27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കശുവണ്ടി വ്യവസായം; ആധുനീകരണത്തിന് മാസ്റ്റര്‍ പ്‌ളാന്‍ വരുന്നു
Kerala

കശുവണ്ടി വ്യവസായം; ആധുനീകരണത്തിന് മാസ്റ്റര്‍ പ്‌ളാന്‍ വരുന്നു

തൊഴില്‍ സംരക്ഷണം ഉറപ്പു വരുത്തി കശുവണ്ടി വ്യവസായം ആധുനികവല്‍ക്കരിക്കുന്നതിനും വൈവിധ്യവല്‍ക്കരിക്കുന്നതിനും മാസ്റ്റര്‍ പ്‌ളാന്‍ തയ്യാറാക്കാന്‍ വ്യവസായ മന്ത്രി പി രാജീവ്, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ പങ്കെടുത്ത ഉന്നതതല യോഗം തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യവസായത്തെ ശക്തിപ്പെടുത്താന്‍ ആവശ്യമായ സാമ്പത്തിക ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകും. കശുവണ്ടി മേഖലയിലെ പ്രശ്‌നങ്ങളും സാധ്യതകളും ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചു ചേര്‍ത്ത വ്യവസായി സംഘടനകളുടേയും തൊഴിലാളി സംഘടനകളുടേയും യോഗത്തിലാണ് തീരുമാനം.

കശുവണ്ടി കോര്‍പ്പറേഷന്‍, കാപ്പക്‌സ് എന്നിവയുടെ പ്രവര്‍ത്തനം വിലയിരുത്താനായി വ്യവസായ മന്ത്രി പി രാജീവ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ എന്നിവര്‍ പങ്കെടുത്ത അവലോകന യോഗവും ചേര്‍ന്നു. തോട്ടണ്ടിയുടെ വില വര്‍ദ്ധനവും ഇറക്കുമതി ചുങ്കവും കശുവണ്ടി വ്യവസായത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഉല്‍പ്പാദന ചെലവ് ഇരട്ടിയിലധികമാണ്. ആധുനികവല്‍ക്കരണം നടപ്പിലാക്കാത്തതാണ് ഇതിനു പ്രധാന കാരണം. മാര്‍ക്കറ്റിങ്ങിലും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ കാര്യത്തിലും ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്.
ഇതെല്ലാം പരിഹരിക്കുന്നതിനായിരിക്കും മാസ്റ്റര്‍ പ്ലാനില്‍ പ്രധാന പരിഗണന നല്‍കുക. പ്രൊഫഷണല്‍ ഏജന്‍സികളുടെ സഹായവും ഇതിനായി തേടും. കശുവണ്ടി കോര്‍പ്പറേഷന്റേയും കാപ്പക്‌സിന്റേയും മേല്‍നോട്ട ചുമതല റിയാബിന് നല്‍കും. രണ്ടു സ്ഥാപനങ്ങളുടെ കീഴിലുള്ള ഫാക്ടറികളിലും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഒരു ദിവസം പോലും തൊഴില്‍ നഷ്ടപ്പെട്ടില്ലെന്ന് ചെയര്‍മാന്‍മാര്‍ അറിയിച്ചു. കുറഞ്ഞ വിലക്ക് ഗുണമേന്മയുള്ള കശുവണ്ടി അന്താരാഷ്ട്ര കമ്പോളത്തില്‍ ലഭിക്കുന്ന അവസരത്തില്‍ അത് വാങ്ങാന്‍ ശ്രമിക്കണമെന്ന് കാഷ്യു ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി.

സര്‍ക്കാരിന്റെ കൂടി സാന്നിധ്യത്തിലുണ്ടാക്കിയ ഒറ്റ തവണ തീര്‍പ്പാക്കലിലെ വ്യവസ്ഥകള്‍ ചില ബാങ്കുകള്‍ നടപ്പിലാക്കുന്നില്ലെന്ന പരാതി വ്യവസായികള്‍ ഉന്നയിച്ചു. ഇക്കാര്യത്തില്‍ ഇടപ്പെടാമെന്ന് മന്ത്രിമാര്‍ ഉറപ്പു നല്‍കി. സംസ്ഥാനത്തെ ചെറുകിട കശുവണ്ടി വ്യവസായങ്ങള്‍ക്ക് പ്രതികൂലമാകുന്ന വിധത്തില്‍ ബാങ്കുകളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നടപടികള്‍ ലഘൂകരിക്കാന്‍ ശ്രമിക്കും. സ്വകാര്യ കശുവണ്ടി വ്യവസായത്തിന് കൈത്താങ്ങായി പുതിയ പുനരുദ്ധാരണ പാക്കേജ് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 10 കോടി രൂപ വരെയുള്ള വായ്പകളുടെ പലിശ എഴുതിത്തള്ളാനും രണ്ട് കോടി വരെയുള്ള വായ്പകള്‍ക്ക് 50 ശതമാനം നല്‍കിയും രണ്ട് കോടി മുതല്‍ 10 കോടി വരെയുള്ള വായ്പകള്‍ക്ക് 60 ശതമാനം വരെ നല്‍കിയും വണ്‍ ടൈം സെറ്റില്‍മെന്റ് നല്‍കാനും പാക്കേജ് പ്രകാരം സഹായം നല്‍കുന്നുണ്ട്.

കാഷ്യൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, കാപ്പെക്‌സ് ചെയര്‍മാന്‍ ജി ശിവശങ്കരപ്പിള്ള, തൊഴിലാളി സംഘടനാ നേതാക്കളായ കെ രാജഗോപാല്‍, ബി തുളസീധരക്കുറുപ്പ്, അഡ്വ ശ്രീകുമാര്‍, എ എ അസീസ്, ബി സുജീന്ദ്രന്‍, ജി ലാലു, കോകേത്ത് ഭാസ്‌കരന്‍, ശൂരനാട് ശ്രീകുമാര്‍, സജി ഡി ആനന്ദ്, വ്യവസായ സംഘടനാ പ്രതിനിധികളായ ഭൂതേഷ്, സുന്ദരന്‍, അനസ്, അസ്‌ക്കര്‍ ഖാന്‍ മുസ്‌ല്യാര്‍, ലൂസിയസ് മിറാന്‍ഡ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

40 ലക്ഷത്തിന്റെ എംഡിഎംഎയുമായി കണ്ണൂരില്‍ യുവാവ് പിടിയില്‍

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 9470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചാ​ൽ സമ്മാനം

Aswathi Kottiyoor
WordPress Image Lightbox