കണ്ണൂർ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവാഹങ്ങളോട് അനുബന്ധിച്ച് നടക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ കർശനമായി തടയുന്നതിനും കണ്ണൂർ മോഡൽ അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാനുമായി ഒരു പ്രവർത്തന പദ്ധതിക്ക് അടിയന്തരമായി രൂപം നൽകാൻ സംസ്ഥാന പോലീസ് മേധാവി നടപടിയെടുക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
നടപടികൾ സ്വീകരിച്ച ശേഷം സംസ്ഥാന പോലീസ് മേധാവി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു.
തോട്ടടയിൽ വിവാഹവീടിന് സമീപം ബോംബ് പൊട്ടി ഏച്ചൂർ സ്വദേശി ജിഷ്ണു കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന സംഘർഷങ്ങൾ സ്ഥിരം സംഭവമായി മാറിയിരിക്കുകയാണെന്ന് കമ്മീഷൻ ഇടക്കാല ഉത്തരവിൽ പറഞ്ഞു. ഇത്തരം മൃഗയാ വിനോദങ്ങൾ ജീവൻ കവർന്നെടുക്കുന്ന അവസ്ഥയിലെത്തിയത് അത്യന്തം ദൗർഭാഗ്യകരമാണ്. സാമുദായിക സൗഹാർദ്ദം തകർത്ത്, സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കുന്ന തരത്തിലേക്ക് ഇത്തരം പ്രവണതകൾ വളർന്ന പശ്ചാത്തലത്തിൽ അതിശക്തമായ നടപടികൾ അനിവാര്യമായി മാറിയിരിക്കുകയാണെന്ന് കെ.ബൈജു നാഥ് ഉത്തരവിൽ പറഞ്ഞു.