കണ്ണൂര്‍: റെയിന്‍ബോ ഫ്രീ ബ്രൈഡല്‍ ബൊട്ടീകിന്റെ നേതൃത്വത്തില്‍ വിവാഹവസ്ത്രങ്ങളുടെയും അനുബന്ധ സാധനങ്ങളുടെയും പ്രദര്‍ശനം കണ്ണൂരില്‍ തുടങ്ങി. പോഷ് എന്നപേരില്‍ കണ്ണൂര്‍ ഹോട്ടല്‍ ബിനാലെ ഇന്റര്‍നാഷണലിലാണ് പ്രദർശനം. ഇന്നലെ രാവിലെ 11 മുതല്‍ പ്രദര്‍ശനവും വില്പനയും നടത്തി. ഒറ്റത്തവണമാത്രം ഉപയോഗിച്ചു അലമാരയില്‍ വച്ചിരിക്കുന്ന വസ്ത്രങ്ങള്‍ നിര്‍ധനർക്കും അര്‍ഹതപ്പെട്ടവര്‍ക്കും നല്‍കിവരികയാണ് റെയിന്‍ബോ ഫ്രീ ബ്രൈഡല്‍.
ഒറ്റത്തവണ ഉപയോഗിച്ച വിവാഹവസ്ത്രങ്ങള്‍ റെയിന്‍ബോ ഔട്ട്ലറ്റുകളില് എത്തിച്ചാല്‍ അവ ആവശ്യക്കാരായ നിര്‍ധന കുടുംബത്തിലുള്ളവര്‍ക്ക് വന്നു കൊണ്ടുപോകാമെന്ന രീതിയില്‍ പാപ്പിനിശേരി സ്വദേശി എ.കെ. സബിതയുടെ നേതൃത്വത്തില്‍ തുടങ്ങിയ സംരംഭമാണിത്. ഇവരുടെ കീഴില്‍ കേരളത്തിനകത്തും പുറത്തുമായി നിരവധി ബ്രൈഡല്‍ ബൊട്ടീക്കുകൾ തുടങ്ങിയിട്ടുണ്ട്. എക്സ്പോയില്‍ നേരിട്ടെത്തി വസ്ത്രങ്ങളും അനുബന്ധ സാധനങ്ങളും കാണാന്‍ സാധിക്കും. തുടര്‍ന്നു ഇവരില്‍നിന്ന് ആവശ്യത്തിനുള്ള വസ്ത്രവും മറ്റും തെരഞ്ഞെടുക്കാം. കൊണ്ടുപോകുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും സബിത പറഞ്ഞു. വിവാഹത്തിനുള്ള ബ്രൈഡല്‍ മേക്കപ്പും സൗജന്യമായി നല്‍കുന്നുണ്ട്. ഹോട്ടൽ ബിനാലെയില്‍ ഇന്നലെ തുടങ്ങിയ എക്സ്പോയില്‍ 40 മറ്റു സ്റ്റാളുകളുമുണ്ട്. വിവിധ രാജ്യങ്ങളിലെ പ്രത്യേകതയുള്ള വസ്ത്രങ്ങളുടെയും മറ്റു വസ്തുക്കളുടെയും പ്രത്യേക സ്റ്റാളുകളുമുണ്ട്. ഇന്നു രാവിലെ 11 മുതല്‍ വൈകുന്നേരം ഏഴുവരെ പ്രദര്‍ശനം തുടരും