കേസുകള്‍ കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി മഹാരാഷ്ട്ര. സംസ്ഥാനത്ത് ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമില്ല. മാസ്‌ക് ധരിക്കുന്നത് ഒരോ വ്യക്തിയുടേയും താത്പര്യം പോലെ മതിയെന്നാണ് പുതിയ നിര്‍ദേശം. ആള്‍ക്കൂട്ടങ്ങള്‍ക്കും സാമൂഹികമായ കൂടിചേരലുകള്‍ക്കും സംസ്ഥാനത്ത് ഇനി ഒരു നിയന്ത്രണവും ഉണ്ടാവില്ലെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. ശനിയാഴ്ച മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും.
ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗമാണ് കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുള്ള നിര്‍ണായക തീരുമാനമെടുത്തത്. അതേസമയം മാസ്‌ക് ഉപയോഗം നിര്‍ബന്ധമല്ലെങ്കിലും കുറച്ചു നാള്‍ കൂടി തുടരുന്നതാണ് നല്ലതെന്ന് ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ ജനങ്ങളോട് അഭ്യര്‍ഥിച്ചു. സംസ്ഥാനത്തെ കൊവിഡ് ഭീതി നിലവില്‍ ഒഴിയുകയാണ്.