കണ്ണൂര്‍: കാലത്തിന്റെ മാറ്റം പതുക്കെയാണെങ്കിലും കേരളത്തോടൊപ്പം കണ്ണൂരും ഉൾക്കൊള്ളുകയാണ്. മാറുകയാണ് കണ്ണൂര്‍, വികസനത്തിന്റെ ചുക്കാൻ കണ്ണൂരുകാരും ഏറ്റെടുക്കുകയാണ്. ഭാവി പ്രതീക്ഷകളെ ചുമലിലേറ്റി എല്ലാ കഷ്ടനഷ്ടങ്ങളും സഹിച്ച് മാറ്റത്തിനൊപ്പം ജനങ്ങളും നീങ്ങുന്നു. അടുത്ത നാളിൽ കടന്നുപോയ പ്രദേശങ്ങളുടെ മുഖഛായ പാടേ മാറി. സംസ്ഥാനത്ത് കണ്ണൂരിലടക്കം ദേശീയപാതe വികസനം തകൃതിയാണ്.
മരം മുറിക്കലും കെട്ടിടം പൊളിക്കലും മണ്ണിട്ടു നികത്തലും പാലം നിര്‍മാണവും കുന്നുകളെ നെടുകെ മുറിച്ചു മാറ്റലുമൊക്കെ നടക്കുമ്പോള്‍ ചില പ്രദേശങ്ങള്‍ നാട്ടുകാര്‍ക്കുപോലും തിരിച്ചറിയാന്‍ പറ്റാത്ത വിധം മാറുകയാണ്. കണ്ണൂരിൽ കാലിക്കടവ് മുതല്‍ മുഴപ്പിലങ്ങാട് വരെ ജില്ലയില്‍ ഏറ്റെടുത്ത 199.5550 ഹെക്ടര്‍ ഭൂമിയിലെ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റല്‍, മരം മുറിക്കല്‍, വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിക്കല്‍, വയല്‍ നികത്തല്‍ എന്നീ പ്രവൃത്തികള്‍ കഴിഞ്ഞപ്പോള്‍തന്നെ പ്രദേശങ്ങളുടെ രൂപവും ഭാവവും മാറി.
കണ്ണൂരിലടക്കം കൂടുതൽ
ക്രെയിൻ, ട്രക്ക്,
മണ്ണ് മാന്തി യന്ത്രം
ദേശീയപാത 17 വികസനത്തിന്റെ ഭാഗമായുള്ള നിര്‍ദിഷ്ട കണ്ണൂര്‍-കൊച്ചി-തിരുവനന്തപുരം അതിവേഗ പാതയുടെ ഭൂമി ഏറ്റെടുക്കല്‍ ഏതാണ്ട് പൂർത്തിയാതോടെ പതുക്കെ തുടങ്ങിയ പ്രവൃത്തിക്ക് കൂടുതൽ ഊർജസ്വലത കൈവന്നു. ദേശീയപാത നിർമാണത്തിനായി ക്രെയിൻ, ട്രക്ക്, മണ്ണ് മാന്തി യന്ത്രം എന്നിവയടക്കം കൂടുതൽ ഉപകരണങ്ങൾ ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നായി കണ്ണൂരിലടക്കം വിവിധ ജില്ലകളിൽ എത്തിച്ചു. ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന വജാഡ് കമ്പനിയാണു റോഡ് നിർമാണത്തിന് വേണ്ടുന്ന ഉപകരണങ്ങൾ കൊണ്ടുവന്നത്.
35 റേക്കുകളുള്ള റോ-റോ സർവീസ് ട്രെയിനിൽ അഞ്ചിന് പുലർച്ചെ 5.30 ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ദേശീയപാത നിർമാണത്തിനുള്ള ഉപകരണങ്ങൾ മൂന്നാമത്തെ തവണ എത്തിച്ചിരുന്നു. ഇതിനു മുന്‍പ് 28, 30 റേക്കുകളുള്ള റോ-റോ സർവീസ് ട്രെയിനുകളിലായിരുന്നു ഉപകരണങ്ങൾ കൊണ്ടുവന്നത്. ആദ്യമായാണ് 35 റേക്കുകളുള്ള റോ-റോ ട്രെയിൻ കണ്ണൂരിലെത്തുന്നത്. മണ്ണുനിരത്തൽ, കടത്തൽ, കോൺക്രീറ്റ് മിക്സിംഗ്, മെറ്റൽ ക്രഷർ യൂണിറ്റുകൾ, ബിറ്റുമിൻ മിക്സിംഗ് പ്ലാന്റ്, റെഡി മിക്സ് യൂണിറ്റ്, പുറമേ പാലങ്ങൾ, മേൽപ്പാലങ്ങൾ എന്നിവയുടെ നിർമാണത്തിനു വേണ്ടിയുള്ള മറ്റ് ഉപകരണങ്ങൾ എന്നിവയാണ് റോ-റോ സർവീസ് വഴി അഞ്ചിന് കൂടുതലായി എത്തിയത്.
