കൂത്തുപറമ്പ്: സ്ഥിരമായി ആയിരത്തോളം രൂപയുടെ ലോട്ടറി ടിക്കറ്റുകൾ എടുക്കാറുണ്ടെന്നും ഇതു വരുത്തിവച്ച കടബാധ്യത തീർക്കാനാണ് ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയം വയ്ക്കേണ്ടി വരികയും വില്പന നടത്തേണ്ടതായും വന്നതെന്ന് പത്തായക്കുന്നിൽ ഒന്നര വയസുകാരിയായ മകളെ പുഴയിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതി ഷിജുവിന്റെ മൊഴി. കേസിൽ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനിടെയാണ് ഷിജു അന്വേഷണ സംഘത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഒരു ദിവസം ആയിരത്തോളം രൂപയുടെ ലോട്ടറി ടിക്കറ്റുകൾ എടുക്കും. മുമ്പ് ഒരു ലക്ഷം രൂപ ലോട്ടറി അടിച്ചിട്ടുണ്ട്. ഭാര്യയുടെ സ്വർണാഭരണങ്ങൾ വിൽക്കുകയും പണയപ്പെടുത്തുകയും ചെയ്തതോടെയാണ് ഭാര്യയുമായി അകൽച്ച ഉണ്ടായത്. ഇതാണ് ഭാര്യയെയും മകളെയും പുഴയിൽ തള്ളിയിടാൻ പ്രേരിപ്പിച്ചതെന്നും ഷിജു മൊഴി നൽകി. ഇയാളെ തലശേരിയിലെ ലോട്ടറി കടകളിലും മട്ടന്നൂരിലെ ക്ഷേത്രക്കുളത്തിനടുത്ത് എത്തിച്ചും തെളിവെടുത്തു.
തെളിവെടുപ്പ് പൂർത്തിയാക്കിയശേഷം ഷിജുവിനെ ഇന്ന് തലശേരി എസിജെഎം കോടതിയിൽ ഹാജരാക്കും. കതിരൂർ ഇൻസ്പെക്ടർ കെ.വി. മഹേഷിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തുന്നത്.