്നറിയപ്പെടുന്ന മോഴ്‌സ് കമ്മ്യൂണിക്കേഷനെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും ഉപകരണവുമാണ് ടെലി കമ്മ്യൂണിക്കേഷൻ സ്റ്റാളിലേക്ക് ആൾക്കാരെ എത്തിക്കുന്നത്. പഴയ കാലത്ത് വളരെ നല്ല രീതിയിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ഒരു ആശയ വിനിമയ രീതിയാണ് മോഴ്‌സ് കമ്മ്യൂണിക്കേഷൻ.

വ്യാജ ഒപ്പിടൽ, തിരുത്തൽ തുടങ്ങി രേഖകളിൽ വരുത്തുന്ന കൃത്രിമത്വങ്ങൾ കണ്ടുപിടിക്കുന്ന സംവിധാനങ്ങൾ, ഡി എൻ എ ടെസ്റ്റ് വഴി കുറ്റവാളികളെ കണ്ടുപിടിക്കുന്നതിന്റെ വിവിധ ഘട്ടങ്ങൾ, കുറ്റകൃത്യം നടന്ന ഇടങ്ങളിൽ പരിശോധനക്കായി ഉപയോഗിക്കുന്ന ക്രൈം ലൈറ്റ് എന്നിവയാണ് ഫോറൻസിക് സയൻസ് ലബോറട്ടറി സ്റ്റാളിന്റെ പ്രത്യേകത.

ബോംബ് ഡിറ്റക്ഷൻ ആന്റ് ഡിസ്‌പോസൽ സ്‌ക്വാഡിൽ മെറ്റൽ ഡിറ്റക്റ്ററുകൾ, ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്റ്ററുകൾ, എക്‌സ്‌പ്ലോസീവ് ഡിറ്റക്റ്ററുകൾ, വാട്ടർ ജെറ്റ് ഡിസ്‌റപ്റ്റർ തുടങ്ങിയവയാണ് ഒരുക്കിയിട്ടുള്ളത്. ഫിംഗർ പ്രിന്റ് ബ്യൂറോ സ്റ്റാളിൽ ഫിംഗർ പ്രിന്റ് ലൈവ് സ്‌കാനർ, ഫിംഗർ പ്രിന്റ് കിറ്റ് ബോക്‌സ്, ഫോറൻസിക് ലൈറ്റ് സോഴ്‌സുകൾ, സ്റ്റീരിയോ മൈക്രോസ്‌കോപ്പ് എന്നിവയും കാണാം. പെൺകുട്ടികൾക്കും സ്ത്രീകൾക്കും അക്രമികളിൽ നിന്നും രക്ഷപ്പെടാനുള്ള സ്വയം പ്രതിരോധ അടവുകൾ പരിശീലിപ്പിക്കുന്നതിന് പോലീസ് വകുപ്പ് ഒരുക്കിയ ഓപ്പൺ സ്റ്റാളും വളരെ പ്രയോജന പ്രദമാണ്. ആയുധങ്ങൾ ഉപയോഗിക്കാതെ നിമിഷങ്ങൾക്കകം അക്രമിയെ എങ്ങനെ നേരിടാം ദേഹോപദ്രവം ഏൽപ്പിക്കുന്നവരെ എങ്ങനെ കീഴ്‌പ്പെടുത്താം തുടങ്ങിയ കാര്യങ്ങൾ വനിതാ പോലീസ് ട്രെയിനർ വിവരിച്ചു നൽകും. സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററിന്റെ സ്റ്റാളും പോലീസ് വകുപ്പ് ഒരുക്കിയിട്ടുണ്ട്.

Related posts

കരുതൽ വാക്സിനേഷൻ തുടങ്ങി ആദ്യദിനം 1461 പേർക്ക്

Aswathi Kottiyoor

ജില്ലയില്‍ 814 പേര്‍ക്ക് കൂടി കൊവിഡ്; 794 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ഇന്ന് 159 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി………….

Aswathi Kottiyoor
WordPress Image Lightbox