ഇരിട്ടി : ആറളം വന്യജീവി സങ്കേതത്തിൽ നിന്നുമെത്തി ആറളം ഫാമിന്റെ വിവിധ മേഖലകളിൽ തമ്പടിച്ചുകിടക്കുന്ന കാട്ടാനക്കൂട്ടം ഫാമിനെ അനുദിനം ചവിട്ടി മെതിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം കാട്ടാനക്കൂട്ടം നശിപ്പിച്ചത് നിറയേ കായ്‌ഫലമുള്ള 47 വലിയ തെങ്ങുകളും 137 തെങ്ങിൻതൈകളും . ഗോഡൗണിന്റെ മുള്ളു വേലിയും ആനക്കൂട്ടം തകർത്തു.
ഫാമിന്റെ ഒന്ന്, എട്ട് ബ്ലോക്കുകളിലായി 47 വലിയ തെങ്ങുകളും ഈ വർഷം നട്ട 137 തെങ്ങിൻ തൈകളുമാണ് നശിപ്പിച്ചത് . കേരകൽപ്പ അടക്കമുള്ള ഇനത്തിലുള്ള തെങ്ങിൻ തൈകളാണ് നശിപ്പിക്കപ്പെട്ടവ. കൂടാതെ ഇരുപതോളം കമുങ്ങുകളും പത്ത് കശുമാവും കറിവേപ്പില തൈകളും നശിപ്പിച്ചു. പാലപ്പുഴ – കീഴ്പ്പള്ളി റോഡിനോട് ചേർന്ന ഗോഡൗണിന് സമീപം 16 ഓളം തെങ്ങുകളാണ് കുത്തി വീഴ്ത്തി നശിപ്പിക്കപ്പെട്ടത്. റോഡിന് കുറുകെ തെങ്ങ് വീണ് ഗതാഗതവും തടസപ്പെട്ടു.
കേന്ദ്ര ഫാമിംഗ് കോർപ്പറേഷന്റെ കീഴിലായിരുന്ന സമയത്താണ് ഇവിടെ പന്ത്രണ്ടായിരത്തിലേറെ തെങ്ങുകൾ വെച്ച് പിടിപ്പിക്കപ്പെട്ടത്. വിവിധ യിനങ്ങളിൽ പെട്ട അത്യുത്പാദന ശേഷിയുള്ള തെങ്ങുകൾ നിറയെ കായ്ച്ചുനിൽക്കുന്നത് അക്കാലത്ത് ഒരു മനോഹര കാഴ്ചയായിരുന്നു. ഫാമിന്റെ പ്രധാന വരുമാന സ്ത്രോതസ്സും തെങ്ങുകളായിരുന്നു. സംസ്ഥാനസർക്കാർ ഫാം ഏറ്റെടുത്തതോടെയാണ് കാര്യങ്ങൾ തകിടം മറിയുന്നത്. ഏഴായിരം ഏക്കറയോളം വരുന്ന ഫാമിന്റെ പകുതി ഭൂമി ആദിവാസി പുനരധിവാസ മേഖലയാക്കി മാറ്റി. ബാക്കി ഭാഗം കാർഷിക ഫാമാക്കിയും നില നിർത്തി. കാട്ടാനകൂട്ടങ്ങളും പന്നിക്കൂട്ടങ്ങളും , കുരങ്ങുകളും നിത്യ ശല്യക്കാരായി മാറിയതോടെ ഫാമിന്റെ ഗതി തന്നെ മാറി. ഇന്ന് അയ്യായിരത്തിനു ചുവടെ മാത്രമാണ് ഇവിടെ തെങ്ങുകൾ ശേഷിക്കുന്നത്. ഇതോടെ ഫാമിന്റെ വരുമാനവും കൂപ്പുകുത്തി.
ഇതിൽ നിന്നും ഫാമിനെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ വൈവിധ്യ വൽക്കരണത്തിലൂടെ നടന്നു കൊണ്ടിരിക്കുന്നത്. എന്നാൽ ഇവിടേക്കും കടന്നു കയറി ആനക്കൂട്ടങ്ങൾ കാര്ഷികവിളകളെല്ലാം ചവിട്ടി മെതിച്ച് കൊണ്ടിരിക്കുമ്പോൾ കാഴ്ചക്കാരായി മാറി നില്ക്കാൻ മാത്രമേ ഫാം അധികൃതർക്കാകുന്നുള്ളൂ. ഇടയ്ക്കിടെ ആനകളെ തെളിച്ച് കാടുകയറ്റുന്നുണ്ടെങ്കിലും ഇവ വീണ്ടും തകർന്നു കിടക്കുന്ന ആന മതിൽ വഴി ഫാമിലേക്ക് തിരികെ എത്തുകയാണ്.
22 കോടി ചിലവിൽ പുതുതായി ആന മതിൽ കെട്ടാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും ഇവ പ്രാവർത്തികമാക്കാൻ ഇനിയും സമയമെടുക്കും. ഇതിനു മുന്നേ തന്നെ ആനക്കൂട്ടങ്ങൾ എല്ലാം തകർക്കുമോ എന്ന ഭീതിയിലാണ് ഫാം അധികൃതർ. ആനകളുടെ വിളയാട്ടം ഇവിടെ പുനരധിവാസ മേഖലയിൽ താമസിക്കുന്നവരുടെയും ഫാമിലെ തൊഴിലാളികളുടെയും ജീവന് വൻ ഭീഷണിയാണ് തീർക്കുന്നത് . കഴിഞ്ഞ ദിവസം കള്ള് ചെത്ത് തൊഴിലാളികൾ കാട്ടാനയുടെ മുന്നിൽ പെട്ടിരുന്നു. ഇവരുടെ ബൈക്ക് കാട്ടാന തകർക്കുകയും ചെയ്തിരുന്നു.