ഇരിട്ടി: ആദിവാസി വിദ്യാർഥികളെ വിദ്യാലയത്തിലെത്തിച്ച് പഠനം ഉറപ്പാക്കുന്നതിനായി ആരംഭിച്ച ഗോത്ര സാരഥി പദ്ധതി അനിശ്ചിതത്വത്തിൽ. കോവിഡിന് മുന്പ് പട്ടിക വർഗ വികസന വകുപ്പ് തന്നെ പ്രത്യേകം ഫണ്ട് അനുവദിച്ച് ജില്ലാ പ്രോജക്ട് ഓഫീസ് മുഖേനയാണ് പദ്ധതി നടപ്പാക്കിയിരുന്നത്. എന്നാൽ വീണ്ടും പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചപ്പോൾ പഞ്ചായത്തുകൾ പദ്ധതി വിഹിതത്തിൽ നിന്ന് ഫണ്ട് ചെലവഴിച്ച് പദ്ധതി നടപ്പാക്കാൻ സർക്കാർ നിർദേശിച്ചതോടെയാണ് അനിശ്ചിതത്വം ഉയരുന്നത്.
പദ്ധതി പ്രകാരം മലയോര മേഖലയിലെ ആദിവാസി വിദ്യാർഥികളെ സ്കൂളിലെത്തിക്കാൻ ചെറു വാഹനങ്ങളെയായിരുന്നു ഉപയോഗപ്പെടുത്തിയിരുന്നത്. കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസി കുട്ടികൾ പഠിക്കുന്ന പഞ്ചായത്തായ ആറളം പഞ്ചായത്തിനാണ് ഫണ്ട് വിനിയോഗം വിനയായത്. സർക്കാർ അധിക ഫണ്ട് അനുവദിക്കാതെ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. ഇതോടെ സ്കൂൾ അധികൃതരും ആശങ്കയിലാണ്.
ആറളം പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ ഗോത്ര സാരഥി പദ്ധതി നടപ്പാക്കണമെങ്കിൽ രണ്ട് കോടിയിലേറെ രൂപ ആവശ്യമാണ്. ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിൽ ആദിവാസി വിദ്യാർത്ഥി കൾ മാത്രം പഠിക്കുന്ന ആറളം ഫാം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മാത്രം പ്രതിദിനം 85,000 രൂപയാണ് പദ്ധതിക്കായി വേണ്ടത്. 45 ചെറുവാഹനങ്ങളാണ് ഇവിടെ കുട്ടികൾക്കായി സർവീസ് നടത്തിയിരുന്നത്. ഇടവേലി, വെളിമാനം സ്കൂളുകളിലും സമാനമായ രീതിയിൽ വാഹനങ്ങൾ സർവീസ് നടത്തുന്നുണ്ട്. പട്ടികവർഗ വിദ്യാർഥികളെ സ്കൂളിൽ എത്തിക്കാനയി സ്കൂൾ അധികൃതർ നിയമാനുസൃതം വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ വിളിച്ച് പഞ്ചായത്തിന്റെ അനുമതിയോടെ വാഹനങ്ങൾ ഓടാൻ അനുമതി നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആറളം പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനികൾ സ്കൂളുകളിലത്തി സർവീസ് നിർത്തിവയ്ക്കേണ്ടിവരുമെന്ന് അറിയിച്ചത്. ഗോത്ര സാരഥി പദ്ധതിക്കായി പഞ്ചായത്തുകൾക്ക് അധിക ഫണ്ട് അനുവദിക്കുകയോ അല്ലങ്കിൽ മുന്പ് ചെയ്തത് പോലെ ഗോത്ര സാരഥി പദ്ധതി പട്ടിക വർഗ വികസന വകുപ്പ് ജില്ലാ ഓഫീസ് മുഖേനേ നടപ്പാക്കണമെന്നും ആറളം ഫാം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡന്റ് കെ. ബി.ഉത്തമൻ ആവശ്യപ്പെട്ടു.
previous post