കണ്ണൂർ: കോവിഡ് പ്രതിസന്ധി മാറി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണമായി തുറന്നതോടെ വിദ്യാർഥികളുടെ യാത്രക്ലേശവും വർധിച്ചു. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത് കുറഞ്ഞതോടെയാണ് വിദ്യാർഥികൾ പ്രതിസന്ധിയിലായത്. കോവിഡ് വ്യാപനത്തെ തുടർന്ന് ജില്ലയിലെ പകുതിയിലധികം ബസുകളും ഇപ്പോൾ സർവീസ് നടത്തുന്നില്ല.
1200 ബസുകൾ സർവീസ് നടത്തിയിരുന്നിട്ട് ഇപ്പോൾ വെറും 600 ബസുകളാണ് സർവീസ് നടത്തുന്നത്. വിദ്യാലയങ്ങൾ പൂർണമായി തുറന്നപ്പോൾ വിദ്യാർഥികളുടെ എണ്ണം കൂടിയതോടെ ബസിനകത്തുള്ള സംഘർഷങ്ങൾ പതിവായി. ബസിൽ കയറുന്നതിന് മുന്പ് ബസ് ജീവനക്കാരുടെ വക നൂറു ചോദ്യങ്ങളാണ് വിദ്യാർഥികൾ നേരിടേണ്ടിവരുക. പലപ്പോഴും പലരും പേടിച്ചിട്ട് പല ബസുകളിലും കയറാതെ രാത്രിയിലാണ് വീട്ടിലെത്തുക. കഴിഞ്ഞ ദിവസം കണ്ണൂർ- പയ്യന്നൂർ റൂട്ടിലെ സംഘർഷവും ബസുകളുടെ മിന്നൽ പണിമുടക്കും ഇതിന്റെ ഫലമായുണ്ടായതാണ്.
ചില സ്വകാര്യ ബസുകൾ പലപ്പോഴും വെയിലത്ത് വിദ്യാർഥികളെ നിർത്തി കയറ്റാതെ പോകുന്ന സ്ഥിതിയും ഉണ്ട്. വിദ്യാർഥികളുടെ യാത്രാവകാശം മാനിക്കാതെ പല ജീവനക്കാരും മോശമായി പെരുമാറാറുമുണ്ട്. കാലിയടിച്ച് പോകുന്ന ബസുകളിൽ പോലും വിദ്യാർഥികൾ ഒന്നിരുന്നാൽ എഴുന്നേൽപിച്ച് നിർത്തി ചീത്തപറയുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. പലപ്പോഴും ഇത് സംഘർഷങ്ങൾക്ക് വഴിവയ്ക്കാറുണ്ട്. വിദ്യാർഥികളുടെ യാത്രാവകാശം ലംഘിക്കുന്ന ജീവനക്കാർക്കെതിരെ ആർടിഒ, പോലീസ് എന്നിവർക്ക് പരാതി നൽകാൻ വിദ്യാർഥികൾ തയാറാകണം. അല്ലാതെ നിയമം കൈയിലെടുക്കുകയല്ല വേണ്ടത്. പല വിദ്യാർഥികൾക്കും ഫുൾ ടിക്കറ്റ് എടുത്ത് യാത്രചെയ്യാൻ സാധിക്കില്ല. വിദ്യാർഥി കൺസെഷൻ ഇല്ലെങ്കിൽ പഠനം തന്നെ പെരുവഴിയിലാവുന്നവരാണ് പലരും. അതുകൊണ്ട് തന്നെ വിദ്യാർഥികളുടെ അവകാശത്തെ ഇല്ലാതാക്കുന്ന നടപടികളിൽ നിന്നും ജീവനക്കാർ മാറണം.