ഭുവനേശ്വർ
അഖിലേന്ത്യാ അന്തർ സർവകലാശാല അത്‌ലറ്റിക് മീറ്റിൽ കേരള സർവകലാശാലയുടെ അപർണ റോയ് ഹെപ്‌റ്റാത്ത്‌ലണിലും 100 മീറ്റർ ഹർഡിൽസിലും വെള്ളി നേടി. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് അവസാനവർഷ ബിരുദ വിദ്യാർഥിയായ അപർണ 13.98 സെക്കൻഡിലാണ് ഹർഡിൽസിൽ രണ്ടാമതെത്തിയത്.
നാഗാർജുന സർവകലാശാലയുടെ വൈ ജ്യോതി സ്വർണം നേടി (13.72). ഹെപ്‌റ്റാത്ത്‌ലണിൽ 4920 പോയിന്റോടെ രണ്ടാമതായി. പി ബി ജയ്‌കുമാറിന്റെ കീഴിലാണ് പരിശീലനം. മിക്‌സഡ് റിലേയിൽ എംജിയുടെ എസ് അക്ഷയ്, ഗൗരിനന്ദന, കെ സ്‌നേഹ, ജെറിന ജോണി എന്നിവർ ഉൾപ്പെട്ട ടീം വെള്ളി സ്വന്തമാക്കി. മാംഗ്ലൂർ സർവകലാശാലയാണ് ഒന്നാമത്. പഞ്ചാബ് മൂന്നാമതായപ്പോൾ കലിക്കറ്റ് നാലാംസ്ഥാനത്തെത്തി.
പോൾവോൾട്ടിൽ എംജിയുടെ ദിവ്യ മോഹൻ 3.80 മീറ്റർ ചാടി വെങ്കലം നേടി. കോലഞ്ചേരി സെന്റ്‌പീറ്റേഴ്‌സ് കോളേജ് വിദ്യാർത്ഥിയാണ്. ചാൾസാണ് പരിശീലകൻ. പെരിയാർ സർവകലാശാലയുടെ വി പവിത്രയ്‌ക്കാണ് സ്വർണം (4 മീറ്റർ). ഹെപ്‌റ്റാത്ത്‌ലണിൽ എംജിയുടെ മരിയ തോമസ് വെങ്കലം നേടി. മീറ്റ് ഇന്ന് അവസാനിക്കും