ജീവിതം മുഴുവൻ ദൈവത്തിന് വിട്ടുകൊടുത്തവളാണ് വിശുദ്ധ അമ്മത്രേസ്യയെന്ന് കോഴിക്കോട് രൂപത ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ. മാഹി സെന്റ് തെരേസാസ് തീർഥാടനകേന്ദ്രത്തിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാൾ ആഘോഷത്തിന്റെ പ്രധാന ദിവസമായ ഇന്നലെ നടന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിച്ച് വചനസന്ദേശം നൽകുകയായിരുന്നു ബിഷപ്. ജീവിതത്തിൽ ദൈവത്തെ നേടിയാൽ നാം എല്ലാം നേടും. ദൈവത്തെ നേടിയില്ലെങ്കിൽ നമ്മൾ ഒന്നും നേടില്ല. വിശുദ്ധ അമ്മത്രേസ്യയുടെ പാത നമ്മളും പിന്തുടരണമെന്നും ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ പറഞ്ഞു. ഇന്നു രാവിലെ ഏഴിന് ദിവ്യബലി ഉണ്ടായിരിക്കും. വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിക്ക് ഫാ. ആന്റോ എസ്ജെ കാർമികത്വം വഹിക്കും.
തിരുനാൾ ജാഗരദിനമായിരുന്ന വ്യാഴാഴ്ച രാത്രി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വിശുദ്ധയുടെ തിരുസ്വരൂപം വഹിച്ചുള്ള നഗരപ്രദക്ഷിണം നടന്നു. വഴിനീളെ വിശ്വാസികൾ മെഴുകുതിരി തെളിച്ച് ഭക്തിയാദരവ് പ്രകടിപ്പിച്ചു. ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്ത് പ്രദക്ഷിണത്തിന് ക്ഷേത്രഭാരവാഹികൾ സ്വീകരണം നൽകി. വിവിധ വീഥികളിലൂടെ സഞ്ചരിച്ച് പ്രദക്ഷിണം രാത്രി 12 ന് ദേവാലത്തിൽ തിരിച്ചെത്തി. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ ഭക്തർക്ക് തിരുസ്വരൂപത്തിൽ പൂമാലകൾ ചാർത്തുവാൻ അനുവാദമില്ലായിരുന്നു.
ചടങ്ങുകൾക്ക് ഇടവക വികാരി ഫാ. വിൻസെന്റ് പുളിക്കൽ, അസി. വികാരി ഫാ.ജോസഫ്, പാരിഷ് കൗൺസിൽ സെക്രട്ടറി സജി സാമുവൽ, ആഘോഷകമ്മിറ്റി ഭാരവാഹികൾ, ഡീക്കൻമാരായ ആന്റണി ദാസ്, സ്റ്റീവെൻസൻ പോൾ എന്നിവർ നേതൃത്വം നൽകി. തിരുനാൾ ആഘോഷം 22ന് സമാപിക്കും.