കണ്ണൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ബസ് ഉടമ സംഘടനകളുടെ സംയുക്ത സമരസമിതി 21 മുതൽ ബസ് സർവീസുകൾ നിർത്തിവയ്ക്കും. വിദ്യാർഥികൾ ഉൾപ്പെടെ ബസ് ചാർജ് വർധിപ്പിക്കുക, ഡിസംബർ 31 വരെ അടയ്ക്കേണ്ട റോഡ് ടാക്സ് ഒഴിവാക്കുക, 140 കിലോമീറ്ററിലധികം സർവീസ് നടത്തുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസ് സമരം. ഉന്നയിച്ച ആവശ്യങ്ങൾ ഇക്കഴിഞ്ഞ നവംബർ 18 നകം പരിഹാരമുണ്ടാക്കിത്തരും എന്ന സർക്കാർ നൽകിയ ഉറപ്പിനെ തുടർന്നാണ് നവംബർ ഒൻപതുമുതൽ നടത്താൻ തീരുമാനിച്ച അനിശ്ചിതകാല ബസ് സമരം മാറ്റിവച്ചത്. ഒരുമാസം കഴിഞ്ഞിട്ടും സർക്കാർ നൽകിയ ഉറപ്പ് പാലിക്കാത്തതിനെ തുടർന്നാണ് ബസ് സർവീസ് നിർത്തിവയ്ക്കാൻ സംയുക്ത സമരസമിതി തീരുമാനിച്ചിരിക്കുന്നത്. കണ്ണൂർ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് പി.കെ. പവിത്രൻ അധ്യക്ഷത വഹിച്ചു. പി. അജിത്, സി. മോഹനൻ, എസ്. അഷ്റഫ്, എം.കെ. അസീൽ, കെ.വി. മോഹനൻ, കെ.സി. സോമനാഥൻ, പി.വി. വിജയൻ, ബി. സലീം എന്നിവർ പ്രസംഗിച്ചു.