മുണ്ടയാംപറമ്പ് :ഒരു വർഷത്തെ ഇടവേളക്ക് ശേഷം മണ്ഡലകാലത്ത് വീണ്ടും സജീവമാകാനൊരുങ്ങുകയാണ് മുണ്ടയാംപറമ്പ് തറക്കുമീത്തൽ ഭഗവതി ക്ഷേത്രം. നവംബർ 16 വൃശ്ചിക സംക്രമ ദിവസം മുതൽ മണ്ഡല മഹോത്സവം വരെ 41 ദിവസവും നട തുറന്ന് പൂജ ഉണ്ടായിരിക്കുന്നതും ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതുമാണ്. മണ്ഡലകാലത്തെ വരവേൽക്കുന്നതിനായി വൃശ്ചികം ഒന്നാം തീയതിയായ നവംബർ 17ന് ഉത്സവ വരവേൽപ്പ് നടത്തുന്നതിന് ക്ഷേത്രകമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്. ക്ഷേത്രവും പരിസരവും പ്രദേശത്തെ ഭവനങ്ങളും മണ്ഡലകാലത്തെ വരവേൽക്കാൻ സായം സന്ധ്യയിൽ ദീപാലംകൃതമാക്കുന്നതാണ് ചടങ്ങ്. ഏതാനും വർഷങ്ങളായി വൃശ്ചികം 1 ന് ഉത്സവ വരവേൽപ്പ് നടത്തിവരാറുണ്ട്. മണ്ഡല കാലത്തെ എല്ലാ വെള്ളിയാഴ്ചകളിലും ക്ഷേത്ര കലകൾ അദ്ധ്യാത്മിക പ്രഭാഷണങ്ങൾ തുടങ്ങിയവ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.