കൊട്ടിയൂർ: മലയോര ഹൈവേ വികസന പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഭാഗമായി 1995_96 കാലഘട്ടത്തിൽ യാത്രക്കാർക്ക് സുഗമമായി യാത്ര സൗകര്യാർത്ഥം നിർമ്മാണം പൂർത്തിയാക്കിയ നീണ്ടു നോക്കി ബസ് സ്റ്റാൻഡിൽ ബസുകൾ കയറാതായിട്ട് വർഷം 27 കഴിഞ്ഞു. വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുകയും കെ എസ് ആർ ടി സി ഉൾപ്പെടെ നിരവധി വാഹനങ്ങൾ നിരന്തരം സർവ്വീസ് നടത്തുന്ന ഈ റോഡിൻെറ ഇരു വശത്തും പൊതുജന പാർക്കിംഗ് ഉൾപ്പെടെയുള്ള സ്ഥലത്താണ് നിലവിൽ യാത്രക്കാർ ബസ് കയറുകയും ഇറങ്ങുകയും ചെയ്യുന്നത്. ഇത് നിരന്തരം ഗതാഗത കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു. കംഫർട്ട് സ്റ്റേഷൻ ഉൾപ്പെടെ സൗകര്യങ്ങൾ നിലവിലുണ്ടെങ്കിലും യാത്രക്കാർക്ക് വിശ്രമിക്കാനും കാത്തിരിപ്പു കേന്ദ്രവും ഒരുക്കിയിട്ടില്ല. പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും യാതൊരു വിധ പ്രവർത്തനങ്ങളും നടത്തിയിട്ടില്ലെന്നും ബസ് സ്റ്റന്റിന്റെ നിർമ്മാണം അശാസ്ത്രീയമാന്നെന്നും പ്രദേശവാസികൾ പറഞ്ഞു. അതേ സമയം മികച്ച അറ്റകുറ്റ പണി നടത്തി സ്റ്റാന്റിനെ ഉപയോഗപ്രദമാക്കണമെന്നും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ബസ്റ്റാൻഡ് വന്നാൽ നീണ്ടു നോക്കിയിൽ നില നിൽക്കുന്ന ഗതാഗത കുരുക്കിന് ശമനം കിട്ടുംമെന്ന് വ്യാപാരികൾ അറിയിച്ചു .