കണ്ണൂർ: നാളെ മുതല്‍ നവംബര്‍ ഒന്നു വരെയുള്ള വിജിലന്‍സ് വാരാഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി തപാല്‍ വകുപ്പ് വിവിധ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. സേവിംഗ്സ് ബാങ്ക് സേവനങ്ങള്‍ക്ക് എസ്എംഎസ് സൗകര്യം ലഭിക്കും.
ഇതിനായി എല്ലാ അക്കൗണ്ടുകളിലും മൊബൈല്‍ നമ്പര്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. പോസ്റ്റ് ഓഫീസ് എസ്ബി അക്കൗണ്ടുകളില്‍ ഇന്റര്‍നെറ്റ് / മൊബൈല്‍ ബാങ്കിംഗ് സേവനങ്ങളും തപാല്‍ വകുപ്പ് ഉറപ്പു വരുത്തുന്നുണ്ട്.
എല്ലാ വിഭാഗം അക്കൗണ്ടുകളുടെയും പാസ് ബുക്കുകള്‍ കൈവശം സൂക്ഷിക്കുകയും ഇടപാടുകള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം.
ആര്‍ഡി ഏജന്റ് വഴി പണമടക്കുന്നവര്‍ ഓരോ മാസത്തെയും നിക്ഷേപം പാസ് ബുക്കില്‍ വരവു വച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. സംശയാസ്പദമായ ഇടപാടുകളോ ബാലന്‍സില്‍ വ്യത്യാസമോ ശ്രദ്ധയില്‍പ്പെട്ടാല്‍ അതാത് സൂപ്രണ്ട് ഓഫീസുമായി ഉടന്‍ ബന്ധപ്പെടണമെന്നും എടിഎം സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും തപാല്‍ സൂപ്രണ്ട് അറിയിച്ചു.