ഇരിട്ടി: മാക്കൂട്ടത്ത് കേരളത്തിന്റെ അധീനതയിലുള്ള പുഴ പുറമ്പോക്ക് ഭൂമിയിൽ കഴിയുന്ന മലയാളി കുടുംബങ്ങളെ അതിർത്തി തർക്കം ഉന്നയിച്ച് കുടിയിറക്കാനുള്ള കർണാടക വനംവകുപ്പിന്റെ നടപടിക്കെതിരേ കേരള റവന്യൂ വകുപ്പ് നടപടികൾ ശക്തമാക്കി. അതിർത്തിയിൽ സംയുക്ത സർവേയ്ക്ക് കർണാടകയെ പ്രേരിപ്പിക്കുന്നതിനായി ഇരിട്ടി താലൂക്ക് സർവേവിഭാഗം പരിശോധന പൂർത്തിയാക്കി.
അതിർത്തിതർക്കമായതിനാൽ സംസ്ഥാന പുനഃസംഘടനാസമയത്ത് ഇരു സംസ്ഥാനങ്ങളും അംഗീകരിച്ചു സ്ഥാപിച്ച സർവേക്കല്ലുകളും മറ്റും കണ്ടെത്തുന്നതിനായാണ് പരിശോധന നടത്തിയത്. ബാരാപോൾ പദ്ധതിയുമായി ബന്ധപ്പെട്ട് അതിർത്തി തർക്കമുണ്ടായപ്പോൾ സർവേ വിഭാഗവും വനം വകുപ്പും ചേർന്ന് കർണാടകയുടെ ബ്രഹ്മഗിരി മലനിര ഉൾപ്പെടുന്ന അതിർത്തി മുതൽ കൂട്ടുപുഴ പേരട്ട വരെയുള്ള ഭാഗങ്ങളിൽ സർവേ നടത്തിയിരുന്നു. അന്ന് ചില ഭാഗങ്ങളിൽ കൈയേറ്റം കണ്ടെത്തിയിരുന്നു. അന്നു കണ്ടെത്തിയ അതിർത്തിനിർണയ അടയാളങ്ങൾ ഉണ്ടോയെന്ന് അറിയാൻവേണ്ടിയാണ് ഇന്നലെ വീണ്ടും പരിശോധന നടത്തിയത്.
സർവേ ഡെപ്യൂട്ടി ഡയറക്ടർ സ്വപ്ന മേലൂർക്കാടന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനാറിപ്പോർട്ട് ജില്ലാകളക്ടർ മുഖേന റവന്യൂ മന്ത്രിക്ക് കൈമാറും. സംയുക്ത സർവേയ്ക്ക് കർണാടകയെ പ്രേരിപ്പിക്കുന്നതിനായി മന്ത്രിതലത്തിൽ തീരുമാനമുണ്ടാക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിശോധന. മാക്കൂട്ടം വനമേഖലയോടു ചേർന്ന് കൂട്ടപുഴ പാലത്തിന് സമീപം കേരളത്തിന്റെ അധീനതയിലുള്ള ബാരാപോൾ പുഴയോരത്ത് പുഴ പുറമ്പോക്ക് ഭൂമിയിൽ കഴിയുന്ന കുടുംബങ്ങളെയാണ് കുടിയിറക്കാൻ നീക്കം നടക്കുന്നത്. ആറു വർഷത്തിലധികമായി പായം പഞ്ചായത്തിൽ വീട്ടുനികുതിയടച്ച് റേഷൻ കാർഡ് കൈവശം വച്ച് ജീവിക്കുന്ന കുടുംബങ്ങളെയാണ് കുടിയിറക്കാൻ നീക്കമുള്ളത്. ആദ്യം മാക്കൂട്ടം ചെക്ക് പോസ്റ്റിന് സമീപത്ത് വർഷങ്ങളായി കച്ചവടം നടത്തുന്ന സഹീർ എന്നയാളെ ഒഴിപ്പിക്കാനാണ് കർണാടക വനംവകുപ്പ് കത്തു നൽകിയത്. ഇതിനു പിന്നാലെയാണ് പ്രദേശത്തെ താമസക്കാർക്കും ഒഴിഞ്ഞുപോകാൻ നോട്ടീസ് നൽകിയത്. വീട്ടുകാരാരും നോട്ടീസ് കൈപ്പറ്റിയിട്ടില്ല. രണ്ടാമതും നോട്ടീസ് നൽകിയതോടെയാണ് റവന്യൂ വിഭാഗവും രാഷ്ട്രീയനേതൃത്വങ്ങളും ഉണർന്നത്.
സംസ്ഥാന പുനഃസംഘടനാസമയത്ത് സ്ഥാപിച്ച അതിരുകൾ അംഗീകരിക്കുന്നില്ലെന്നും പുഴയാണ് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിരെന്നുമുള്ള നിലയിലാണ് കർണാടക വനംവകുപ്പ്. പുഴ അതിർത്തിയായി സ്ഥാപിക്കുന്നതിലൂടെ ബാരാപോൾ പുഴയോരത്തെ ഏക്കർകണക്കിന് സ്ഥലമാണ് അവർ പിടിച്ചെടുക്കാൻ നോക്കുന്നത്. ഇതിനെ ചെറുക്കാനുള്ള നടപടിയുണ്ടാക്കണമെന്ന് കഴിഞ്ഞദിവസം നടന്ന ഇരിട്ടി താലൂക്ക് വികസനസമിതി യോഗത്തിലും ആവശ്യം ഉയർന്നിരുന്നു. ഇരിട്ടി തഹസിൽദാർ സി.വി. പ്രകാശൻ, അയ്യൻകുന്ന് വില്ലേജ് ഓഫീസർ മനോജ്കുമാർ, തളിപ്പറമ്പ് താലൂക്ക് റിസർവേ സൂപ്രണ്ട് കെ.ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അതിർത്തിയിൽ പരിശോധന നടത്തിയത്.