ഐഒസി–-ബിപിസിഎൽ സംയുക്തസംരംഭം കൊച്ചി–-സേലം എൽപിജി പൈപ്പുലൈൻ പദ്ധതിയുടെ കേരളത്തിലെ റീച്ച് സെപ്‌തംബറിൽ കമീഷൻ ചെയ്യും. ഭൂഗർഭ പൈപ്പുവഴി അമ്പലമുകൾ ബിപിസിഎൽ കൊച്ചിൻ റിഫൈനറി, പുതുവൈപ്പ് ഇന്ത്യൻ ഓയിൽ എൽപിജി ഇംപോർട്ട് ടെർമിനൽ എന്നിവിടങ്ങളിൽനിന്ന് തമിഴ്‌നാട്ടിലേക്ക് എൽപിജി എത്തിക്കുന്ന പദ്ധതിയാണിത്.
1506 കോടി രൂപ ചെലവുള്ള പദ്ധതിയിൽ പാലക്കാട് ബിപിസിഎൽവഴിയാണ് തമിഴ്‌നാട്ടിലേക്ക് എൽപിജി എത്തിക്കുക. കൊച്ചിൻ റിഫൈനറിമുതൽ ഉദയംപേരൂർ ഐഒസിഎൽവരെയുള്ള 12 കിലോമീറ്റർ പൈപ്പുലൈൻ കമീഷൻ ചെയ്‌തു. റിഫൈനറി–-പാലക്കാട്, പുതുവൈപ്പ്–-റിഫൈനറി പൈപ്പുലൈനിന്റെ ജോലികൾ പുരോഗമിക്കുകയാണ്.
കേരളത്തിൽ പൈപ്പുലൈൻ സ്ഥാപിക്കൽ മാർച്ചോടെ പൂർത്തിയാകും. നിർമാണജോലികൾ 70 ശതമാനം പൂർത്തിയായി. എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലൂടെയാണ് പോകുന്നത്. പാലക്കാട് ജില്ലയിലെ പൈപ്പിടൽ പൂർത്തിയായി. തൃശൂരിൽ 11 കിലോമീറ്ററും എറണാകുളത്ത് 52 കിലോമീറ്ററുമാണ് അവശേഷിക്കുന്നത്. ആകെ 420 കിലോമീറ്റർ നീളുന്ന പൈപ്പുലൈനിൽ 210 കിലോമീറ്റർ കേരളത്തിലൂടെയാണ്. ബാക്കി തമിഴ്‌നാട്ടിലൂടെ. വാളയാർമുതൽ സേലംവരെ പൈപ്പുലൈൻ സ്ഥാപിക്കാൻ തമിഴ്‌നാട് സർക്കാരിന്റെ അനുമതി ലഭിച്ചതായി കൊച്ചി–-സേലം പൈപ്പുലൈൻ പ്രൈവറ്റ് ലിമിറ്റഡ് അധികൃതർ അറിയിച്ചു. ഡിസംബറിൽ പൈപ്പിടൽ ആരംഭിക്കും.