കണ്ണൂർ: കണ്ണൂർ സർവകലാശാലയ്ക്ക് പ്ലാൻ ഫണ്ട് ഇനത്തിൽ ബജറ്റിൽ വകയിരുത്തിയത് 30 കോടി രൂപ. മുൻ വർഷങ്ങളെക്കാൾ ഏഴു കോടിയോളം രൂപയുടെ വർധനവാണിത്. ഇതിനുപുറമെ അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി വഴി പ്രത്യേകം തുകയും വകയിരുത്തിയിട്ടുണ്ട്.
പ്രായോഗിക ജീവിതത്തിന് ഗുണകരമാകുംവിധം ഉന്നതവിദ്യാഭ്യാസ മേഖലയെ മാറ്റുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ട്രാൻസ്ലേഷൻ ലാബുകൾക്കും അനുബന്ധ സൗകര്യങ്ങൾക്കും കിഫ്ബി വഴി 20 കോടി രൂപ അനുവദിക്കും. കാമ്പസുകളിൽ ട്രാൻസ്ലേഷൻ റിസർച്ച് സെന്റർ, സ്റ്റാർട്ടപ്പ് ഇൻകുബേഷൻ സെന്റർ എന്നിവയ്ക്കായാണ് ഈ തുക വിനിയോഗിക്കുക. ഹോസ്റ്റൽ സൗകര്യ വികസനത്തിന് 20 കോടി രൂപയും പ്രഖ്യാപിച്ചു. പാലയാട് കാമ്പസിലെ ലീഗൽ സ്റ്റഡീസ് വകുപ്പിന്റെ വികസനപ്രവർത്തനങ്ങൾക്കായി അഞ്ചു കോടി രൂപയും സർവകലാശാല ഇന്നൊവേഷൻ പ്രവർത്തനങ്ങൾക്കായി രണ്ടു കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
ആധുനിക പാഠ്യപദ്ധതികൾക്കായി പ്രത്യേകം തുക അനുവദിക്കും. ഹ്രസ്വകാല കോഴ്സുകളും പിജി കോഴ്സുകളും പ്രോജക്ട് മോഡിൽ ആരംഭിക്കാനാണ് ഈ തുക വിനിയോഗിക്കുക. ആദ്യഘട്ടമെന്നനിലയിൽ ഈ വർഷം മൂന്ന് പദ്ധതികളാണ് അനുവദിക്കുക. വിദ്യാഭ്യാസസ്ഥാപനങ്ങളെ തൊഴിൽസംരംഭക കേന്ദ്രങ്ങളാക്കാനുള്ളതടക്കമുള്ള തീരുമാനം വിദ്യാർഥികൾക്ക് പ്രയോജനപ്രദമാകുമെന്ന് സർവകലാശാല അധികൃതർ പറഞ്ഞു.