27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • വായിൽ കപ്പലോടും… രുചിയേറും കേക്കുകളുമായി ക്രിസ്മസ്-പുതുവത്സര വിപണി.
kannur

വായിൽ കപ്പലോടും… രുചിയേറും കേക്കുകളുമായി ക്രിസ്മസ്-പുതുവത്സര വിപണി.

കണ്ണൂർ: പ്രധാന ആഘോഷങ്ങൾക്ക് കേക്ക് വാങ്ങാനായി ബേക്കറികൾക്ക് മുന്നിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയുണ്ടായിരുന്നു കുറച്ചുകാലം മുൻപുവരെ മലയാളികൾക്ക്. ദിവസങ്ങൾക്ക് മുൻപേ ‘ബുക്ക്’ ചെയ്യുന്ന കേക്ക് സ്വന്തമാക്കാനുള്ള പെടാപ്പാട്.

വമ്പൻ ബേക്കറികളിൽനിന്ന്‌ ലഭിക്കുന്ന ‌‌‌കേക്കുകളെ വെല്ലുന്ന കേക്കുകൾ നാട്ടിൻപുറങ്ങളിലെ വീടുകളിൽവരെ കിട്ടാൻ തുടങ്ങിയതോടെ നാട്ടിൽനിന്ന്‌ നഗരങ്ങളിൽ കേക്ക് വാങ്ങാനെത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായി. എന്നാലും നഗരങ്ങളിലെ ബേക്കറികൾക്കു മുന്നിൽ സീസണിൽ ഇപ്പോഴും വലിയ തിരക്കാണ്. ഇഷ്ടപ്പെട്ട രുചിയിലും രൂപത്തിലുമുള്ള കേക്കുകൾ വാങ്ങാനുള്ള തിരക്കിലാണ് എല്ലാവരും. കോവിഡുണ്ടാക്കിയ പ്രതിസന്ധിയെ അതിജീവിച്ച് ആഘോഷങ്ങൾക്ക് വീണ്ടും തിളക്കമേറിയതോടെ സജീവമാകുകയാണ് ക്രിസ്മസ്-പുതുവത്സര കേക്ക് വിപണി.

മലായി കേക്ക്, നട്ടിബട്ടി, കാഷ്യു മലായി, ഫഡ്‌ജ് നട്ട് തുടങ്ങിയ കേക്കുകളാണ് ഇത്തവണ വിപണിയിലെ പുതുമക്കാർ. ഡ്രൈഫ്രൂട്‌സാണ് മലായി കേക്കുകളുടെ പ്രധാന ചേരുവ. മലായി കേക്കിന് കിലോയ്ക്ക് 900 രൂപയും കാഷ്യു മലായിക്ക് 1100 രൂപയുമാണ് ഈടാക്കുന്നത്. കിലോയ്ക്ക് 1800 രൂപ മുതൽ തുടങ്ങുന്ന ഫ്രഞ്ച് ഐറ്റംസും 1200 രൂപ മുതൽ വിലയുള്ള പീനട്ട് കാരവനും വിപണിയിലെ ആകർഷക ഇനങ്ങളാണ്.

ബട്ടർ ക്രീം, ഫ്രഷ് ക്രീം എന്നിവയിലാണ് കേക്കുകൾ ഉത്‌പാദിപ്പിക്കുന്നത്. വനില, ചോക്ലേറ്റ്, ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ് മാങ്കോ ഫോറസ്റ്റ്, സ്ട്രോബറി, പിസ്ത കേക്കുകളാണ് ബട്ടർ ക്രീമിൽ നിർമിക്കുന്നത്. ബെൽജിയം ചോക്ലേറ്റ്, പൈനാപ്പിൾ, മിൽക്കി അറീന തുടങ്ങിയ കേക്കുകളാണ് ഫ്രഷ് ക്രീമിൽ നിർമിക്കുന്നവയിൽ ഏറെയും.

വ്യത്യസ്ത രുചികളിലും രൂപത്തിലമുള്ള കേക്കുകൾ വിപണിയിലുണ്ടെങ്കിലും കൂടുതൽ പേർക്കും പ്രിയം പ്ലം കേക്കുകളോടാണ്. സാധാരണക്കാരന് താങ്ങാവുന്ന വിലയാണ് ഈ കേക്കിനെ ആകർഷകമാക്കുന്നത്. സാധാരണ പ്ലം കേക്കുകൾക്ക് കിലോയ്ക്ക് 300 രൂപയും റിച്ച് പ്ലം കേക്കുകൾക്ക് 500 രൂപയുമാണ് നൽകേണ്ടത്. ക്രിസ്മസ് സീസണിയിൽ പ്ലം കേക്കുകളാണ് ചെലവാകുന്നതിൽ ഏറെയുമെന്ന് കണ്ണൂരിലെ ‘ബേക്ക് ആൻഡ് ജോയി’ ബേക്കറി അധികൃതർ പറയുന്നു.

വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ജില്ലയിൽ കേക്ക് നിർമാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ലഭിക്കുന്ന ഓർഡറിന് അനുസൃതമായി കേക്ക് നിർമിച്ചുനൽകുന്നതാണ് ഇവരുടെ രീതി. കൂടാളി സി.ഡി.എസ്. പരിധിയിലെ പട്ടാന്നൂർ ഹെവൻസ് ബേക്ക് ആൻഡ് കേക്ക്, കൂരാരി ദിയാസ് ബേക്ക് ആൻഡ് കേക്ക്, മൂലക്കരി ഫാൽക്കൺ കേക്ക്‌സ്, പാണലാട് ബേക്ക് ആൻഡ് കേക്ക്, കൊട്ടിയൂർ സി.ഡി.എസ്. പരിധിയിലെ സ്വീറ്റ് സ്പോട്ട്, പെരിങ്ങോം-വയക്കരയിലെ ഹോം മെയ്‌ഡ് സിസ്റ്റേഴ്‌സ് കേക്കറി എന്നിവ ജില്ലയിലെ പ്രധാന യൂണിറ്റുകളാണ്.

നിയമങ്ങൾ കർശനമായി പാലിക്കണം

:ബേക്കറികളാലായും വീടുകളിലായാലും കേക്ക് ഉൾപ്പെടെയുള്ള ബേക്കറി ഉത്‌പന്നങ്ങൾ നിർമിക്കുന്നവർ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ രജിസ്ട്രേഷൻ എടുത്തിരിക്കണം. നിറവും രുചിയും നൽകാൻ രാസവസ്തുക്കൾ ചേർക്കാൻ പാടില്ല. വൃത്തിഹീനമായ ചുറ്റുപാടിൽ ഉത്‌പാദനം പാടില്ല. പാക്കിങ് ലേബലിൽ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കണം. ഭക്ഷ്യസുരക്ഷാനിയമം അനുശാസിക്കുന്ന അളവിൽ മാത്രമേ കളറും മറ്റും ചേർക്കാൻ പാടുള്ളൂ. നിയമങ്ങൾ കർശനമായി പാലിക്കാത്തവരുടെ പേരിൽ നടപടിയുണ്ടാകും.

Related posts

ഇന്ന് കണ്ണൂർ ജില്ലയില്‍ 782 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി

Aswathi Kottiyoor

കണ്ണൂർ ജില്ലയിൽ തിങ്കളാഴ്ച 145 കൂടി പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയി……………

Aswathi Kottiyoor

പാൽച്ചുരത്തിൽ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം

Aswathi Kottiyoor
WordPress Image Lightbox