33.9 C
Iritty, IN
November 21, 2024
  • Home
  • Sports
  • ടെന്നിസ് താരം സാനിയ മിർസ വിരമിക്കുന്നു; ഇത് അവസാന സീസണെന്ന് പ്രഖ്യാപനം
Sports

ടെന്നിസ് താരം സാനിയ മിർസ വിരമിക്കുന്നു; ഇത് അവസാന സീസണെന്ന് പ്രഖ്യാപനം


സിഡ്നി∙ ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിതാ ടെന്നിസ് താരമായ സാനിയ മിർസ വിരമിക്കാനൊരുങ്ങുന്നു. സാനിയ തന്നെയാണ് ഇക്കാര്യം പരസ്യമാക്കിയത്. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ വനിതാ വിഭാഗം ഡബിൾസിന്റെ ആദ്യ റൗണ്ടിൽത്തന്നെ തോറ്റു പുറത്തായതിനു പിന്നാലെയാണ് ഇത് തന്റെ അവസാന സീസണായിരിക്കുമെന്ന് സാനിയ സ്ഥിരീകരിച്ചത്. ഓസ്ട്രേലിയൻ ഓപ്പണിൽ ഇനി മിക്സഡ് ഡബിൾസിൽ രാജീവ് റാമിനൊപ്പം സാനിയ മത്സരിക്കുന്നുണ്ട്. ഇത് സാനിയയുടെ അവസാന സീസണായിരിക്കുമെന്ന് പിതാവ് ഇമ്രാൻ മിർസ ‘ഇഎസ്പിഎന്നി’നോട് സ്ഥിരീകരിച്ചു.ഇത് എന്റെ അവസാന സീസണായിരിക്കുമെന്ന് ഞാൻ തീരുമാനിച്ചുകഴിഞ്ഞു. ആഴ്ചതോറും പ്രകടനം വിലയിരുത്തി മുന്നോട്ടു പോകാനാണ് ശ്രമം. ഈ സീസൺ മുഴുവൻ കളിക്കാനാകുമോ എന്ന് എനിക്ക് ഉറപ്പില്ല. കളിക്കണം എന്നാണ് ആഗ്രഹം’ – മത്സരശേഷം സാനിയ വ്യക്തമാക്കി.

‘ഇത്തരത്തിലൊരു തീരുമാനത്തിലെത്താൻ ചില കാരണങ്ങളുണ്ട്. ഇനി കളിക്കുന്നില്ലെന്ന് ഒറ്റയടിക്ക് തീരുമാനിച്ചതല്ല. പരുക്കേറ്റാൽ ഭേദമാകാൻ ഇപ്പോൾ കൂടുതൽ സമയം എടുക്കുന്നുണ്ട്. മാത്രമല്ല, മത്സരങ്ങളിൽ പങ്കെടുക്കാൻ ഒട്ടേറെ യാത്ര ചെയ്യുമ്പോൾ മൂന്നു വയസ്സുള്ള മകനെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാണത്. അത് ഗൗനിക്കാതിരിക്കാനാകില്ല. എന്റെ ശരീരവും പഴയതുപോലെയല്ല. ഇന്ന് കളിക്കുമ്പോൾത്തന്നെ മുട്ടിനു നല്ല വേദനയുണ്ടായിരുന്നു. ഇന്ന് തോറ്റതിനു കാരണം അതാണെന്നല്ല പറയുന്നത്. പക്ഷേ, പ്രായം കൂടുന്തോറും പരുക്കു ഭേദമാകാൻ കൂടുതൽ സമയമെടുക്കുന്നുണ്ട്’ – സാനിയ പറഞ്ഞു.

സിംഗിൾസിൽനിന്ന് സാനിയ 2013ൽത്തന്നെ വിരമിച്ചിരുന്നു. 2003ൽ സീനിയർ വിഭാഗത്തിൽ അരങ്ങേറിയ സാനിയ 10 വർഷത്തോളം നീണ്ട സിംഗിൾസ് കരിയറിൽ മാർട്ടിന ഹിൻജിസ്, വിക്ടോറിയ അസാരങ്ക, സ്വെറ്റ്‌ലാന കുസ്നെറ്റ്സോവ, ദിനാര സഫീന തുടങ്ങിയ വമ്പൻ താരങ്ങളെ തോൽപ്പിച്ചിട്ടുണ്ട്. പിന്നീട് ഡബിൾസിൽ ശ്രദ്ധ കേന്ദ്രീകരിച്ച സാനിയ സ്വിസ് താരം മാർട്ടിന ഹിൻജിസിനൊപ്പം 2015ൽ യുഎസ് ഓപ്പൺ, വിമ്പിൾഡൻ കിരീടങ്ങൾ ചൂടി. 2016ൽ ഓസ്ട്രേലിയൻ ഓപ്പണും നേടി. ഇതിനു പുറമേ മൂന്നു തവണ മിക്സഡ് ഡബിൾസിലും ഗ്രാൻസ്‍ലാം കിരീടം ചൂടി.

