തിരുവനന്തപുരം: കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നുണ്ടെങ്കിലും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ക്കുള്ള പുതുക്കിയ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും. മുന്‍കരുതലിന്റെ ഭാഗമെന്ന നിലയ്ക്കാണ് ഒമ്പതാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് തല്‍ക്കാലം വീട്ടിലിരുന്ന് പഠിക്കാനുള്ള സൗകര്യം ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളുകളില്‍ കോവിഡ് വ്യാപനം രൂക്ഷമല്ലെന്ന് മന്ത്രി പറഞ്ഞു. എങ്കിലും ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസ്സുകള്‍ക്ക് ഓഫ്ലൈന്‍ ക്ലാസുകള്‍ രണ്ടാഴ്ചത്തേക്ക് നിര്‍ത്തി വെക്കുന്നത് മുന്‍കരുതല്‍ എന്ന നിലയിലാണ്. കുട്ടികളുടെ സുരക്ഷയാണ് സര്‍ക്കാറിന് പ്രധാനം. ഡിജിറ്റല്‍ – ഓണ്‍ലൈന്‍ ക്ലാസുകളുടെ സമയക്രമം പുന:ക്രമീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എസ് എസ് എല്‍ സി സിലബസ് ഫെബ്രുവരി ആദ്യവാരവും പ്ലസ് ടു സിലബസ് ഫെബ്രുവരി അവസാന വാരവും പൂര്‍ത്തിയാക്കും വിധം ഡിജിറ്റല്‍ – ഓണ്‍ലൈന്‍ ക്ലാസുകള്‍ ക്രമീകരിക്കും. ഫോകസ് ഏരിയ നിശ്ചയിച്ചു നല്‍കിക്കഴിഞ്ഞു. 35 ലക്ഷത്തോളം കുട്ടികളാണ് രണ്ടാഴ്ചത്തേക്ക് വീടുകളില്‍ ഇരുന്ന് ക്ലാസ്സുകള്‍ അറ്റന്‍ഡ് ചെയ്യുക.
തിങ്കളാഴ്ച വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ചേരും. പുതുക്കിയ മാര്‍ഗ്ഗരേഖ യോഗത്തിന് ശേഷം പുറത്തിറക്കും. സ്‌കൂളില്‍ വരുന്ന 10,11,12 ക്ളാസുകളിലെ കുട്ടികള്‍ക്ക് പ്രത്യേക ആരോഗ്യ സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്തും. ഓണ്‍ലൈന്‍ ക്ലാസുകള്‍ രണ്ടാഴ്ചയ്ക്കുശേഷവും തുടരണോയെന്നത് ഫെബ്രുവരി രണ്ടാംവാരം പരിശോധിക്കും.
എത്രയും പെട്ടെന്ന് കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാനാണ് ശ്രമം. ആരോഗ്യ വകുപ്പുമായി സഹകരിച്ച് സ്‌കൂളുകളില്‍ വാക്സിന്‍ നല്‍കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. വാക്സിനേഷന്‍ കണക്കുകള്‍ സ്‌കൂള്‍ തലത്തില്‍ തന്നെ അപ്ഡേറ്റ് ചെയ്യാന്‍ കൈറ്റ് – വിക്ടര്‍സ് പുതിയ പോര്‍ട്ടല്‍ ആരംഭിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.