നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക് നീങ്ങുന്നു. രണ്ടു ദിവസത്തിനുള്ളിൽ സർക്കാർ അന്തിമ തീരുമാനം പ്രഖ്യാപിച്ചില്ലെങ്കിൽ പണിമുടക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ അറിയിച്ചു.
മിനിമം ചാർജ് 12 രൂപയാക്കണം, ടാക്സ് ഇളവ് നൽകണം, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ കഴിഞ്ഞ വർഷം നവംബറിൽ ബസുടമകളുടെ സംഘടനകൾ സർക്കാരിന് മുന്നിൽ വച്ചിരുന്നു. ബസ് ചാർജ് വർധന അനിവാര്യമാണെന്ന് സർക്കാർ സമ്മതിച്ചുവെങ്കിലും തീരുമാനം അനന്തമായി നീളുകയാണെന്ന് ആക്ഷേപിച്ചാണ് ബസുടമകൾ സമരത്തിലേക്ക് പോകുന്നത്.
ആവശ്യങ്ങൾ ഉന്നയിച്ച് ഡിസംബർ മൂന്നാം വാരം സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും ക്രിസ്മസ്, ന്യൂ ഇയർ തിരക്കും സർക്കാരിന്റെ ഇടപെടലും പരിഗണിച്ച് മാറ്റുകയായിരുന്നു. ആവശ്യങ്ങൾ ഉടൻ അംഗീകരിക്കുമെന്നാണ് സർക്കാർ അന്ന് ബസുടമകൾക്ക് ഉറപ്പ് നൽകിയിരുന്നത്.