കണ്ണൂർ: വാഹനവുമായി വിവിധ ആവശ്യങ്ങൾക്ക് കണ്ണൂർ നഗരത്തിലെത്തുന്നവരുടെ ദുരിതം തുടങ്ങിയിട്ട് കാലമൊരുപാടായി. സാധനം വാങ്ങാനും ഓഫിസുകളിലേക്കുമെത്തുന്ന വാഹനങ്ങൾ റോഡിൽതന്നെ നിർത്തിയിടുന്നതും ട്രാഫിക് പൊലീസിന്റെ നടപടിയുമെല്ലാം സ്ഥിരസംഭവമാണ്. നഗരത്തിലെ ഗതാഗതക്കുരുക്കിനും പാർക്കിങ്ങിനും പരിഹാരം കാണാനായി നിർമാണം തുടങ്ങിയ മൾട്ടി സ്റ്റോറേജ് മെക്കാനിക്കൽ ലെവൽ പാർക്കിങ് സമുച്ചയത്തിെൻറ പ്രവൃത്തിനിലച്ചമട്ടാണ്.
അമൃത് പദ്ധതിയുടെ ഭാഗമായി 11 കോടി രൂപ ചെലവിൽ സ്റ്റേഡിയം കോർണറിലെ സ്വാതന്ത്ര്യ സമര സ്തൂപത്തിന് സമീപവും പ്രഭാത് ജങ്ഷനിലെ പീതാംബര പാർക്കിലുമാണ് അത്യാധുനിക പാർക്കിങ് സമുച്ചയം നിർമിക്കുന്നത്. ആറുമാസത്തിനുള്ളിൽ പണി പൂർത്തിയാകുമെന്നാണ് കോർപറേഷൻ അറിയിച്ചത്. എന്നാൽ, കോവിഡ് വ്യാപനവും കനത്തകാലവർഷവും പ്രവൃത്തി മെല്ലെയാക്കി. സാങ്കേതിക പ്രവൃത്തി സംബന്ധിച്ച രേഖകൾ ലഭിക്കാത്തതാണ് പാർക്കിങ് സമുച്ചയത്തിെൻറ പണി നിന്നുപോകാൻ കാരണമായത്. സ്വാതന്ത്ര്യസമര സ്തൂപത്തിന് സമീപത്തെ മണ്ണും മാലിന്യവും നീക്കിയാണ് പാർക്കിങ് കേന്ദ്രത്തിനായുള്ള ഫൗണ്ടേഷൻ പണി തുടങ്ങിയത്. പീതാംബര പാർക്കിലെ ട്രാൻസ്ഫോർമറും തട്ടുകടകളും കഴിഞ്ഞവർഷം നീക്കിയിരുന്നു. പുണെ ആസ്ഥാനമായ അഡി സോഫ്റ്റ് ടെക്നോളജീസിെൻറ മേൽനോട്ടത്തിലാണ് സമുച്ചയത്തിെൻറ നിർമാണം. സ്വാതന്ത്ര്യ സമര സ്തൂപത്തിന് സമീപം അഞ്ചുനിലകളിലായി 124 കാറുകൾ നിർത്തിയിടാം. പീതാംബര പാർക്കിൽ 36 കാറുകൾ നിർത്തിയിടാനാവും.
നഗരത്തിലെ പാർക്കിങ് പ്രശ്നത്തിന് പരിഹാരം കാണാൻ തെക്കിബസാർ, താളികാവ്, യോഗശാല, ആറാട്ട് റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ പേ പാർക്കിങ് സംവിധാനം ഒരുക്കിയെങ്കിലും പലതും പ്രവർത്തിക്കുന്നില്ല. പേ പാർക്കിങ് കേന്ദ്രങ്ങൾക്ക് പുറത്ത് വാഹനങ്ങൾ നിർത്തിയിടുന്നതും സ്ഥിരമാണ്. പൊലീസിെൻറ സഹകരണമുണ്ടെങ്കിൽ മാത്രമേ പേ പാർക്കിങ് സംവിധാനം വിജയകരമായി നടപ്പാക്കാനാവൂ എന്ന നിലപാടിലാണ് കോർപറേഷൻ. പുറത്തുനിർത്തുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നും കോർപറേഷൻ ആവശ്യപ്പെട്ടു. നഗരത്തിൽ തിരക്കേറിയ റോഡിന് ഇരുവശത്തും നോ പാർക്കിങ് ബോർഡുകളുണ്ടെങ്കിലും അവയെ നോക്കുകുത്തിയാക്കിയാണ് പലപ്പോഴും വാഹനങ്ങളുടെ കിടപ്പ്. ഗതാഗത നിയമങ്ങൾ സംബന്ധിച്ച് നഗരത്തിൽ സിറ്റി പൊലീസ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.