24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • കമന്റ് ബോക്‌സുകള്‍ നിറഞ്ഞ് ‘എന്റെ ജില്ല’ ആപ്പ്
kannur

കമന്റ് ബോക്‌സുകള്‍ നിറഞ്ഞ് ‘എന്റെ ജില്ല’ ആപ്പ്

”സെവന്‍സ്റ്റാര്‍ ഗ്രേഡിങ് സംവിധാനമുണ്ടെങ്കില്‍ കൂത്തുപറമ്പ് വില്ലേജ് ഓഫീസര്‍ സജിത്തിന് അത് മുഴുവനും നല്‍കിയേനെ” ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് എത്ര നല്ല ജന സേവകനായി മാറാമെന്നതിന് കണ്ണൂര്‍ സ്വദേശിനി അനിമ മാറോളി ചൂണ്ടിക്കാട്ടുന്നത് കൂത്തുപറമ്പ് വില്ലേജ് ഓഫീസര്‍ സജിത്തിനെയും ഇവിടുത്തെ ഓഫീസര്‍മാരെയുമാണ്. ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനുള്ള എന്റെ ജില്ല ആപ്പിലാണ് അനിമയുടെ തുറന്നെഴുത്ത്. ചുവപ്പു നാടയില്‍ കുരുക്കാതെ ഫയലുകളെ എളുപ്പം സ്വതന്ത്രമാക്കുന്ന എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പ്രചോദനമാവുകയാണ് അനിമയുടെ കമന്റ്. കാര്യക്ഷമായി സൗഹാര്‍ദ്ദപൂര്‍വം ഇടപെടുന്ന ഓഫീസുകള്‍ക്കുള്ള അഭിനന്ദനങ്ങള്‍ കൊണ്ട് നിറയുകയാണ് എന്റെ ജില്ല ആപ്പിന്റെ കമന്റ് ബോക്‌സ്.
ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഇടപെടുന്ന വില്ലേജ് ഓഫീസുകളെ കുറിച്ച് തന്നെയാണ് കൂടുതല്‍ അഭിപ്രായങ്ങളും വന്നിരിക്കുന്നത്. ഓഫീസുകള്‍ മാത്രമല്ല, ജീവനക്കാരും സ്മാര്‍ട്ടാണെന്ന് ഈ കമന്റുകള്‍ പറയുന്നു.
സ്ഥലവുമായ് ബന്ധപ്പെട്ട കാര്യത്തിന് പട്ടുവം വില്ലേജ് ഓഫീസിനെ സമീപിച്ചപ്പോള്‍ വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിച്ചെന്ന് കണ്ണൂരിലെ ഡോ. ആനന്ദ് കുറിച്ചു. താന്‍ കണ്ടതില്‍ വച്ച് ‘സൂപ്പര്‍ ഫാസ്റ്റ് ഓഫീസറാ’ണ് ഇരിട്ടി സബ് രജിസ്ട്രാര്‍ ദിലീപ് എന്നാണ് കെ ജി ജിതിന്റെ അഭിപ്രായം. ജില്ലാ കലക്ടറുടെ ഓഫീസിനെ പറ്റിയും മികച്ച അഭിപ്രായങ്ങളാണ് വരുന്നത്.
ആര്‍ ടി ഓഫീസുകളുടെ പ്രവര്‍ത്തന മികവിനെ പറ്റിയുള്ള അഭിപ്രായങ്ങളും ഏറെയാണ്. ലൈസന്‍സ് പുതുക്കല്‍ വേഗത്തില്‍ പൂര്‍ത്തിയായതിന്റെ സന്തോഷം ബംഗളൂരുവില്‍ താമസമാക്കിയ പ്രനീത് പങ്കുവെച്ചു. കൂടാതെ തന്റെ അമ്മയുടെ പേരിലുള്ള ഒസ്യത്തിന്റെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സബ് രജിസ്ട്രാര്‍ ഓഫീസിലെ ഓഫീസര്‍ പ്രത്യേകമിടപെട്ട് ശരിയാക്കി എന്ന് മറ്റൊരാള്‍..
കമന്റുകള്‍ കൊണ്ട് നിറയുകയാണ് എന്റെ ജില്ല ആപ്പ്. ഗ്രാമ പഞ്ചായത്ത്, ആശുപത്രി, ആര്‍ ടി ഓഫീസ് തുടങ്ങി ജില്ലയിലെ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സേവനങ്ങളെ ജനങ്ങള്‍ കൃത്യമായി വിലയിരുത്തുകയാണിവിടെ.
സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഊര്‍ജിതമാക്കാനും ഭരണനിര്‍വഹണം മെച്ചപ്പെടുത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചതാണ് എന്റെ ജില്ല മൊബൈല്‍ ആപ്ലിക്കേഷന്‍. സര്‍ക്കാരിന്റെ സേവനങ്ങള്‍ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതിന് ഇതിലൂടെ സാധിക്കും. ആപ്ലിക്കേഷന്‍ ജനം ഏറ്റെടുത്തതിന്റെ തെളിവാണ് തുടരെ തുടരെ കമന്റ് ബോക്‌സിലെത്തുന്നത്. ഒപ്പം സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്കൊപ്പമാണെന്ന സന്ദേശവും ഈ പോസീറ്റിവ് കമന്റുകള്‍ സൂചിപ്പിക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളെക്കുറിച്ചുമുള്ള സമഗ്ര വിവരങ്ങള്‍ എന്റെ ജില്ല ആപ്പില്‍ ലഭിക്കും. ഓരോ ജില്ലയിലെയും പ്രധാനപ്പെട്ട ഓഫീസുകളുടെ പ്രവര്‍ത്തനം പൊതു ജനങ്ങള്‍ക്ക് നേരിട്ട് വിലയിരുത്താം. ഓഫീസുകളിലേക്ക് വിളിക്കാനും, ഇ മെയില്‍ അയക്കാനും സാധിക്കും. ഓഫീസുകള്‍ സന്ദര്‍ശിച്ച ശേഷം അവയുടെ സേവനങ്ങള്‍ റേറ്റ് ചെയ്ത് ഗ്രേഡിംഗ് നടത്താമെന്നതാണ് ആപ്ലിക്കേഷന്റെ പ്രധാന പ്രത്യേകത. ജനസൗഹൃദ സേവനം ഉറപ്പ് വരുത്തുന്നതിനും കൂടുതല്‍ മികച്ച സേവനങ്ങള്‍ ജനങ്ങളിലെത്തുന്നതിനും ഇത് സഹായകരമാകുമെന്നതില്‍ തര്‍ക്കമില്ല.

Related posts

പെരുമാറ്റച്ചട്ടം; ക​ണ്ടെത്തിയത്​ ആറായിരത്തിലേറെ നിയമലംഘനങ്ങള്‍

Aswathi Kottiyoor

ആദ്യദിനം വാക്‌സിൻ സ്വീകരിച്ചത്‌ 1613 കൗമാരക്കാർ

Aswathi Kottiyoor

‘ഹ​രി​ത​പാ​ത രാ​ജ​പാ​ത’തു​ട​ങ്ങി

Aswathi Kottiyoor
WordPress Image Lightbox