23.3 C
Iritty, IN
July 27, 2024
  • Home
  • Thiruvanandapuram
  • കേന്ദ്രബജറ്റ്‌ പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗത്തെ അവഗണിച്ചു: എ കെ ബാലൻ
Thiruvanandapuram

കേന്ദ്രബജറ്റ്‌ പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗത്തെ അവഗണിച്ചു: എ കെ ബാലൻ

തിരുവനന്തപുരം പൊതുസമൂഹവും, പത്രദൃശ്യ മാധ്യമങ്ങളും 2022-23 കേന്ദ്രഗവണ്‍മെന്റ്‌ ബജറ്റിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുമ്പോള്‍ അവഗണിച്ച ഒരു വിഭാഗമാണ്‌ സമൂഹത്തിലെ പാര്‍ശ്വവല്‍കൃത സമൂഹമെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിന്‌ നിലവിലുണ്ടായിരുന്ന പ്രത്യേക ഘടക പദ്ധതി ബിജെപി ഗവണ്‍മെന്റിന്‌ കീഴില്‍ പൂര്‍ണ്ണമായും അവഗണിക്കപ്പെട്ടു. എസ്‌സിപി/ടിഎസ്‌പി പദ്ധതി ഇപ്പോള്‍ ഇല്ല.

ഈ വിഭാഗത്തിന്‌ ബജറ്റ്‌ മുഖേന നീക്കിവെച്ച പണം ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാന്‍ പറ്റുന്ന ഈ സംവിധാനം ബിജെപി ഗവണ്‍മെന്റ്‌ ഇല്ലാതാക്കിയത്‌ പ്രത്യേക ലക്ഷ്യത്തോടെയായിരുന്നു. പ്രസ്‌തുത വിഭാഗത്തിന്‌ നീക്കിവെച്ച ഫണ്ടില്‍ കുറവ്‌ വരുത്തുന്നത്‌ കണ്ടുപിടിക്കാതിരിക്കാനാണ്‌ പ്രത്യേക ഘടക പദ്ധതി ബിജെപി ഗവണ്‍മെന്റ്‌ വേണ്ടെന്നുവച്ചത്‌. ഇത്‌ വ്യക്തമാക്കുന്നതാണ്‌ കേന്ദ്ര ധനകാര്യ വകുപ്പ്‌ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച 2022-23 കേന്ദ്രബജറ്റ്‌.

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച 2022-23 കേന്ദ്രബജറ്റ്‌ പാര്‍ശ്വവല്‍കൃത വിഭാഗങ്ങളായ പട്ടികജാതി-പട്ടികവര്‍ഗ്ഗ ജനതയെ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കുന്ന ബജറ്റാണെന്ന്‌ കാണാവുന്നതാണ്‌. കേന്ദ്ര ബജറ്റിന്റെ ആകെ വിഹിതം 39,44,909.00 കോടി രൂപയാണ്‌. 2021-22 ബജറ്റ്‌ വിഹിതം 34,83,236.00 കോടി രൂപയായിരുന്നു. എന്നാല്‍ റിവേഴ്‌സ്‌ഡ്‌ എസ്റ്റിമേറ്റ്‌ പ്രകാരം 37,70,000.00 കോടി രൂപയാക്കിയിരുന്നു. മുന്‍വര്‍ഷ ബജറ്റില്‍ നിന്നും 4,61,673.00 കോടി രൂപയുടെ വര്‍ദ്ധനവാണ്‌ 2022-23 ബജറ്റിലുണ്ടായിരിക്കുന്നത്‌. രാജ്യത്തെ ജനസംഖ്യയില്‍ 16.2 ശതമാനം പട്ടികജാതി ജനസംഖ്യയും, 8.2 ശതമാനം പട്ടികവര്‍ഗ്ഗ ജനസംഖ്യയുമായിരിക്കെ 2022-23 വാര്‍ഷിക ബജറ്റില്‍ പട്ടികജാതി വികനത്തിനായി 1,42,342.00 കോടി രൂപയാണ്‌ വകയിരുത്തിയിരിക്കുന്നത്‌. ഇത്‌ ആകെ വിഹിതത്തിന്റെ 3.6 ശതമാനം മാത്രമാണ്‌. അതേപോലെ പട്ടകവര്‍ഗ്ഗ വികസനത്തിനായി 89,265.00 കോടി രൂപയാണ്‌ വകയിരുത്തിയിരിക്കുന്നത്‌. ഇതാകട്ടെ ആകെ വിഹിതത്തിന്റെ 2.26 ശതമാനം മാത്രവുമാണ്‌. മൊത്തം എസ്‌.സി-എസ്‌.ടി വിഭാഗത്തിന്‌ 6.26 ശതമാനം മാത്രം. മൊത്തം ജനസംഖ്യയുടെ 25 ശതമാനം വരുന്ന വിഭാഗത്തിന്‌ 6.26 ശതമാനം മാത്രമാണ്‌ നീക്കി വെച്ചത്‌.

