ഇരിട്ടി : കനത്ത മഴയിൽ 2012 ൽ ഷട്ടർ ഉയർത്താൻ കഴിയാഞ്ഞതുമൂലം പഴശ്ശി അണക്കെട്ടിന് മുകളിലൂടെ ജലം കുത്തിയൊഴുകിയതിനെത്തുടർന്ന് തകർന്ന കനാലിലൂടെ13 വർഷത്തിന് ശേഷം വെള്ളമൊഴുകി. പഴശ്ശി മെയിൻ കനാലിന്റെ തകർന്ന ഭാഗങ്ങൾ പുനർനിർമ്മിച്ചതിനെത്തുടർന്നായിരുന്നു വെള്ളിയാഴ്ച പഴശ്ശി കനാലിന്റെ അഞ്ചര കിലോമീറ്റർ ഭാഗത്ത് വെള്ളം ഒഴുക്കി പരീക്ഷണം നടത്തിയത്. കനാലിന്റെ മൂന്ന് ഷട്ടറുകളും 30 സെന്റീ മീറ്റർ ഉയർത്തിയാണ് വെള്ളം ഒഴുക്കിയത്. ജലസേചന വിഭാഗം ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ച ശേഷമാണ് ഷട്ടർ തുറന്നത്.
രാവിലെ 11.30 തോടെ കനാലിന്റെ ആദ്യ ഷട്ടർ ഉയർത്തി പദ്ധതിയിൽ നിന്നും വെള്ളം കനാൽ വഴി ഒഴുക്കി. വര്ഷങ്ങളായി വെള്ളമൊഴുകാത്തതു കാരണം കനാലിന്റെ പല ഭാഗങ്ങളിലും ചോർച്ചയും കാടുമൂടികിടക്കുന്ന അവസ്ഥയുമായിരുന്നു. ഇതെല്ലാം പരിഹരിച്ച ശേഷമായിരുന്നു പരീക്ഷണം. രണ്ട് മണിയോടെ കീച്ചേരി കുര്യാക്കോസ് പാലത്തിന് സമീപം ലക്ഷ്യസ്ഥാനത്ത് വെള്ളം എത്തിയതോടെ പരീക്ഷണം വിജയിച്ചതായി കണ്ടെത്തി. രണ്ട് വർഷം കൊണ്ട് മാഹിവരെ വരുന്ന 46 കിലോമീറ്റർ മെയിൻ കനാൽ വഴി വെള്ളം എത്തിക്കാനുള്ള പദ്ധതിക്കാണ് പഴശ്ശി ജല സേചന വിഭാഗം രൂപ രേഖ തെയ്യാറാക്കിയിരിക്കുന്നത്.
ജില്ലയിലെ 11525 ഹെക്ടർ വരുന്ന കൃഷിയിടങ്ങളെ കാർഷിക സമൃദ്ധിയിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ നാല് പതിറ്റാണ്ട് മുൻപാണ് പഴശ്ശി പദ്ധതി ആരംഭിക്കുന്നത്. 1979 ൽ അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായിയാണ് പദ്ധതി ഭാഗികമായി ഉദ്‌ഘാടനം ചെയ്തത്. പഴശ്ശിയിൽ നിന്നും മാഹിവരെ നീളുന്ന 46. 26 കിലോമീറ്റർ പ്രധാന കനാൽ അടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന 413 .123 കിലോമീറ്റർ വരുന്ന കനാൽ ശൃംഖലകളാണ് ഈ പദ്ധതിക്കുള്ളത്. വേനൽക്കാലങ്ങളിൽ ജലലഭ്യത കുറയുന്നതുമൂലം കൃഷിചെയ്യാനാവാതെ കിടക്കുന്ന ജില്ലയിലെ ഇത്തരം കൃഷിയിടങ്ങളിൽ രണ്ടും മൂന്നും വിളകൾ ഇറക്കി കാർഷിക സമൃദ്ധിയിലേക്കു കൊണ്ടുവരിക എന്ന തായിരുന്നു ലക്‌ഷ്യം. എന്നാൽ അറ്റകുറ്റപ്പണികളും മറ്റും നടത്താതെ തുരുമ്പെടുത്ത ഷട്ടറുകളിലെ ചോർച്ച പദ്ധതിയിൽ ജലം ശേഖരിക്കുന്നതിന് തടസ്സമായി. വേനൽക്കാലങ്ങളിൽ പദ്ധതിയിൽ ജലലഭ്യത ഇല്ലാതായതോടെ ഈ സ്വപ്നത്തിനു തിരിച്ചടി നേരിട്ടു. 2008 ൽ ആയിരുന്നു കനാലിലൂടെ അവസാനമായി ജലമൊഴുക്കിയത്. ജലസേചന പദ്ധതി ലക്‌ഷ്യം വെച്ച് തുടങ്ങിയ പഴശ്ശി ഒടുവിൽ ജില്ലയിലെ കുടിവെള്ള പദ്ധതിയായി മാറി.
2012ൽ ഷട്ടർ തുറക്കാൻ കഴിയാഞ്ഞതുമൂലം ഉണ്ടായ പ്രളയത്തിൽ മെയിൻ കനാലിന്റെ പല ഭാഗങ്ങളും കുത്തിയൊഴുകിപോയി. ആറുകോടി മുടക്കി കനാലിന്റെ തകർന്ന ഭാഗങ്ങൾ പുനർനിർമ്മിച്ചു. പദ്ധതിയുടെ ചേർച്ചയുള്ള 16 ഷട്ടറുകൾ മാറ്റി പുതിയ സ്ഥാപിച്ചതോടെ പദ്ധതിയിലെ റിസർവോയർ ലെവർ 26.52 മീറ്റർ നിർനിർത്താൻ കഴിയുന്നതാണ് ഇപ്പോൾ പ്രതീക്ഷ നൽകുന്നത്. സംഭരണിയിൽ 23.8 മീറ്റർ വെളളം നിലനിർത്താൻ കഴിഞ്ഞാൽ കനാൽ വഴി വെള്ളം എല്ലാ സമയവും ഒഴുക്കി വിടാൻ കഴിയും. മെയിൻ കനാൽ വഴി വെളളം എത്തിക്കാൻ കഴിഞ്ഞാൽ കൈക്കാനാലുകൾ വഴി കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കാൻ കഴിയും എന്നാണ് പ്രതീക്ഷ .
ജലസേചന വിഭാഗം സുപ്രണ്ടിംങ്ങ് എഞ്ചിനീയർ എസ്.കെ. രമേശൻ, പഴശ്ശി ജലസേചന വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ പി.എൻ. രവീന്ദ്രൻ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ.സന്തോഷ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സി.ഡി. ബാബു എന്നിവർ പരീക്ഷണ ജലമൊഴുക്കലിന് നേതൃത്വം നൽകി.