25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ എടൂര്‍ സെന്റ് മേരീസ് ഫൊറോന ദേവാലയം പ്ലാറ്റിനം ജൂബിലി സമാപനം ഉദ്ഘാടനം 26 ന് 4 ന്
Iritty

മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ എടൂര്‍ സെന്റ് മേരീസ് ഫൊറോന ദേവാലയം പ്ലാറ്റിനം ജൂബിലി സമാപനം ഉദ്ഘാടനം 26 ന് 4 ന്

ഇരിട്ടി: മരിയന്‍ തീര്‍ഥാടന കേന്ദ്രമായ എടൂർ സെന്റ് മേരീസ് ഫൊറോന ഇടവക സമൂഹം ഒരു വര്‍ഷമായി നടത്തിവരുന്ന കുടിയേറ്റ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ 26 ന് സമാപിക്കും. വൈകിട്ട് 4 ന് ദേവാലയത്തില്‍ നടക്കുന്ന ജൂബിലി തിരുകര്‍മങ്ങളില്‍ തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ്ജ് ഞറളക്കാട്ട്, നിയുക്ത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, ആര്‍ച്ച്ബിഷപ് എമിരറ്റസ് മാര്‍ ജോര്‍ജ്ജ് വലിയമറ്റം, ഫൊറോന വികാരി ഫാ.ആന്റണി മുതുകുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ മുന്‍ വികാരിമാരും ഫൊറോനയിലെ വൈദികരും എടൂര്‍ നിവാസികളായ വൈദികരും പങ്കെടുക്കും.
വൈകിട്ട് 6.30 ന് പൊതുസമ്മേളനത്തില്‍ നിയുക്ത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. പ്ലാറ്റിനം ജൂബിലി സമാപന ഉദ്ഘാടനവും ജൂബിലി ഭവന പദ്ധതി സമര്‍പ്പണവും 14, 15 വീടുകളുടെ താക്കോല്‍ദാനവും ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞറളക്കാട്ട് നിര്‍വഹിക്കും. പ്ലാറ്റിനം ജൂബിലി സ്മാരകമായി ഏര്‍പെടുത്തുന്ന മാര്‍ ജോര്‍ജ് ഞറളക്കാട്ട് പൗരോഹിത്യ സുവര്‍ണ ജൂബിലി മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് ഉദ്ഘാടനം ആര്‍ച്ച് ബിഷപ് എമിരറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം നിര്‍വഹിക്കും. ഫാ.ഐസക്ക് പടിഞ്ഞാറേക്കൂറ്റ്, മൈക്കിള്‍ കൊടുംകയം എന്നിവര്‍ സഹായനിധിയിലേക്ക് ആദ്യ തുക കൈമാറും. സണ്ണി ജോസഫ് എംഎല്‍എ സ്മരണിക പ്രകാശനം നടത്തും. പ്ലാറ്റിനം ജൂബിലി മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും വിവാഹത്തിന്റെയും സന്യാസ സമര്‍പ്പണത്തിന്റെയും രജത-സുവര്‍ണ ജൂബിലി ആഘോഷിക്കുന്നവരെയും കലാകായിക-വിദ്യാഭ്യാസ മേഖലകളില്‍ കഴിവു തെളിയിച്ചവരെയും ആദരിക്കലും നടക്കും.
1939-40 കാലഘട്ടത്തിലാണ് എടൂര്‍ പ്രദേശത്ത് കുടിയേറ്റം ആരംഭിച്ചത്. 1946 ല്‍ കോഴിക്കോട് മെത്രാനായിരുന്ന ഡോ. ലിയോ പ്രൊസെര്‍പ്പിയോ എടൂര്‍ ഇടവക സ്ഥാപിക്കുകയും 1947 ജൂണ്‍ 24-ാം തീയതി മുതല്‍ സ്ഥിരം വികാരിയായി ഫാ. സി.ജെ. വര്‍ക്കിയെ നിയമിക്കുകയും ചെയ്തു. 1953 ഡിസംബര്‍ 31-ാം തീയതി തലശ്ശേരി രൂപത സ്ഥാപിതമായപ്പോള്‍ എടൂര്‍ ഇടവക തലശ്ശേരി രൂപതയിലായി. അതിനുശേഷം ഇന്നു വരെയുള്ള എടൂരിന്റെ ആത്മീയവും ഭൗതികവും വിദ്യാഭ്യാസപരവുമായ പുരോഗതി ഈ നാടിന്റെ വികസനത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും ചരിത്രവും കൂടിയാണ്.
