25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • കൊവിഡ് വാക്‌സിന്‍ രണ്ടാം ഡോസ്; വിമുഖത പാടില്ല
kannur

കൊവിഡ് വാക്‌സിന്‍ രണ്ടാം ഡോസ്; വിമുഖത പാടില്ല

കൊവിഡ് പ്രതിരോധത്തിനായുള്ള വാക്‌സിനേഷന്റെ രണ്ടാം ഡോസിനോട് വിമുഖത കാട്ടരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു. ജില്ലയില്‍ കൊവിഡ് വാക്‌സിനേഷന് അര്‍ഹതയുള്ളവരുടെ 99.7 ശതമാനവും ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചുവെങ്കിലും 62.7 ശതമാനവും മാത്രമാണ് രണ്ടാം ഡോസ് എടുത്തത്. 55365 പേരാണ് രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കേണ്ട ഇടവേളയുടെ പരിധി കഴിഞ്ഞിട്ടും വാക്‌സിന്‍ സ്വീകരിക്കാതെ മാറിനില്‍ക്കുന്നത്.
കൊറോണ വൈറസിനെതിരെ ശരീരത്തില്‍ ആന്റിബോഡി സൃഷ്ടിച്ച് പ്രതിരോധം ഉറപ്പു വരുത്തുകയാണ് വാക്‌സിനേഷനിലൂടെ ചെയ്യുന്നത്. ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ ആന്റിബോഡി ഉല്‍പാദനം പതിയെ ആരംഭിക്കുകയും ഉയര്‍ന്ന പ്രതിരോധ ശേഷിയിലേക്ക് ശരീരം എത്തുകയും ചെയ്യും. തുടര്‍ന്ന് ശരീരത്തിലെ ആന്റിബോഡി ലെവല്‍ താഴ്ന്നു വരികയും ചെയ്യും. ഇങ്ങനെ താഴ്ന്നു വരുന്ന സമയമാണ് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കേണ്ട സമയമായി ശാസ്ത്രീയമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇത്തരത്തില്‍ കൃത്യമായി വാക്‌സിന്‍ സ്വീകരിക്കുന്നതോടെ ശരീരത്തിലെ ആന്റിബോഡി നില ഉയരുകയും അത് ദീര്‍ഘകാലം നിലനില്‍ക്കുകയും ചെയ്യും. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് ശരീരത്തിലെ പ്രതിരോധ ശേഷി കുറയുകയും രോഗം പിടിപെടാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യും. ചില ആളുകള്‍ കാണിക്കുന്ന വിമുഖത ജില്ലയിലെ കൊവിഡ് വ്യാപന നിയന്ത്രണത്തില്‍ നേടിയിട്ടുള്ള നേട്ടം ഇല്ലാതാക്കും. രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ള കൊവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Related posts

കണ്ണൂർ ജില്ലയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ*

Aswathi Kottiyoor

ഇതാ പുതിയ ബാഴ്‌സലോണ: തിരിച്ചടികൾക്കും കലഹങ്ങൾക്കുംശേഷം ബാഴ്‌സ ഉയിർത്തെഴുന്നേറ്റു…………..

Aswathi Kottiyoor

ജി​ല്ല​യി​ല്‍ എ​ല്ലാ വ​കു​പ്പു​ക​ളി​ലും ഫ​യ​ല്‍ വ​ര്‍​ക്ക്‌​ഷോ​പ്പ്

Aswathi Kottiyoor
WordPress Image Lightbox