ഇരിട്ടി: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കേരള-കര്‍ണാടക അതിര്‍ത്തിയില്‍ മാക്കൂട്ടത്ത് കർണാടക സർക്കാർ സ്ഥാപിച്ച കണ്ടെയ്നർ ചെക്ക്പോസ്റ്റ് നിയന്ത്രണങ്ങൾ നീക്കിയ സാഹചര്യത്തിൽ വാഹനപരിശോധനയ്ക്കുള്ള സ്ഥിരം സംവിധാനമാക്കുന്നു. കേരളത്തിൽ കോവിഡ് കേസുകൾ വർധിച്ച സാഹചര്യമുണ്ടായപ്പോൾ കർണാടക ആരോഗ്യവകുപ്പ്, റവന്യൂ, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇരുന്നു പരിശോധന നടത്താനുള്ള സൗകര്യത്തിനായാണ് കണ്ടെയ്നർ സ്ഥാപിച്ചത്. ആദ്യം താത്കാലിക ഷെഡിലാണ് പരിശോധന ആരംഭിച്ചത്. പിന്നീട് കുടക് കളക്ടറേറ്റ് സ്ഥിതിചെയ്യുന്ന മടിക്കേരി ഡെപ്യൂട്ടി കമ്മീഷണറേറ്റുമായി ബന്ധപ്പെടുത്തി സിസിടിവി കാമറ ഘടിപ്പിച്ച് സ്ഥിരം പരിശോധനാ സംവിധാനമായി കണ്ടെയ്നർ സ്ഥാപിക്കുകയായിരുന്നു. നികുതിവെട്ടിപ്പ് തടയാനെന്ന പേരിലാണ് ആര്‍ടിഒ ചെക്ക് പോസ്റ്റായി മാക്കൂട്ടത്തെ പരിശോധനാകേന്ദ്രം മാറ്റുന്നത്. എന്നാല്‍, കേരള-കര്‍ണാടക അതിര്‍ത്തിയില്‍ ആധിപത്യം സ്ഥാപിക്കുന്നതിനായാണ് സ്ഥിരം പരിശോധനാകേന്ദ്രം ആരംഭിക്കുന്നതെന്നും സംശയമുയർന്നിട്ടുണ്ട്.
അയ്യന്‍കുന്ന്, പായം പഞ്ചായത്ത് പരിധിയിലുളള ഏക്കർകണക്കിന് പുഴയോരമാണ് കര്‍ണാടക വനംവകുപ്പ് കൈയേറി കൈവശം വച്ചിരിക്കുന്നത്. അതിര്‍ത്തിയിലെ ജെണ്ട പിഴുതുമാറ്റി സ്ഥാപിച്ചാണ് കൈയേറ്റം. ഇതുസംബന്ധിച്ച് മാധ്യമങ്ങളിൽ വാര്‍ത്ത വരുമ്പോള്‍ തഹസില്‍ദാറും സ്ഥലം എംഎല്‍എ സണ്ണി ജോസഫും സന്ദര്‍ശിക്കുന്നതല്ലാതെ ജില്ലാകളക്ടറോ റവന്യൂവകുപ്പ് ഉന്നതരോ ഇതുവരെ ഇവിടം സന്ദര്‍ശിക്കാത്തതും സര്‍ക്കാര്‍ ഉന്നതതല ഇടപെടല്‍ നടത്താത്തതും കര്‍ണാടകയുടെ കൈയേറ്റത്തിന് പ്രോത്സാഹനമായിട്ടുണ്ട്.