മുഖം മിനുക്കാൻ കണ്ണൂരും
കാലിക്കടവ് മുതല്‍ താഴെചൊവ്വ കിഴുത്തള്ളി ബൈപാസിലെ കിഴുത്തള്ളി വരെ മണ്ണിട്ട് നിരപ്പാക്കുന്ന ജോലികള്‍ ഊർജിതമാണ്. കാലിക്കടവ് മുതല്‍ ഏഴിലോട് വരെ മണ്ണിട്ട് നിരപ്പാക്കല്‍, ഉയര്‍ത്തല്‍ എന്നീ പ്രവൃത്തികള്‍ നടക്കുന്നുണ്ട്. പുതിയങ്കാവ് മുതല്‍ എടാട്ട് കണ്ണങ്ങാട്ട് വരെയുള്ള പെരുമ്പ ബൈപാസിന്റെ സ്ട്രക്ച്ചര്‍ പൂര്‍ത്തിയായി. പെരുമ്പ പുഴയ്ക്കു കുറുകെ നിര്‍മിക്കുന്ന പാലത്തിന്റെ ടെസ്റ്റ് പൈലിംഗ് പൂര്‍ത്തിയായി. കാര്യങ്കാട് പുഴയിലെ പൈലിംഗ് പൂര്‍ത്തിയാകുന്നതോടെ പെരുമ്പ പുഴയില്‍ പാലത്തിനു പൈലിംഗ് തുടങ്ങും. തളിപ്പറമ്പ് കീഴാറ്റൂര്‍ വയല്‍ പകുതിയിലേറെ ഭാഗത്തു മണ്ണിട്ട് നികത്തി. വയലിലെ ചെളിമണ്ണ് നീക്കം ചെയ്താണു പുറത്തുനിന്നു കൊണ്ടുവരുന്ന മണ്ണ് നിക്ഷേപിക്കുന്നത്. കൂവോട് വയലും മണ്ണിട്ട് നികത്തിക്കഴിഞ്ഞു.
പുതിയ പാലത്തിനൊരുങ്ങി
വളപട്ടണം പുഴ
വളപട്ടണം പുഴയില്‍ പുതിയ പാലം നിര്‍മിക്കുന്നതിനായി തുരുത്തിയില്‍ പൈലിംഗ് ജോലികള്‍ സജീവമായി. കാട്ടാമ്പള്ളി പ്രദേശത്തും മണ്ണു നിരത്തല്‍ നടക്കുന്നുണ്ട്. മുണ്ടയാട്-എളയാവൂര് -കിഴുത്തള്ളി ഭാഗങ്ങളില്‍ മണ്ണ് നിരത്തുന്ന പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണ്.
ചാല ഭഗവതി ക്ഷേത്രത്തിനു മുന്‍വശം മുതല്‍ സ്വകാര്യ ആശുപത്രിക്ക് സമീപം വരെ ആറുവരിയില്‍ മേല്‍പ്പാലമാണ് നിര്‍മിക്കുന്നത്. ഇതിനു വേണ്ടിയുള്ള ടെസ്റ്റ് പൈലിംഗ് പൂര്‍ത്തിയായി. കൂത്തുപറമ്പ് സംസ്ഥാനപാതയും നടാലിലേക്കുള്ള പഴയ ബൈപ്പാസും അടിയിലൂടെയും ആറുവരി ദേശീയപാത മേല്‍പ്പാലം വഴിയും ആയിരിക്കും. എടക്കാട്, നടാല്‍ ഭാഗങ്ങളില്‍ മണ്ണിട്ട് നിരത്തുന്ന പ്രവൃത്തി നടക്കുന്നുണ്ട്.
ബൈപാസ് നിര്‍മാണത്തിന്റെ ഭാഗമായി പുളിമ്പറമ്പ് മഞ്ചക്കുഴി കുന്ന് പിളര്‍ത്തിയുള്ള നിര്‍മാണം പുരോഗമിക്കുകയാണ്. മുഴപ്പിലങ്ങാട്-മാഹി ബൈപാസ് മേയ് അവസാനത്തോടെ ഗതാഗതത്തിനു തുറന്നു കൊടുക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. ബൈപാസിലെ എല്ലാ പാലങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയായി. അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെ മുഴപ്പിലങ്ങാട് നിര്‍മിച്ച പാലത്തില്‍ ടാറിംഗ് പൂര്‍ത്തിയായി. പാലയാട്ടെ ബാലം പാലം പൂര്‍ത്തിയായെങ്കിലും അനുബന്ധ റോഡിനു വേണ്ടി ചതുപ്പില്‍ മണ്ണിടുന്നതുമായി ബന്ധപ്പെട്ട നാട്ടുകാരുടെ പരാതി നിലനിൽക്കുന്നത് പ്രവൃത്തിയുടെ വേഗത കുറച്ചു. അഴിയൂരില്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു.
