കണ്ണൂര്‍: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കണ്ണൂർ ജില്ലയെ പിടിമുറുക്കി വൈറൽ പനിയും. ഇടയ്ക്കിടെയുള്ള പനി, ശരീരവേദന, തുമ്മല്‍, ജലദോഷം എന്നിവയുമായി നിരവധി പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നത്. മാറിമാറി വരുന്ന കാലാവസ്ഥയാണ് ഇതിനു കാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
കഴിഞ്ഞവര്‍ഷം ജനുവരി 17 വരെ 5417 പേരാണ് പനിയുമായി ചികിത്സ തേടിയതെങ്കില്‍ ഇത്തവണ അതു രണ്ടിരട്ടിയായി. ഈ വര്‍ഷം ജനുവരി 17 വരെ 13,143 പേരാണ് ജില്ലയില്‍ വിവിധ ആശുപത്രികളിലും പിഎച്ച്സികളിലുമായി ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രിയിലെത്തിയവരുടെ എണ്ണം ഇതിലും കൂടുതലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തണുപ്പ് കാലാവസ്ഥ കൂടുതല്‍ അനുഭവപ്പെട്ട നവംബര്‍, ഡിസംബര്‍ മാസങ്ങളിലും പനിയുമായി ചികിത്സ തേടിയവരുടെ എണ്ണം വര്‍ധിച്ചിരുന്നു.
നവംബറില്‍ 20,977പേരും ഡിസംബറില്‍ 20,502 പേരുമാണ് ചികിത്സ തേടിയത്. ജനുവരിയിൽ പകര്‍ച്ചവ്യാധികളും വൈറല്‍ പനിയും പടരുന്നത് പൊതുവേ ജില്ലയില്‍ കുറവായിരുന്നു. ആദ്യമായാണ് ഇത്തരത്തില്‍ ഈവർഷം ജനുവരി തുടക്കത്തോടെ ഇത്രയധികം പേര് വൈറല്‍ പനിയുമായി ചികിത്സ തേടിയിരിക്കുന്നത്. ചൂടും മഴയും മാറി വന്ന സാഹചര്യത്തില്‍ 2019 സെപ്റ്റംബറിലും ഇത്തരത്തില്‍ പനി ബാധിച്ചവരുടെ എണ്ണം കൂടുതലായിരുന്നു. അന്ന് കാല്‍ലക്ഷം പേരാണ് ചികിത്സ തേടിയത്. നിലവിലെ കാലാവസ്ഥയില്‍ പലര്‍ക്കും ഒരുതവണ പനി വന്നു ചികിത്സ തേടിയാല്‍ പൂര്‍ണമായും വിട്ടുമാറാതെ ദീർഘനാൾ അമിതമായ ക്ഷീണം അനുഭവപ്പെടുന്നു. കുട്ടികളിലാണ് രോഗങ്ങള്‍ കൂടുതല്‍ ബാധിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
പനി ബാധിച്ചാല്‍ ആശുപത്രിയിലെത്താതെ സ്വയം ചികിത്സ നടത്തുന്നവരും ഏറെയാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. മെഡിക്കല്‍ ഷോപ്പില്‍നിന്നു ഗുളിക വാങ്ങി കഴിക്കുക മാത്രമാണ് ഇവര്‍ ചെയ്യുന്നത്. ആശുപത്രികളില്‍ പോയി ടെസ്റ്റ് നടത്തിയാൽ കോവിഡാകുമെന്ന ഭയം കാരണമാണ് പലരും സ്വയം ചികിത്സ നടത്തുന്നത്.
പനി മാറിയില്ലെങ്കിലും ഇത്തരക്കാര്‍ ക്വാറന്റൈന് നിബന്ധന പോലും പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നു. ഇവര്‍ക്ക് കോവിഡാണെങ്കില്‍ ഇവിടെ സമൂഹവ്യാപനം കൂടിയാണ് നടക്കുന്നതെന്ന ചിന്ത ആരിലുമില്ലെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. സ്വയം ചികിത്സ തേടുന്നവർ നിർബന്ധമായും ഏഴു ദിവസം ക്വാറന്റൈനിൽ പ്രവേശിക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.
നിയന്ത്രണം വേണം
കോവിഡ് കേസുകൾ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പും പോലീസും കൃത്യമായ ഇടപെടല്‍ നടത്തുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. മുമ്പ് വീടുകളില്‍ കോവിഡ് രോഗികളുണ്ടെങ്കില്‍ ആശാവര്‍ക്കര്‍ മുഖേന ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. രോഗികള്‍ പുറത്തിറങ്ങി നടക്കുന്നത് ഒഴിവാക്കാന്‍ പോലീസിന്റെ നിരീക്ഷണവുമുണ്ടായിരുന്നു. എന്നാൽ ഇപ്പോള്‍ ഇതൊന്നുമില്ല.
തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ രോഗികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുവാനുള്ള നിര്‍ദേശവും ഇപ്പോഴില്ല. കോവിഡ് രോഗികളുടെ കണക്ക് എല്ലാദിവസവും അറിയിക്കുന്നതൊഴിച്ചാല് മറ്റൊന്നും അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ചില മേഖലകളില്‍ മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ടെങ്കിലും അവ പാലിക്കുന്നുണ്ടോയെന്ന പരിശോധനയും നടക്കുന്നില്ല.