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഒരു കോടിയിലധികം രൂപ ചെലവിട്ട് പ്ലാറ്റിനം ജൂബിലി സ്മാരകമായി മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി ഭവന പദ്ധതി പ്രകാരം 15 വീടുകള്‍ ഇടവകയിലെ നിര്‍ധനര്‍ക്ക് നിര്‍മിച്ചു നല്‍കി. ഇടവകയിലെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനസഹായം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പ്ലാറ്റിനം ജൂബിലി സ്മാരക മാര്‍ ജോര്‍ജ്ജ് ഞറളക്കാട്ട് പൗരോഹിത്യ സുവര്‍ണജൂബിലി മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് പദ്ധതി ആരംഭിക്കുന്നത്. ഒരു കോടി രൂപ സമാഹരിച്ച് പ്രത്യേക നിധിയായി വകയിരുത്തി വര്‍ഷംതോറും വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയുടെ ആദ്യഘട്ടമായി 25 ലക്ഷം രൂപയാണ് സമാഹരിക്കുന്നത്.
പള്ളിയുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിച്ചതോടൊപ്പം മറ്റ് സ്ഥാപനങ്ങളുടെ നവീകരണവും ഈ കാലയളവില്‍ നടന്നു. തലശേരി അതിരൂപത കോര്‍പ്പറേറ്റിന്റെ സഹായത്തോടെ എല്‍പി സ്‌കൂള്‍ മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള സ്ഥാപനങ്ങളില്‍ ഒരു കോടി രൂപയുടെ നവീകരണവും പൂര്‍ത്തീകരിച്ചു. കാലഘട്ടത്തിന് ആവശ്യമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതിന്റെ തലയെടുപ്പില്‍ ‘പുതുമുഖ’ത്തിലാണ് എടൂര്‍ സെന്റ് മേരീസ് ഫൊറോന ദേവാലയം.
തലശ്ശേരി അതിരൂപതയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തില്‍ ആദ്യം സ്ഥാപിക്കപ്പെട്ട ഇടവകയും ദേവാലയവുമാണ് എടൂര്‍. വിശ്വാസികള്‍ക്കിടയില്‍ അനുഗ്രഹസാന്നിധ്യമായ ഈ ദേവാലയം പിന്നീട് ഫൊറോനയായും മരിയന്‍ തീര്‍ഥാടന കേന്ദ്രമായും പ്രഖ്യാപിക്കപ്പെടുകയായിരുന്നു.
സമാപന സമ്മേളനത്തില്‍ പൗരോഹിത്യത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്ന മാര്‍ ജോര്‍ജ് ഞറളക്കാട്ടിനേയും സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന മാര്‍ ജോസഫ് പാംപ്ലാനിയേയും ശതാഭിഷിക്തനായ ആര്‍ച്ച് ബിഷപ്പ് എമിരറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റത്തേയും വിവിധ മേഖലകളില്‍ പ്രശംസനീയമായ നേട്ടങ്ങള്‍ സ്വന്തമാക്കിയവരെയും ആദരിക്കുമെന്നും ഇടവകാ മ്യൂസിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കുമെന്നും ഫൊറോന വികാരി ഫാ.ആന്റണി മുതുകുന്നേല്‍, ട്രസ്റ്റിമാരായ റെജി കൊടുംപുറം, സിബി തുരുത്തിപ്പള്ളി, ബേബി ചിറക്കല്‍പുരയിരം, ബാബു തട്ടുങ്കല്‍, മേരി ആലയ്ക്കാമറ്റം, ഇടവകാ കോ-ഓര്‍ഡിനേറ്റര്‍ പോള്‍ പടിഞ്ഞാറേക്കൂറ്റ്, ആഘോഷ കമ്മിറ്റി ഭാരവാഹികളായ മൈക്കിള്‍ കൊടുംകയം, പി.വി.ജോസഫ്, ഇടവക സെക്രട്ടറി ജെയ്‌സന്‍ പുല്ലന്‍കണ്ണാപ്പള്ളി എന്നിവര്‍ പത്രസമ്മേളനത്തിൽ അറിയിച്ചു.

Related posts

സൈബർ ബോധവൽക്കരണം – ‘തീക്കളി’യുമായി ജനമൈത്രി പോലീസ് ടീം

Aswathi Kottiyoor

പാ​യം പ​ഞ്ചാ​യ​ത്ത് കേ​ന്ദ്ര​ത്തി​ൽ വാ​ർ റൂം ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

ശ്രീനാരായണഗുരു മഹാസമാധി: ഇരിട്ടി താലൂക്കിലും മേഖലയിലും വിപുലമായ പരിപാടികൾ നടന്നു.

Aswathi Kottiyoor
WordPress Image Lightbox