24.6 C
Iritty, IN
September 28, 2024
  • Home
  • Kerala
  • വര്‍ക്കലയിലെ ദുരന്തം: തീ പടര്‍ന്നത് ബൈക്കില്‍നിന്ന്,ടാങ്ക് പൊട്ടി തീ ആളിപ്പടരുന്നത് സിസിടിവിയില്‍
Kerala

വര്‍ക്കലയിലെ ദുരന്തം: തീ പടര്‍ന്നത് ബൈക്കില്‍നിന്ന്,ടാങ്ക് പൊട്ടി തീ ആളിപ്പടരുന്നത് സിസിടിവിയില്‍

വര്‍ക്കല: അയന്തിയില്‍ അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ വീട്ടിലേക്ക് തീ പടര്‍ന്നത് ബൈക്കില്‍നിന്നെന്ന് പ്രാഥമിക നിഗമനം. പോലീസിനു ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്നും വീട്ടിലെ കാര്‍പോര്‍ച്ചിലെ ബൈക്കിലാണ് തീ ആദ്യം കാണുന്നത്. ബൈക്കിന്റെ ടാങ്ക് പൊട്ടി തീ ആളിപ്പടരുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.

തൊട്ടടുത്തുള്ള വീടുകളിലെ സി.സി.ടി.വി.കള്‍ പരിശോധിച്ചപ്പോഴാണ് ഈ ദൃശ്യങ്ങള്‍ ലഭിച്ചത്. പുലര്‍ച്ചെ 1.46-നാണ് തീ കത്തുന്നതായി സി.സി.ടി.വി.യില്‍ കാണുന്നത്. അഞ്ചു മിനിറ്റ് കഴിഞ്ഞ് തീ വീടിന്റെ ഭാഗത്തേക്കു പടരുന്നതും കാണാം. പിന്നീട് ചെറിയ പൊട്ടിത്തെറിയോടെ വീട്ടിലേക്ക് തീ വ്യാപിക്കുന്നതും കാണാം. 25 മിനിറ്റ് കഴിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം ആരംഭിക്കുന്നത്.

താഴെനിന്നും മുകള്‍നിലയിലേക്കാണ് തീ വ്യാപിച്ചിട്ടുള്ളത്. പോര്‍ച്ചില്‍ ബൈക്കുകള്‍ ഇരുന്നതിന്റെ മുകള്‍ഭാഗത്ത് ഹോള്‍ഡര്‍ ഉണ്ടായിരുന്നു. അതില്‍ സ്പാര്‍ക്കുണ്ടായി തീ ബൈക്കിലേക്ക് എത്തിയതാണെന്നു സംശയിക്കുന്നു.

തീപ്പിടിത്തമുണ്ടായ വീട്ടിലും സി.സി.ടി.വി. ക്യാമറകള്‍ ഉണ്ടായിരുന്നു. എന്നാല്‍, തീപ്പിടിത്തതില്‍ ഹാര്‍ഡ് ഡിസ്‌കിനു കേടുപാടുണ്ടായി. ഇവയിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ഫൊറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. വീട്ടില്‍നിന്നും ലഭിച്ച മൊബൈല്‍ഫോണുകളും പരിശോധനയ്ക്ക് ഫൊറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.

സി.സി.ടി.വി. ദൃശ്യങ്ങളില്‍ അപകടസമയത്ത് അസ്വാഭാവികമായി ആരെയും കണ്ടില്ല. അപകടം ആസൂത്രിതമല്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആരുമായും സാമ്പത്തികബാധ്യതയോ ശത്രുതയോ ഒന്നും പ്രതാപനും കുടുംബത്തിനും ഉണ്ടായിരുന്നില്ലെന്നും പോലീസ് ബോധ്യമായിട്ടുണ്ട്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണോ അപകടകാരണമെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഡെപ്യൂട്ടി ചീഫ് റഫിയുദീന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ചയും വീട്ടിലെത്തി പരിശോധന നടത്തി. കാര്‍പോര്‍ച്ചില്‍നിന്നോ ഹാളില്‍നിന്നോ ആകാം തീയുണ്ടായതെന്നാണ് ഇവരുടെ കണ്ടെത്തല്‍.

പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ബാല്‍റാമും സംഘവും വീട്ടിലെത്തി പരിശോധിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 1.30-ഓടെയാണ് അയന്തി പന്തുവിളയില്‍ വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചത്.

പന്തുവിള രാഹുല്‍ നിവാസില്‍ ബേബി എന്നുവിളിക്കുന്ന ആര്‍.പ്രതാപന്‍(62), ഭാര്യ ഷേര്‍ളി(53), ഇവരുടെ ഇളയമകന്‍ അഹില്‍(29), രണ്ടാമത്തെ മകന്‍ നിഹുലിന്റെ ഭാര്യ അഭിരാമി(24), ഇവരുടെ എട്ടുമാസം പ്രായമുള്ള മകന്‍ റയാന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നിഹുല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Related posts

ഭിന്നശേഷിക്കാരുടെ യാത്രാ പാസ്: മാനദണ്ഡം പുതുക്കി ഉത്തരവു പുറപ്പെടുവിച്ചു

Aswathi Kottiyoor

റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി ഒരേ ശൈലിയില്‍ പേര്

Aswathi Kottiyoor

ബ​ക്രീ​ദ് ഇ​ള​വ്: കേ​ര​ള​ത്തി​ന് സു​പ്രീം​കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം

Aswathi Kottiyoor
WordPress Image Lightbox