ഇത്തവണ യുക്രെയ്ൻ താരം നാദിയ കിചെനോക്കിനൊപ്പമാണ് സാനിയ ഓസ്ട്രേലിയൻ ഓപ്പണിൽ വനിതാ വിഭാഗം ഡബിൾസിൽ മത്സരിച്ചത്. ടൂർണമെന്റിൽ 12–ാം സീഡായിരുന്നെങ്കിലും ആദ്യ റൗണ്ടിൽത്തന്നെ ഇരുവരും തോറ്റു പുറത്തായി. സ്ലൊവേനിയൻ സഖ്യമായ കാജ യുവാൻ – ടമാര സിദാൻസേക് എന്നിവരാണ് ആദ്യ റൗണ്ടിൽത്തന്നെ സാനിയ സഖ്യത്തെ തോൽപ്പിച്ചത്. 4-6, 6-7 (5) എന്ന സ്കോറിലായിരുന്നു സ്ലൊവേനിയൻ സഖ്യത്തിന്റെ വിജയം.

വനിതാ ഡബിൾസിൽ മുൻ ലോക ഒന്നാം നമ്പർ താരം കൂടിയാണ് മുപ്പത്തഞ്ചുകാരിയായ സാനിയ. സിംഗിൾസിൽ 27–ാം റാങ്കിലെത്തിയതാണ് ഏറ്റവും മികച്ച നേട്ടം. നിലവിൽ 68–ാം റാങ്കിലാണ് സാനിയ.

ഗ്രാൻസ്‍ലാം കിരീടം ചൂടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം കൂടിയാണ് സാനിയ. ഗ്രാൻസ്‌ലാം ടൂർണമെന്റുകൾക്കു പുറമേ ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും കിരീടം ചൂടിയിട്ടുണ്ട്. സ്വിറ്റ്സർലൻഡ് താരം മാർട്ടിന ഹിൻജിസിനൊപ്പം 2016ൽ ഓസ്ട്രേലിയൻ ഓപ്പണിലാണ് ഏറ്റവുമൊടുവിൽ ഗ്രാൻസ്‍ലാം കിരീടം ചൂടിയത്. ഡബിൾസിൽ സാനിയ ഏറ്റവും കൂടുതൽ നേട്ടങ്ങളുണ്ടാക്കിയത് ഹിൻജിസിനൊപ്പമായിരുന്നു.പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിന്റെ ഭാര്യയായ സാനിയ, ഏതാനും വർഷങ്ങളായി കളത്തിൽ പഴയതുപോലെ സജീവമല്ല. 2018ൽ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് കളത്തിൽനിന്ന് വിട്ടുനിന്നെങ്കിലും പിന്നീട് തിരിച്ചെത്തി. തുടർന്ന് കോവി‍ഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും വിട്ടുനിന്നു. 2021 സെപ്റ്റംബറിലാണ് കരിയറിലെ അവസാന കിരീടം ചൂടിയത്. അന്ന് ഒസ്ട്രാവ ഓപ്പണിൽ ഷുവായ് ഷാങ്ങിനൊപ്പം നേടിയ കിരീടം സാനിയയുടെ കരിയറിലെ 43–ാം ഡബിൾസ് കിരീടമാണ്.

Related posts

അപർണയ്ക്ക് ഹെപ്റ്റയിലും 100 മീറ്റർ ഹർഡിൽസിലും രണ്ടാംസ്ഥാനം അഖിലേന്ത്യാ അന്തർ സർവകലാശാല അത്‌ലറ്റിക്‌ മീറ്റിൽ അപർണയ്‌ക്ക്‌ ഇരട്ട വെള്ളി, റിലേയിൽ എംജി

Aswathi Kottiyoor

സൗജന്യ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ്

Aswathi Kottiyoor

സ്‌പോർട്‌സ് കൗൺസിലിൽ ഡെപ്യൂട്ടേഷൻ

admin
WordPress Image Lightbox