25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ചെറാട് മലകയറ്റം; ബാബുവിന് ലഭിച്ച ഇളവ് ഇനി ആരും പ്രതീക്ഷിക്കേണ്ടെന്ന് റവന്യൂ മന്ത്രി
Kerala

ചെറാട് മലകയറ്റം; ബാബുവിന് ലഭിച്ച ഇളവ് ഇനി ആരും പ്രതീക്ഷിക്കേണ്ടെന്ന് റവന്യൂ മന്ത്രി

ചെറാട് മലയില്‍ കുടുങ്ങിയ ശേഷം സൈന്യം രക്ഷപ്പെടുത്തിയ ബാബുവിന് ലഭ്യമായ ഇളവ് ഇനി ആരും പ്രതീക്ഷിക്കേണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ചെറാട് മലയിലേക്കുള്ള അനാവശ്യ യാത്ര തടയും. ഇതിനായി കളക്ടര്‍ കണ്‍വീനറായ സമിതി രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഫെബ്രുവരി ഏഴിനാണ് ചെറാട് കൂര്‍മ്പാച്ചിമലയില്‍ ബാബു അകപ്പെട്ടുപോയത്. തിങ്കളാഴ്ച തുടങ്ങിയ രക്ഷാപ്രവര്‍ത്തനം കരസേനയെത്തിയശേഷം ബുധനാഴ്ചയാണ് അവസാനിച്ചത്. കോസ്റ്റ് ഗാര്‍ഡ് ഹെലിക്കോപ്റ്റര്‍, വ്യോമസേനാ ഹെലിക്കോപ്റ്റര്‍, കരസേന, മറ്റ് രക്ഷാപ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെയായിരുന്നു രക്ഷാദൗത്യം. ഇതിനായി മാത്രം അരക്കോടി രൂപയോളം ചെലവിട്ടതായാണ് കണക്കുകള്‍.

അനധികൃതമായി മല കയറിയ ബാബുവിനെതിരേ നടപടി ഉണ്ടാവുമെന്ന് ബന്ധപ്പെട്ട വകുപ്പ് വ്യക്തമാക്കിയിരുന്നെങ്കിലും ബാബുവിന്റെ മാതാവിന്റെ അഭ്യര്‍ഥന മാനിച്ച് നടപടി സ്വീകരിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയിരുന്നു.

എന്നാല്‍ കൂര്‍മ്പാച്ചി മലയില്‍ കയറി കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തിയതിന്റെ നാലാംനാള്‍ നാട്ടുകാരെ ആശങ്കപ്പെടുത്തി മലയില്‍ വീണ്ടും ആള്‍ കയറി കുടുങ്ങിയിരുന്നു. വനപാലകരും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ രാത്രി 12.30-ഓടെ ഇദ്ദേഹത്തെ താഴെയെത്തിച്ചു. ഞായറാഴ്ച രാത്രി മലമുകളില്‍ ടോര്‍ച്ച് വെളിച്ചം കണ്ടതിനെത്തുടര്‍ന്ന് നാട്ടുകാരാണ് വിവരം വനപാലകരെ അറിയിച്ചത്. രാത്രി എട്ടരമുതലാണ് കൂര്‍മ്പാച്ചി മലയുടെ ഏറ്റവും മുകളിലായി ടോര്‍ച്ചിലേതെന്ന് തോന്നിക്കുന്ന വെളിച്ചം കണ്ടത്. ഇയാള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു.

ബാബു മല കയറിയതിന്റെ പേരില്‍ നടക്കുന്ന പ്രചാരണങ്ങള്‍ മറ്റുള്ളവരെയും മല കയറാന്‍ പ്രേരിപ്പിക്കുന്നുണ്ട്. പകലും വൈകുന്നേരങ്ങളിലുമായി പലരും ഈ മലയിലേക്ക് വരുന്നുണ്ട്. ഇത് വലിയ അപകടങ്ങളിലേക്ക് വഴിവെച്ചേക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാതൃകാപരമായി ശിക്ഷാനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Related posts

പ്രചാരണത്തിന്റെ ഉത്സവമേളമൊതുങ്ങി; തിരഞ്ഞെടുപ്പ് നാളെ…………

Aswathi Kottiyoor

ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരും

Aswathi Kottiyoor

സപ്ലൈകോയിൽ അവശ്യസാധനങ്ങളുടെ മതിയായ സ്റ്റോക്ക് ഉറപ്പുവരുത്തി: സിഎംഡി

Aswathi Kottiyoor
WordPress Image Lightbox