വേനൽകടുക്കുമ്പോൾ ആറളം ഫാം ആദിവാസി ഊരുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ പഞ്ചായത്ത് നേതൃത്വത്തിൽ എട്ടിടങ്ങളിൽ ജനകീയ യോഗങ്ങൾ ചേർന്നു. ഫാമിലെ വിവിധ ബ്ലോക്കുകളിലെ ഊരുകൂട്ടങ്ങളിൽ എട്ട് ജലനിധി പദ്ധതികളുണ്ട്. 1300 കുടുംബങ്ങൾക്ക് ഗാർഹിക കുടിവെള്ളവിതരണത്തിനാണ് നേരത്തെ ജലനിധിയാരംഭിച്ചത്. ജലനിധിയിൽനിന്ന് ആവശ്യത്തിന് കുടിവെള്ളം കിട്ടുന്നില്ലെന്ന പരാതിയിലാണ് കുടുംബങ്ങൾ.
കോട്ടപ്പാറ, കാളികയം, പൂക്കുണ്ട്, കാളിപ്പാറ, കരിക്കൻമുക്ക്, പാലക്കുന്ന്, ഏഴാം ബ്ലോക്കിലെ തുടി എന്നിവിടങ്ങളിലാണ് ഗുണഭോക്താക്കളുടെ യോഗം ചേർന്നത്. ജലനിധി പമ്പ് ഹൗസുകൾ അറ്റകുറ്റപ്പണി നടത്തി നവീകരിക്കണമെന്നും കാട്ടാനകൾ ചവിട്ടിത്തകർത്ത കുടിവെള്ള വിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്നും കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം വേണമെന്നും നിർദേശമുയർന്നു. സമയബന്ധിതമായി ഇക്കാര്യങ്ങൾ പരിഹരിച്ച് ആദിവാസി മേഖലയിൽ കുടിവെള്ളവിതരണം കാര്യക്ഷമമാക്കാനാണ് ശ്രമമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ് അറിയിച്ചു. യോഗങ്ങളിൽ ആറളം ഫാം വാർഡ് അംഗം മിനി ദിനേശൻ, പഞ്ചായത്ത് സെക്രട്ടറി വി രാമചന്ദ്രൻ, ടിആർഡിഎം സൈറ്റ് മാനേജർ പി പി ഗിരീഷ്, എസ്‌ടി പ്രേമോട്ടർമാർ പങ്കെടുത്തു.
കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി വിഷയത്തിന് പരിഹാരമുണ്ടാക്കാനുള്ള ശ്രമം നടത്തുമെന്ന് അധികൃതർ അറിയിച്ചു. മാർച്ച്,- ഏപ്രിൽ, -മെയ് മാസങ്ങളിൽ പഞ്ചായത്ത് പദ്ധതിയിൽ ടാങ്കറിൽ ഇത്തവണയും കുടിവെള്ളമെത്തിക്കാൻ മുൻകൂട്ടി അനുമതി തേടാനാണ് പഞ്ചായത്ത് ശ്രമം.
previous post