പട്ടികജാതി വികസനത്തിനായി നടപ്പുസാമ്പത്തിക വര്‍ഷം (2021-22) വകയിരുത്തിയ തുക (1,39,956.00 കോടി രൂപ) യേക്കാള്‍ 1.7 ശതമാനം വര്‍ദ്ധനവും, പട്ടികവര്‍ഗ്ഗ വികസനത്തിനായി നടപ്പുസാമ്പത്തിക വര്‍ഷം വകയിരുത്തിയ തുകയേക്കാള്‍ (87,473.00 കോടി രൂപ) 2 ശതമാനം വര്‍ദ്ധനവും മാത്രമാണ്‌ 2022-23 വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്‌. എന്നാല്‍ 2021-22 വര്‍ഷം വകയിരുത്തിയ തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ 2022-23 ലെ വര്‍ദ്ധിത വിഹിതത്തിന്റെ 0.5 ശതമാനം മാത്രം പട്ടാകജാതി വികസനത്തിനും, 0.38 ശതമാനം പട്ടികവര്‍ഗ്ഗ വികസനത്തിനും ലഭിച്ചിട്ടുള്ളൂവെന്ന്‌ കാണാവുന്നതാണ്‌. എന്നാല്‍ നടപ്പുവര്‍ഷത്തെക്കാള്‍ ആകെ വിഹിതത്തില്‍ 13.25 ശതമാനത്തിന്റെ വര്‍ദ്ധനവാണ്‌ 2022-23 ബജറ്റില്‍ ആകെ വന്നിട്ടുള്ളത്‌. ഭരണഘടനാപരമായി പ്രത്യേക പദവി നല്‍കിയിട്ടുള്ള പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ വികസനത്തിനായി ജനസംഖ്യാനുപാതികമായി ബജറ്റില്‍ തുക വകയിരുത്തേണ്ടതാണ്‌. സംസ്ഥാന സര്‍ക്കാര്‍ ജനസംഖ്യയുടെ 9.1 ശതമാനം വരുന്ന പട്ടകജാതി വിഭാഗത്തിനും, 1.45 ശതമാനം വരുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തിനും യഥാക്രമം പദ്ധതി വിഹിതത്തിന്റെ 9.8 ശതമാനവും, 2.8 ശതമാനവും, മൊത്തം 12.6 ശതമാനവും വകയിരുത്തുമ്പോള്‍ അത്തരത്തിലുള്ള പ്രത്യേക പരിഗണനകള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ലായെന്നും കാണാവുന്നതാണ്‌.

അതേപോലെ പ്രത്യേക കേന്ദ്ര ധനസഹായമായി പട്ടികജാതി വികസന പദ്ധതികള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക്‌ നല്‍കിക്കൊണ്ടിരിക്കുന്ന തുക കഴിഞ്ഞ 3 വര്‍ഷക്കാലമായി കേന്ദ്രഗവണ്‍മെന്റ്‌ ബജറ്റില്‍ വകയിരുത്താറില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിക്കായി 2022-23 ല്‍ 73,000.00 കോടി രൂപയാണ്‌ വകയിരുത്തിയിരിക്കുന്നത്‌. എന്നാല്‍ 2021-22 പുതുക്കിയ എസ്റ്റിമേറ്റ്‌ പ്രകാരം 98,000.00 കോടി രൂപയാണ്‌ വകയിരുത്തിയിരുന്നത്‌. മുന്‍ വര്‍ഷത്തേക്കാള്‍ 25,000.00 കോടി രൂപയുടെ കുറവാണ്‌ വന്നിരിക്കുന്നത്‌. 2020-21 -ല്‍ തൊഴിലുറപ്പ്‌ പദ്ധതിക്കായി ചെലവായത്‌ 1,11,170.00 കോടി രൂപയാണ്‌. ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയുടെ ഗുണഭോക്താക്കളില്‍ വലിയൊരു വിഭാഗം രാജ്യത്തെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളായിരിക്കെ പദ്ധതി വിഹിതത്തിന്റെ ഈ കുറവ്‌ തൊഴിലിനേയും, ഉപഭോഗത്തേയും, വികസനത്തേയും വലിയ രീതിയില്‍ ബാധിക്കുന്നു. പൊതുസമൂഹം ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട കാര്യമാണിത്‌ – എ കെ ബാലൻ പ്രസ്‌താവനയിൽ പറഞ്ഞു.

Related posts

നിയന്ത്രണങ്ങൾ കടുപ്പിച്ച് കേരളം; സർക്കാർ ഓഫീസുകളിൽ പകുതി പേർ ജോലിക്കെത്തിയാൽ മതി, വിദ്യാഭ്യാസം ഓൺലൈനിലൂടെ മാത്രം’, തീരുമാനം മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ…

Aswathi Kottiyoor

കെട്ടിടങ്ങളുടെ ഒറ്റത്തവണ സെസ്: കുടിശിക പിരിച്ചത് 283 കോടി.

Aswathi Kottiyoor

ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന ; ഡിജിറ്റല്‍ വിഭജനം പാടില്ല : മുഖ്യമന്ത്രി…

Aswathi Kottiyoor
WordPress Image Lightbox