കൊട്ടിയൂർ: മാവോവാദി കബനീദളം വിഭാഗം നേതാവ് സാവിത്രി എന്ന രജിതയെ (33) അമ്പായത്തോട്, രാമച്ചി എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പേരാവൂർ ഡിവൈഎസ്പി എ.വി.ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്.
അമ്പായത്തോട്ടിൽ രണ്ടാമത് നടത്തിയ സായുധ പ്രകടനം, രാമച്ചിയിൽ രണ്ടുതവണ വീടുകയറിയ സംഭവം തുടങ്ങിയ കേസുകളിലാണ് സാവിത്രിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് അമ്പായത്തോട്ടിൽ എത്തിച്ചത്. അമ്പായത്തോട്ടിലെ താഴെ പാൽച്ചുരം റോഡിലായിരുന്നു ആദ്യം തെളിവെടുപ്പ് നടത്തിയത്. സായുധ പ്രകടനത്തിനായി സാവിത്രിയടങ്ങുന്ന മാവോയിസ്റ്റ് സംഘം വന്ന വഴി, പോസ്റ്റർ പതിച്ച സ്ഥലങ്ങൾ, സായുധ പ്രകടനം നടത്തിയ ടൗൺ എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുത്തു.
സാവിത്രിയെ വാഹനത്തിൽനിന്ന് പുറത്തിറക്കാതെയായിരുന്നു തെളിവെടുപ്പ്. അമ്പായത്തോട്ടിൽ സായുധ പ്രകടനം നടത്തി
യ സംഘത്തിൽ സാവിത്രിയെ കണ്ട പ്രദേശവാസിയെ വിളിച്ചുവരുത്തിയും തെളിവെടുത്തു.
തുടർന്ന് രാമച്ചിയിലെ രണ്ട് വീടുകളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. വൻ പോലീസ് സംഘത്തിന്റെ സുരക്ഷയോടെയായിരുന്നു തെളിവെടുപ്പ്. ജനുവരി ഒന്നുവരെയാണ് സാവിത്രിയിലെ കോടതി പേരാവൂർ പോലീസിന്റെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.