• Home
  • Kerala
  • ഉന്നതവിദ്യാഭ്യാസ രംഗം: മികവിന്റെ കേന്ദ്രങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ നെതര്‍ലന്റ്‌സ് കേരളവുമായി സഹകരിക്കും .
Kerala

ഉന്നതവിദ്യാഭ്യാസ രംഗം: മികവിന്റെ കേന്ദ്രങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ നെതര്‍ലന്റ്‌സ് കേരളവുമായി സഹകരിക്കും .

ഉന്നതവിദ്യാഭ്യാസ രംഗത്ത് മികവിന്റെ കേന്ദ്രങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കേരളം നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് നെതര്‍ലന്റ്‌സ് അംബാസിഡര്‍ മാര്‍ട്ടെന്‍ വാന്‍-ഡെന്‍ ബെര്‍ഗ്‌സ്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസം നവീകരണത്തിന്റെ പാതയിലാണ്. നെതര്‍ലന്റ്‌സിലെ സാങ്കേതിക സര്‍വകലാശാലകളുമായി കൂടുതല്‍ മികച്ച രീതിയില്‍ സഹകരിക്കാന്‍ അവസരമുണ്ടാകണം. കേരളവും നെതര്‍ലന്റ്‌സുമായി നിലനില്‍ക്കുന്ന അക്കാദമിക സഹകരണത്തിന്റെ സുദീര്‍ഘമായ ചരിത്രം മുഖ്യമന്ത്രി അനുസ്മരിച്ചു.

കേരളത്തിന്റെ വ്യവസായ മേഖലയില്‍ ഡച്ച് കമ്പനികളുടെ കൂടുതല്‍ നിക്ഷേപം കൊണ്ടുവരണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന അദ്ദേഹം സ്വീകരിച്ചു. നെതര്‍ലന്റ്‌സിലെ വിനോദ സഞ്ചാരികളെ മുഖ്യമന്ത്രി കേരളത്തിലേക്ക് സ്വാഗതം ചെയ്തു.

2018 ലെ പ്രളയത്തിനു ശേഷം നെതര്‍ലന്റ്‌സില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങളും സഹായങ്ങളും ദുരന്ത നിവാരണ രംഗത്ത് കേരളത്തിനു മുതല്‍ക്കൂട്ടായി മാറിയെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. റൂം ഫോര്‍ റിവര്‍ പദ്ധതി കുട്ടനാട് മേഖലയില്‍ പ്രളയ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്.

പഴവര്‍ഗങ്ങളുടേയും പുഷ്പങ്ങളുടേയും കൃഷിയിലും മൂല്യവര്‍ദ്ധനവിനും ആവശ്യമായ ആധുനിക സാങ്കേതികതകള്‍ വികസിപ്പിക്കുന്ന മികവിന്റെ കേന്ദ്രങ്ങള്‍ നെതര്‍ലന്റ്‌സ് സഹകരണത്തോടെ വയനാട് അമ്പലവയവയലില്‍ ആരംഭിച്ചിട്ടുണ്ട്. കൃഷി, ജല വിഭവം, സാങ്കേതിക വിദ്യാഭ്യാസം, കാലാവസ്ഥ പ്രശ്‌നങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നെതര്‍ലന്റ്‌സ് സംഘം സഹകരണം വാഗ്ദാനം ചെയ്തു. ഉപ്പുവെള്ള കൃഷി, പാലുല്‍പാദനം, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളില്‍ സഹകരിക്കും. ഇന്നലെ നടന്ന ഉദ്യോഗസ്ഥ ചര്‍ച്ചയും അംബാസഡറുമായി നടന്ന കൂടിക്കാഴ്ചയും ഫലപ്രദമായിരുന്നുവെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.

നെതര്‍ലന്റ്‌സ് സാമ്പത്തിക ഉപദേഷ്ടാവ് ജൂസ്റ്റ് ഗീജര്‍, നെതര്‍ലന്റ്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് വാട്ടര്‍ റിസോഴ്‌സസ് മന്ത്രാലയം സീനിയര്‍ പോളിസി ഓഫീസര്‍, ലൂയിറ്റ്-ജാന്‍ ഡിഖൂയിസ്, ബാംഗ്ലൂരിലെ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍, ഹെയ്ന്‍ ലഗെവീന്‍, ഇന്നൊവേഷന്‍ ഓഫീസര്‍ ആകാന്‍ക്ഷ ശര്‍മ്മ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

ആരോ​ഗ്യ മേഖലയിൽ കേരളവുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് ക്യൂബ

Aswathi Kottiyoor

സുസ്ഥിര വികസനത്തെ ആസ്പദമാക്കിയുള്ള പരിസ്ഥിതി നയമാണ് സർക്കാർ നടപ്പിലാക്കുന്നത്: മുഖ്യമന്ത്രി

Aswathi Kottiyoor

വിദ്യാർഥികൾ സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് വിലക്കും; അധ്യാപകർക്കും നിയന്ത്രണം

Aswathi Kottiyoor
WordPress Image Lightbox