25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • ശുചിത്വ സുന്ദരമാകാൻ വിനോദസഞ്ചാര കേന്ദ്രങ്ങൾ
kannur

ശുചിത്വ സുന്ദരമാകാൻ വിനോദസഞ്ചാര കേന്ദ്രങ്ങൾ

കോവിഡ്‌ പശ്‌ചാത്തലത്തിലെ ഇടവേളയ്‌ക്കുശേഷം സഞ്ചാരികളെ വരവേൽക്കാൻ ജില്ലയിലെ വിനോദസഞ്ചാര മേഖല തയ്യാറെടുക്കുന്നു. അടച്ചിടലിന്റെ അപര്യാപ്‌തതകൾ മാറ്റി ശുചിത്വ സുന്ദരയിടങ്ങളാവാനൊരുങ്ങുകയാണ്‌ വിനോദസഞ്ചാര കേന്ദ്രങ്ങൾ. ഇതിനായി സീറോ വേസ്‌റ്റ്‌ ക്യാമ്പയിൻ നടത്താനാണ്‌ ഡിസ്‌ട്രിക്ട്‌ ടൂറിസം പ്രമോഷൻ കൗൺസിൽ തീരുമാനം. ഹരിത കേരളമിഷന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ്‌ ക്യാമ്പയിൻ സംഘടിപ്പിക്കുക.
കർമപദ്ധതി ഒരുങ്ങുന്നു
വിനോദസഞ്ചാര കേന്ദ്രങ്ങളെ മാലിന്യമുക്തമാക്കാനുള്ള വിപുലമായ പദ്ധതി സംബന്ധിച്ച്‌ കഴിഞ്ഞ ദിവസം കലക്ടർ എസ്‌ ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്‌ തീരുമാനിച്ചത്‌. എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും സീറോ വേസ്‌റ്റ്‌ ക്യാമ്പയിനിന്റെ മുഖ്യ ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങൾക്കാണ്‌. ഇതിനായി കർമപദ്ധതി തയ്യാറാക്കി ഈ മാസം പ്രവർത്തനം തുടങ്ങും.
ഒരോ കേന്ദ്രത്തിന്റെയും പ്രത്യേകതക്കനുസരിച്ചാണ്‌ കർമപദ്ധതി തയ്യാറാക്കുക. ആദ്യഘട്ടത്തിൽ ഉൾപ്പെടുന്ന കേന്ദ്രങ്ങളുടെ സവിശേഷതകൾ സംബന്ധിച്ച പവർ പോയിന്റ്‌ അവതരണവും യോഗത്തിൽ നടന്നു. തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും ഉദ്യോഗസ്ഥാരുടെയും നിർദേശങ്ങളും പരിഗണിച്ചാണ്‌ കർമ പദ്ധതി സംബന്ധിച്ച്‌ യോഗം ചർച്ച ചെയ്‌തത്‌. ഡിടിപിസി ക്ലീൻ ഡെസ്‌റ്റിനേഷൻ ക്യാമ്പയിൻ വളണ്ടിയർമാരും ഹരിതകർമ സേനയുമാണ്‌ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക.
ആദ്യം 15 കേന്ദ്രങ്ങളിൽ
ജില്ലയിൽ നാൽപ്പതോളം വിനോദസഞ്ചാര കേന്ദ്രങ്ങളാണുള്ളത്‌. കോവിഡ്‌ നിയന്ത്രണങ്ങളിൽ ഇളവ്‌ വന്നതിൽ പിന്നെ സഞ്ചാരികളുടെ വരവ്‌ കൂടിയെങ്കിലും ചില കേന്ദ്രങ്ങളിൽ ഇപ്പോഴും മാലിന്യ പ്രശ്‌നങ്ങളും സൗകര്യങ്ങളുടെ പരിമിതികളുമുണ്ട്‌. ശുചീകരണം തുടർച്ചയായ ക്യാമ്പയിനായി ഏറ്റെടുക്കാനാണ്‌ ഡിടിപിസി തീരുമാനിച്ചതെന്ന്‌ സെക്രട്ടറി കെ സി ശ്രീനിവാസൻ പറഞ്ഞു.
ആദ്യഘട്ടത്തിൽ 15 വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ്‌ ശുചീകരണം നടത്തുക. പയ്യാമ്പലം, മുഴപ്പിലങ്ങാട്‌, തലശേരി, ചാൽ, ചൂട്ടാട്‌ ബീച്ചുകൾ ആദ്യഘട്ടത്തിൽ ഉൾപ്പെടും. പാലക്കയംതട്ട്‌, വലയപ്ര, പയ്യന്നൂർ തണൽ, പടന്നക്കര പാർക്ക്‌, തലശേരി സീവ്യൂ പാർക്ക്‌, ഓവർബറീസ്‌ ഫോളി തുടങ്ങിയ കേന്ദ്രങ്ങളും ആദ്യഘട്ടത്തിൽ ഉൾപ്പെടും. കണ്ണൂർ നഗരത്തിലെ ടൗൺ സ്‌ക്വയർ, ഗസ്‌റ്റ്‌ ഹൗസ്‌ വാക്ക്‌വേ എന്നിവയും ശുചീകരിക്കും.

Related posts

നാളെ കണ്ണൂർ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു

Aswathi Kottiyoor

ഇ​ട​വ​കാ​ത​ല ഹെ​ൽ​പ് ഡെ​സ്കു​ക​ൾ ആ​രം​ഭി​ക്കും: തലശേരി അതിരൂപത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ

Aswathi Kottiyoor

ക​ണ്ണൂ​ർ സിറ്റിയുടെ ചരിത്രവും പൈതൃകശേഷിപ്പുകളും സംരക്ഷിക്കും –മന്ത്രി

Aswathi Kottiyoor
WordPress Image Lightbox