കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിൽ വീണ്ടും പരിശോധന ശക്തമാക്കി പോലീസ്. വിവാഹത്തിനും മറ്റ് പരിപാടികൾക്കും നിശ്ചയിച്ച ആളുകളിൽ കൂടുതൽ പങ്കെടുത്താൽ ഇനി പിടിവീഴും. ജില്ലയിലെ പല ഭാഗങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പോലീസിന്റെ ഈ നടപടി. പോലീസിനെ അറിയിക്കാതെ പരിപാടികൾ നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാനൊരുങ്ങുകയാണ് പോലീസ്. ടിപിആർ നിരക്ക് 30 തിന് മുകളിലുളള പ്രദേശങ്ങളിൽ വിവാഹമോ മറ്റ് പൊതുപരിപാടികളോ നടന്നാൽ പോലീസിന്റെ ജാഗ്രതാ പോർട്ടലിൽ അറിയിക്കണം. നിശ്ചയിച്ച എണ്ണത്തിൽ കൂടുതൽ ആളുണ്ടോയെന്ന് നോക്കാൻ പോലീസും എത്തും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ പിഴയീടാക്കുകയും കേസെടുക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം മുതലാണ് പോലീസ് വീണ്ടും പരിശോധന ശക്തമാക്കിയത്. കോവിഡിന്റെ ഒന്നും രണ്ടും തരംഗം രൂക്ഷമായ സാഹചര്യത്തിൽ പോലീസ് ഇത്തരത്തിലുള്ള പരിശോധന ശക്തമാക്കിയിരുന്നു.