നിശബ്ദമായ വയൽക്കിളികളെ
തട്ടിമാറ്റി കീഴാറ്റൂർ വയലും
നികന്നു
കീഴാറ്റൂരില്‍ പുതിയ ചരിത്രമെഴുതാനൊരുങ്ങിയ വയൽക്കിളികൾ പറന്നുയർന്നപ്പാടെ ചിറകൊടിഞ്ഞു വീണത് പ്രകൃതി സ്നേഹികളെ ആശങ്കയിലാക്കുന്നതായി. കൂട്ടിലൊതുങ്ങിയ വയൽക്കിളികളെ ചാന്പലാക്കി കീഴാറ്റൂരിൽ വയലുകൾ ചുരുങ്ങി. ബൈപാസ് എത്തുന്നതിനു മുന്‍പുള്ള പുളിമ്പറമ്പ് മഞ്ചക്കുഴി കുന്നു നെടുകെ പിളര്‍ന്നാണു ദേശീയപാത കടന്നുപോകുന്നത്. മീറ്ററുകളോളം താഴ്ചയിലാണ് ഇവിടെ കുന്ന് നെടുകെ പിളര്‍ന്നത്. ഇവിടെനിന്നുള്ള മണ്ണാണു കീഴാറ്റൂര്‍ വയലിലും മറ്റുമായി നിറയ്ക്കുന്നത്. കുപ്പം പാലത്തിനു സമീപത്തുള്ള പുളിയോട് കുന്നും ഇടിച്ചു കഴിഞ്ഞു. കുപ്പം പാലത്തിനു സമാന്തരമായി പുതിയ പാലം നിര്‍മിക്കാനുള്ള പൈലിംഗ് ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. നിലവിലുള്ള പാലത്തിനോടു ചേര്‍ന്നുതന്നെയാണു പുതിയ പാലവും നിര്‍മിക്കുന്നത്.
കുറ്റിക്കോല്‍, ബക്കളം, ധര്‍മശാല എന്നിവിടങ്ങളില്‍ മണ്ണ് നിരത്തുന്ന പ്രവൃത്തി നടന്നുവരുന്നു. കുറ്റിക്കോലില്നിന്നും മാങ്ങാട് വരെ നിലവിലെ ദേശീയപാത വീതി കൂട്ടിയാണു നിര്‍മാണം. കല്യാശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപത്തുനിന്നും ദേശീയപാതയില്‍നിന്നും മാറി കല്യാശേരി, മംഗലശേരി, വയക്കര വയല്‍ വഴി കീച്ചേരിയില്‍ എത്തിച്ചേരും. വേളാപുരത്തുനിന്നും വീണ്ടും വഴി മാറി തുരുത്തിയിലൂടെ കടന്നുപോകും.
അതിർത്തികൾ
മാറ്റി വരയ്ക്കപ്പെടുന്നു
കണ്ണൂർ റീജണിന്റെ പ്രവൃത്തി ഹൈദരാബാദ് ആസ്ഥാനമായ വിശ്വ സമുദ്രാ എൻജിനിയറിംഗിനാണ്. കണ്ണൂർ ബൈപ്പാസ് ചിറക്കൽ-പുഴാതി-വലിയന്നൂർ-എളയാവൂർ-ചേലോറ-ചെമ്പിലോട്-എടക്കാട് കടമ്പൂർ-മുഴപ്പിലങ്ങാട് വില്ലേജുകളിലൂടെ കടന്നുപോകും. പാപ്പിനിശേരി തുരുത്തി പ്രദേശത്തെ ചിറക്കൽ കോട്ടക്കുന്ന് ഭാഗത്തെ ബന്ധിപ്പിക്കുന്ന രീതിയിൽ വളപ്പട്ടണം പാലത്തിനു പുതിയ പാലവും വരുന്നതോടെ വളപ്പട്ടണത്തേയും പാപ്പിനിശേരിയിലേയും നിലവിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവും.
അങ്ങനെ വികസനം അകന്നുനിന്ന മലബാറില്‍ മാറ്റത്തിന്റെ അലയൊലികള്‍ ഉയരുകയാണ്. നല്ല ഭാവി സ്വപ്നം കണ്ടുള്ള പ്രവര്‍ത്തനമാണെങ്കിലും പ്രകൃതിയുടെ സംതുലിതാവസ്ഥയെ തകര്‍ത്തുകൊണ്ടുള്ള വികസന കുതിപ്പിനിടെ വലിയ ആശങ്കയും അതുവഴി ഉത്കണ്ഠയും ജനത്തെ അലട്ടുന്നുണ്ടെന്ന കാര്യം കൂടി പറയാതിരുന്നുകൂട.