കണ്ണൂർ: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കുക, ബാങ്കിംഗ് നിയമ ഭേദഗതി ബിൽ പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് നേതൃത്വത്തിൽ നടത്തുന്ന അഖിലേന്ത്യാ ദ്വിദിന ബാങ്ക് പണിമുടക്ക് ജില്ലയിൽ പൂർണം. പണിമുടക്കിയ ജീവനക്കാരും ഓഫീസർമാരും ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ധർണയും പ്രതിഷേധ പ്രകടനവും നടത്തി.
തളിപ്പറമ്പിൽ നടന്ന പ്രകടനത്തിൽ സി.വി. കൃഷ്ണകുമാർ, ബാബു, പി. രാജേഷ്, പി.എം.ശ്രീരാഗ്, രജില, രമ്യ ,പ്രേമ, അലക്സ് മണ്ണൂർ എന്നിവർ നേതൃത്വം നൽകി. പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്ന് കണ്ണൂർ ഫോർട്ട് റോഡിലെ ഇ-സിൻഡിക്കേറ്റ് ബാങ്കിന് മുന്നിൽ നിന്ന ആരംഭിക്കുന്ന പൊതുമേഖലാ സംരക്ഷണ മനുഷ്യ മഹാശൃംഖല തീർക്കുമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് കണ്ണൂർ ജില്ലാ കമ്മിറ്റി അറിയിച്ചു.