കണ്ണൂര്‍: കണ്ണൂർ അഗ്നിരക്ഷാസേനയുടെ ഓഫീസിലെത്തിയാൽ വരവേൽക്കുന്നത് പുസ്തകങ്ങളുടെ ശേഖരമാണ്. തീർന്നില്ല, അകത്തളത്തിൽ മീന്‍വളര്‍ത്തല്‍ കേന്ദ്രവും കെട്ടിടത്തിന്റെ ടെറസില്‍ പച്ചക്കറി കൃഷിയുമുണ്ട്. വായനയെയും അതുപോലെ കൃഷിയെയും പ്രോത്സാഹിപ്പിച്ച് വൈവിധ്യവത്കരണത്തിന്റെ പാതയിലാണ് കണ്ണൂരിലെ അഗ്നിരക്ഷാനിലയം. ജില്ലാ ആശുപത്രി റോഡില്‍ സ്ഥിതിചെയ്യുന്ന ഓഫീസ് കെട്ടിടത്തിന്റെ റിസപ്ഷനില്‍ 1500 പുസ്തകങ്ങളോടെ ലൈബ്രറി ഒരുങ്ങിക്കഴിഞ്ഞു. സംസ്ഥാനത്തെ അഗ്നിരക്ഷാനിലയങ്ങളെല്ലാം വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് കണ്ണൂരിലെ ഓഫീസിലും ഇത്തരം കാര്യങ്ങൾ ഒരുക്കിയത്.
വായനശാല ഉഷാർ
എല്ലാ അഗ്നിരക്ഷാസേന ഓഫീസിലും ചെറിയ ലൈബ്രറിയെങ്കിലും തുടങ്ങണമെന്ന് സംസ്ഥാന ആസ്ഥാനത്തുനിന്ന് ഒരുവര്‍ഷം മുന്‍പ് നിര്‍ദേശമുണ്ടായിരുന്നു. ജോലി കഴിഞ്ഞു വരുന്നവര്‍ ബൂട്ടും യൂണിഫോമും മറ്റും ഇട്ടിരുന്ന സ്ഥലം പിന്നീട് ലൈബ്രറിയാക്കാന് തീരുമാനിക്കുകയായിരുന്നു. സ്റ്റേഷന് ഓഫീസര്‍ കെ.വി. ലക്ഷ്മണന്റെ മേല്‍നോട്ടത്തില്‍ പിന്നീട് റാക്കുകളും അലമാരയും ഒരുക്കി. നേരത്തെ നണിയൂര്‍ നമ്പ്രം പൊതുജന വായനശാല ആന്‍ഡ് ഗ്രന്ഥാലയം സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച അസി.സ്റ്റേഷന് ഓഫീസര്‍ എ.കുഞ്ഞിക്കണ്ണന് ലൈബ്രറിയുടെ രൂപരേഖ തയാറാക്കുകയും ചെയ്തിരുന്നു. ജീവനക്കാര്‍ ചേര്‍ന്ന് രൂപീകരിച്ച ക്ലബിന്റെ നേതൃത്വത്തില്‍ പുസ്തകശേഖരണത്തിനിറങ്ങിയതോടെ നിരവധി പുസ്തകങ്ങള്‍ ലഭിച്ചു. സുഹൃത്തുക്കളെയും പ്രസാധകരെയും സമീപിച്ചപ്പോള്‍ അനുകൂല പ്രതികരണമായിരുന്നു. ക്ലബിന്റെ നേതൃത്വത്തില്‍ ചെറിയ പണപ്പിരിവ് നടത്തിയും പുസ്തകങ്ങള്‍ വാങ്ങി. അങ്ങനെയാണ് ഇന്നു കാണുന്ന തരത്തിലുള്ള പുസ്തകശേഖരം ലൈബ്രറിയിലെത്തിയത്.
കവിത, നോവല്‍, ജീവചരിത്രം, ബാലസാഹിത്യം തുടങ്ങിയ വിഭാഗങ്ങളായി തിരിച്ച് അടുക്കും ചിട്ടയോടെയുമാണ് ലൈബ്രറി. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരത്തിനായി അപേക്ഷ നല്‍കിയിട്ടുമുണ്ട്. സ്റ്റേഷന് ജീവനക്കാരും തൊട്ടടുത്ത ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കുടുംബാംഗങ്ങളുമാണ് ലൈബ്രറി അംഗങ്ങള്‍. ജീവനക്കാര്‍ക്കുപുറമേ പതിവായി പത്തോളം കുട്ടികളും ഇവിടെനിന്ന് പുസ്തകം എടുക്കാറുണ്ട്.
കഴിഞ്ഞ സെപ്റ്റംബര്‍ 20ന് ഓഫീസ് സന്ദര്‍ശിച്ച സംസ്ഥാന മേധാവിയും എഴുത്തുകാരിയുമായ ബി.സന്ധ്യ നിലയത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാലയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്ന് സന്ദര്‍ശകപുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്. ഇതിനുപുറമേ ജനമൈത്രി പോലീസിനെക്കുറിച്ച് എഡിറ്റ് ചെയ്ത പുസ്തകം അവര്‍ സംഭാവന ചെയ്യുകയും ചെയ്തു.
പച്ചക്കറികൃഷിയും മീൻ വളർത്തലും
കൃഷിവകുപ്പിന്റെ പ്രോത്സാഹനത്തോടെയാണ് മട്ടുപ്പാവില്‍ പച്ചക്കറി കൃഷി ചെയ്യുന്നത്. രണ്ടാംഘട്ടത്തിൽ ഇരുന്നൂറോളം ഗ്രോ ബാഗുകളില്‍ മണല്‍ നിറച്ച് വിത്തിടാനായി ഒരുക്കിക്കഴിഞ്ഞു. ആദ്യവര്‍ഷം വെണ്ടയും തക്കാളിയും വഴുതനയും കൃഷി ചെയ്തെങ്കിലും പ്രതീക്ഷിച്ച ലാഭമുണ്ടാക്കാനായില്ല. എങ്കിലും വീണ്ടും മികച്ച രീതിയില്‍ കൃഷിയിറക്കാന്‍ തന്നെയാണ് തീരുമാനം. ഓഫീസിന്റെ താഴത്തെ നിലയില്‍ വെറുതെ കിടന്ന സ്ഥലത്താണ് പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് ടാങ്കുണ്ടാക്കിയിരിക്കുന്നത്. വെള്ളം നിറച്ച് മത്സ്യക്കുഞ്ഞുങ്ങളെ ഇടാന്‍ സജ്ജമാക്കിയിരിക്കുകയാണ്. നേരത്തെ ഇവിടെ വളര്‍ത്തിയെടുത്ത മത്സ്യത്തിന് ഉദ്ദേശിച്ച തൂക്കം വന്നില്ലെങ്കിലും അറുന്നുറോളം എണ്ണം വളര്ന്നുകിട്ടി. പുതിയ കുഞ്ഞുങ്ങളെ ഉടന്‍ ഇതില്‍ നിക്ഷേപിക്കുമെന്നാണ് അധികൃതർ പറയുന്നത്.