തിരുവനന്തപുരം∙ നാട്ടാനകളെ നിയന്ത്രിക്കാൻ പാപ്പാൻമാർ ഇരുമ്പു തോട്ടി ഉപയോഗിക്കുന്നതിനു വനം വകുപ്പ് വീണ്ടും വിലക്കേർപ്പെടുത്തി. ഇരുമ്പു തോട്ടി (അങ്കുഷ്) ഉപയോഗിച്ചാൽ കർശന നടപടിയെടുക്കാനാണു തീരുമാനം.
ഇരുമ്പു തോട്ടിയുടെ മൂർച്ചയേറിയ അഗ്രം കൊണ്ടു കാലുകളിലും മറ്റും കുത്തി മുറിവേൽപ്പിച്ചു പ്രാകൃത രീതിയിലാണു ചില പാപ്പാൻമാർ ആനകളെ നിയന്ത്രിക്കുന്നതെന്ന പരാതി വ്യാപകമായതിനെ തുടർന്നാണു ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് വീണ്ടും സർക്കുലർ ഇറക്കിയത്.
ഇരുമ്പുതോട്ടി നിരോധിച്ചു ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ നേരത്തേ 2015 മേയ് 14 നും സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പകരം തടി കൊണ്ടുള്ള തോട്ടി ഉപയോഗിക്കാമെന്നും അന്നു നിർദേശിച്ചു. ഇത്തവണ അക്കാര്യം പറയുന്നില്ല.
പരാതികളെത്തുടർന്നു രാജസ്ഥാൻ ഹൈക്കോടതി ഇരുമ്പു തോട്ടി നിരോധിച്ചു 2010 ഫെബ്രുവരി 10 ന് ഉത്തരവിട്ടിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ ഇതു നടപ്പാക്കിയിട്ടില്ല. എല്ലാ സംസ്ഥാനങ്ങളിലും ഇരുമ്പു തോട്ടി നിരോധിക്കണമെന്നു മൃഗസംരക്ഷണ രംഗത്തുള്ളവരും ആനപ്രേമികളും ആവശ്യപ്പെട്ടിരുന്നു.മധ്യ കേരളത്തിൽ ആനയോട്ടത്തിൽ പങ്കെടുത്ത ആനയ്ക്കൊപ്പം ലോഹത്തിൽ നിർമിച്ച വടിയുമായി പാപ്പാൻ നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.