ഇരിട്ടി: തണുപ്പും ചൂടും കലർന്ന കാലാവസ്ഥ മാറ്റത്തോടൊപ്പം മലയോര ജനത പനിച്ചുവിറക്കുന്നു. ദിനംപ്രതി ആദിവാസികൾ ഉൾപ്പെടെ ആയിരക്കണക്കിന് രോഗികളാണ് ഇരിട്ടി താലൂക്ക് ആശുപത്രി ഉൾപ്പെടെയുള്ള ചികിത്സകേന്ദ്രങ്ങളിൽ എത്തുന്നത്. ഇവിടെ കോവിഡ് ചട്ടം ഒന്നുംതന്നെ പാലിക്കപ്പെടുന്നില്ലെന്ന് പരാതിയുണ്ട്. മേഖലയിൽ പനിയും തലവേദനയും ജലദോഷവും വ്യാപകമാണ്. ഏതെങ്കിലും രോഗവുമായി സർക്കാർ ആശുപത്രിയിൽ പോയാൽ കോവിഡുമായി തിരിച്ചുവരേണ്ട സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു.താലൂക്ക് ആശുപത്രിയുടെ ഒ.പിക്ക് സമീപം,വിവിധ വിഭാഗത്തിലുള്ള ഡോക്ടർമാരെ കാണാൻ പോകുന്ന സ്ഥലത്ത് പനിയുമായെത്തിയ ആളുകളുടെ ശരീര ഊഷ്മാവ് പരിശോധിക്കുന്ന സ്ഥലമാണ്. ഇവിടെ രേഖപ്പെടുത്തിയ ശേഷമാണ് ഡോക്ടറെ കാണാൻ അനുവദിക്കുക. ഇതിനിടയിലൂടെ വേണം പനിയില്ലാത്തവരും കടന്നുപോകാൻ. സാമൂഹിക അകലം എന്നത് ഇവിടെ പേരിന് മാത്രമാണ്. തിങ്കളാഴ്ച മാത്രം എണ്ണൂറോളം രോഗികളാണ് ഇവിടെയെത്തിയത്. ഇതിൽ 90 ശതമാനവും പനിബാധിതർ. ഇതിനിടയിൽ ആർ.ടി.പി.സി.ആർ പരിശോധന താലൂക്ക് ആശുപത്രിയിൽ നിർത്തലാക്കിയത് സാധാരണക്കാർക്ക് ഇരട്ട പ്രഹരമായി. മൂന്നാം തരംഗം രൂക്ഷമായ ഘട്ടത്തിൽ കോവിഡ് പരിശോധനക്ക് സർക്കാർ സംവിധാനം ഏർപ്പെടുത്താത്തതിൽ പ്രതിഷേധമുണ്ട്.