ആറാം ക്ലാസ്സുകാരി നിഹാരികക്ക് കുട്ടിക്കവിതകളോടാണ് ഏറെയിഷ്ടം. വായനശാലയിൽ നിന്നും വായിച്ച് തീർന്നില്ലെങ്കിൽ അതുമെടുത്ത് വീട്ടിലേക്ക് പോകും. എല്ലാം മനഃപാഠമാക്കാൻ ആയില്ലെങ്കിലും ചിലതൊക്കെ ഓർമയിൽ തന്നെയുണ്ടെന്ന് അഭിമാനത്തോടെ അവൾ പറഞ്ഞു. നിഹാരികയെപ്പോലെ കുട്ടിക്കവിതകളും കഥകളും ഇഷ്ടപ്പെടുന്ന നിരവധി കുരുന്നു വായനക്കാരുണ്ട് ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ പറമ്പുകാവ് എസ് ടി കോളനിയിൽ. വായനയുടെ ലോകത്തേക്ക് ഇവരെ കൈപിടിച്ചുയർത്തിയത് മുതുകുറ്റി പറമ്പുകാവ് യുവജന കേന്ദ്രത്തിലെ വായനശാലയാണ്. യുവജന കേന്ദ്രത്തിന്റെ കൊച്ചുമുറിയിൽ 500ഓളം പുസ്തകങ്ങളുണ്ട്. അവധി ദിവസങ്ങളിലും ഒഴിവ് സമയങ്ങളിലും പുസ്തകങ്ങൾ തേടി കോളനിയിൽ താമസിക്കുന്നവർ ഇവിടെയെത്തും. നോവലുകൾ, ചെറുകഥകൾ, ലേഖനങ്ങൾ, എന്നിവക്ക് പുറമെ ദിനപത്രങ്ങൾ, തൊഴിൽ മാസികകൾ എന്നിവയും ഇവിടെ ലഭിക്കും. ഇരുന്ന് വായിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത്, വ്യക്തികൾ, സന്നദ്ധ സംഘടനകൾ എന്നിവരിൽ നിന്നും ലഭിച്ചതാണ് പുസ്തകങ്ങൾ. 1000 പുസ്തകങ്ങൾ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. പഞ്ചായത്ത്, കുടുംബശ്രീ, നാട്ടുകാർ എന്നിവർ ഇതിനായുള്ള കൂട്ടായ പരിശ്രമത്തിലാണ്. എട്ട് ലക്ഷത്തോളം രൂപ ചെലവഴിച്ച് പഞ്ചായത്ത് നിർമ്മിച്ച കെട്ടിടത്തിലാണ് യുവജന കേന്ദ്രം പ്രവർത്തിക്കുന്നത്. ആവശ്യമായ ഫർണിച്ചറുകൾ ഗ്രാമപഞ്ചായത്തിന്റെയും കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെയും ഫണ്ടിൽ നിന്നും അനുവദിച്ചു. വായനയുടെ ലോകം പരിചയപ്പെടുത്തുന്നതിനൊപ്പം കുട്ടികളിലെ കലാ കായിക അഭിരുചി പ്രോത്സാഹിപ്പിക്കാൻ വോളിബോൾ പരിശീലനം , വിവിധ കായിക പരിപാടികൾ, കലാപരിപാടികൾ, പ്രസംഗ പരിശീലനം തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്.
previous post