സിൽവർലൈൻ പദ്ധതിക്ക് കണ്ണൂർ ജില്ലയിൽ സ്ഥലം ഏറ്റെടുക്കുന്നതിനു മുന്നോടിയായി സാമൂഹികാഘാത പഠനം നടത്താൻ സർക്കാർ വിജ്ഞാപനം ഇറക്കി. 100 ദിവസത്തിനകം പഠനം പൂർത്തിയാക്കാനാണ് നിർദേശിച്ചിരിക്കുന്നത്. കല്ലിടൽ പൂർത്തിയായ സ്ഥലങ്ങളിലാണ് പഠനം നടത്തുക.106.2005 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ജില്ലയിൽ കണ്ടെത്തിയിരിക്കുന്നത്. കണ്ണൂർ, പയ്യന്നൂർ, തലശേരി താലൂക്കുകളിലും 19 വില്ലേജുകളിലുമാണ് ഭൂമി ഏറ്റെടുക്കുന്നത്. 9 വില്ലേജുകളിൽ കല്ലിടൽ പൂർത്തിയായി. ആകെ 61.7 കിലോ മീറ്റര്‍ ദൂരത്തിലാണ് ജില്ലയിലെ പാത. കല്ലിടല്‍ പൂര്‍ത്തിയായത് 26.8 കിലോമീറ്ററിൽ.
പദ്ധതി ബാധിക്കുന്ന കുടുംബങ്ങളുടെ എണ്ണം, മാറ്റിപ്പാര്‍പ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം, ഭൂമിയുടെ അളവ്, സര്‍ക്കാര്‍ ഭൂമി എത്ര, സ്വകാര്യ ഭൂമി എത്ര, വീടുകള്‍, കോളനികള്‍, മറ്റു പൊതു ഇടങ്ങള്‍ എത്ര തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും. ഏറ്റെടുക്കുന്ന ഭൂമി കൃത്യമായും നിര്‍ദിഷ്ട പദ്ധതിക്ക് ആവശ്യമായതാണോ, പദ്ധതി എത്രത്തോളം സാമൂഹികാഘാതം ഉണ്ടാക്കും, അത് പരിഹരിക്കാനുള്ള ചെലവ് എത്ര തുടങ്ങിയ കാര്യങ്ങളും പഠനത്തിന്റെ ഭാഗമാണ്.
കല്ലിടൽ പൂര്‍ത്തിയായ വില്ലേജുകള്‍: ചെറുകുന്ന്, ചിറക്കല്‍, കണ്ണപുരം, പാപ്പിനിശ്ശേരി, വളപട്ടണം, ഏഴോം, കുഞ്ഞിമംഗലം, മാടായി, പയ്യന്നൂര്‍.