കണ്ണൂർ: കണ്ണൂർ ജില്ലയിലെ ഏക സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായ മാങ്ങാട്ടുപറമ്പ് ഇ.കെ. നായനാർ സ്മാരക ഗവൺമെന്റ് ആശുപത്രിയിൽ പീഡിയാട്രിക് ഐസിയു സ്ഥാപിക്കാൻ 29.5 ലക്ഷം രൂപയുടെ ഭരണാനുമതി. തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന്റെ 2021-22 വർഷത്തെ എംഎൽഎ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്.
ആഴ്ചയിൽ ആറ് ദിവസം പീഡിയാട്രിക് ഒപി സൗകര്യവും 12 കിടക്കകളോടുകൂടിയ പീഡിയാട്രിക് വാർഡും 12 നവജാത ശിശുക്കളെ കിടത്താവുന്ന എസ്എൻസിയു സൗകര്യവും നിലവിലുണ്ട്. എന്നാൽ പീഡിയാട്രിക് ഐസിയു സൗകര്യം ലഭ്യമായിരുന്നില്ല. നേരത്തെ എം.വി. ഗോവിന്ദന്റെ അധ്യക്ഷതയിൽ അവലോകനം യോഗം ചേർന്ന് ആശുപത്രി വികസനം സംബന്ധിച്ച് ചർച്ച ചെയ്തിരുന്നു.
പുതിയ കാഷ്വാലിറ്റി ബ്ലോക്ക് കെട്ടിട നിർമാണം, അഗ്നി സുരക്ഷാ സംവിധാനം സ്ഥാപിക്കൽ, പവർ സ്റ്റേഷൻ നിർമാണം, പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കൽ, ജനറേറ്റർ സ്ഥാപിക്കൽ, ജനറേറ്റർ റൂം, ഓഫീസ് നവീകരണം തുടങ്ങിയ പ്രവൃത്തികളും പുരോഗമിക്കുകയാണ്. ഇതിനായി 7.62 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു.