തലശേരി: കോവിഡ് നിയന്ത്രണങ്ങളുടെ പേരു പറഞ്ഞ് ഞായറാഴ്ച ദിവസങ്ങളിൽ ദേവാലയങ്ങളിൽ വിശുദ്ധ കുർബാന വിലക്കിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി വീണാ ജോർജ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എന്നിവർക്ക് കത്തോലിക്കാ കോൺഗ്രസ് അതിരൂപത സമിതി നിവേദനം നൽകി. വിശ്വാസികൾക്ക് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ അനുവാദം നൽകണമെന്ന് അതിരൂപത പ്രസിഡന്റ് ടോണി ജോസഫ് പുഞ്ചക്കുന്നേൽ, ജനറൽ സെക്രട്ടറി ബെന്നി പുതിയാംപുറം, ട്രഷറർ ഫിലിപ്പ് വെളിയത്ത് എന്നിവർ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഞായറാഴ്ച ദിവസങ്ങളിൽ സാധാരണയായി അവധിയായതിനാൽത്തന്നെ ജനങ്ങൾ പൊതുസ്ഥലങ്ങളിൽ വരാറില്ല. ആറു ദിവസവും വാഹനങ്ങളിലും മാളുകളിലും വ്യാപാരസ്ഥാപനങ്ങളിലും ഓഫീസുകളിലും ജനങ്ങൾക്ക് കയറിയിറങ്ങാൻ അവകാശം നൽകിയിട്ടും ആരാധനാലയങ്ങളിൽ മാത്രം ഞായറാഴ്ച ദിവസങ്ങളിൽ വിശ്വാസികൾ പോകരുതെന്ന ഉത്തരവ് അപക്വമാണെന്നും അടിയന്തരമായി ഈ ഉത്തരവ് പിൻവലിക്കണമെന്നും കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു.
തലശേരി: ഞായറാഴ്ചത്തെ ലോക്ഡൗൺ ക്രിസ്തീയ വിശ്വാസികളുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്നതാണെന്ന് കെസിവൈഎം തലശേരി അതിരൂപത സമിതി ആരോപിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വിശ്വാസികള്‍ ദേവാലയങ്ങളിലെ ആരാധനകളില്‍ ഓണ്‍ലൈനിലൂടെ മാത്രമേ പങ്കെടുക്കാവൂവെന്ന നിര്‍ദേശം തികച്ചും അപലപനീയമാണ്. ആഴ്ചയിലെ മറ്റു ദിവസങ്ങളില്‍ ഏര്‍പ്പെടുത്താത്ത നിയന്ത്രണങ്ങള്‍ ഞായറാഴ്ചകളില്‍ മാത്രമായി ഏര്‍പ്പെടുത്തിയിരിക്കുന്നത് ക്രിസ്തീയ വിഭാഗങ്ങളുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്നതാണ്.
വിശ്വാസസമൂഹത്തിന്റെ ആരാധനാവകാശങ്ങളെ മാനിച്ച് കോവിഡ് മാനദണ്ഡങ്ങൾ കൊണ്ടുവരണം. കെസിബിസിയും ഇതര സംഘടനകളും നൽകിയ നിവേദനങ്ങൾ പരിഗണിക്കാതെയുള്ള തീരുമാനങ്ങൾ തികച്ചും സ്വാർത്ഥപരമാണ്. മറ്റു പല മേഖലകളിലും നിയന്ത്രണങ്ങളോടുകൂടി പരിപാടികള്‍ അനുവദിക്കുമ്പോള്‍ കോവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിച്ചുവരുന്ന ദേവാലയങ്ങള്‍ക്ക് മാത്രമായി ഇത്തരമൊരു കടുത്ത നിയന്ത്രണം എര്‍പ്പെടുത്തുന്നത് പുനഃപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ അതിരൂപത ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ, അതിരൂപത പ്രസിഡന്റ് ജോയൽ ജോസഫ് തൊട്ടിയിൽ, അതിരൂപത ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.